🟣 സവിശേഷ ദുരന്തമായി പ്രഖ്യാപിച്ച മുണ്ടത്തിക്കോട് പടക്ക നിർമ്മാണ ശാലയിലുണ്ടായ ഉഗ്രസ്ഫോടനം നടന്ന സ്ഥലത്ത് സംസ്ഥാന പോലീസ് മേധാവി രവഡ ചന്ദ്രശേഖറും സംഘവും പരിശോധന നടത്തി. 🟣

സവിശേഷ ദുരന്തമായി പ്രഖ്യാപിച്ച മുണ്ടത്തിക്കോട് പടക്ക നിർമ്മാണ ശാലയിലുണ്ടായ ഉഗ്രസ്ഫോടനം നടന്ന സ്ഥലത്ത് സംസ്ഥാന പോലീസ് മേധാവി രവഡ ചന്ദ്രശേഖറും സംഘവും പരിശോധന നടത്തി. സിറ്റി പോലീസ് കമ്മീഷണർ ഉൾപ്പെടെയുള്ളവർ ഡിജിപിയോടൊപ്പം ഉണ്ടായിരുന്നു. 
11 പേർ ആശുപത്രിയിൽ ചികിത്സയിലുണ്ട് , അതിൽ അഞ്ച് പേർ ഗുരുതരാവസ്ഥയിലും , രണ്ട് പേർ വെൻ്റിലേറ്ററിലുമാണ്. സ്ഫോടനത്തിൽ നിരവധി വീടുകൾക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. 
ജനൽച്ചില്ലുകൾ തകർന്നിട്ടുണ്ട്. വാർപ്പ് കെട്ടിടങ്ങളുടെ ചുമരിൽ പോലും വിള്ളലുണ്ടായിട്ടുണ്ട്. പ്രകമ്പനം കൊള്ളിച്ച സ്ഫോടനമാണ് മുണ്ടത്തിക്കോട് നടന്നത്. ഇപ്പോഴും പരിസരവാസികൾ ഞെട്ടലിൽ നിന്നും മുക്തരായിട്ടില്ല. 
കൂടാതെ ബോംബ് സ്ക്വാഡ്, ഡോഗ് സ്‌ക്വാഡിൻ്റെ നേതൃത്വത്തിൽ കെഡാവർ നായ്ക്കൾ,  ഫൊറൻസിക് , ഫിങ്കർ പ്രിൻ്റ് വിഭാഗങ്ങൾ , റവന്യൂ , ദുരന്ത നിവാരണ സംഘങ്ങൾ എന്നിവരും ദുരന്ത ഭൂമി സന്ദർശിച്ച് സൂക്ഷ്മ പരിശോധന നടത്തി. ഒമ്പത് മൃതദേഹങ്ങൾ കിട്ടിയതിൽ ആറെണ്ണം തിരിച്ചറിഞ്ഞതായി ഡിജിപി അറിയിച്ചു.
ശരീരത്തിൻ്റെ വിവിധ ഭാഗങ്ങൾ കിട്ടിയത് ഡിഎൻഎ പരിശോധനക്ക് ശേഷമേ അറിയുവാൻ കഴിയുകയുള്ളൂ. ജോലിക്ക് പോയവരിൽ ചിലർ വീട്ടിൽ തിരിച്ചെത്തിയിട്ടില്ലെന്നും പറയുന്നു. 
കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ,  സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, സേവ്യർ ചിറ്റിലപ്പിള്ളി, എ സി മൊയ്തീൻ, മന്ത്രിമാരായ പി. രാജീവ് , കെ രാജൻ, എം.ബി. രാജേഷ്, ആർ ബിന്ദു,
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ , രമേശ് ചെന്നിത്തല , വി എം സുധീരൻ , ബെന്നി ബെഹനാൻ എം പി, മറ്റ് യു.ഡി. എഫ് നേതാക്കളും സ്ഫോടന സ്ഥലം സന്ദർശിച്ചു. ഇപ്പോഴും പരിശോധന തുടരുകയാണ്. ഇപ്പോഴും ദുരന്ത ഭൂമി പുകഞ്ഞു കൊണ്ടിരിക്കുകയാണ്. 
ഇന്നും മൃതശരീരങ്ങളുടെ വിവിധ ഭാഗങ്ങൾ കണ്ടെടുത്തിട്ടുണ്ട്. മൂന്നു സ്ത്രീകൾ ഉൾപ്പെടെ മൊത്തം 34 പേർ അപകട സമയത്ത് ഉണ്ടായിരുന്നതായി പറയുന്നു.  ഇന്നലെ ഉച്ചകഴിഞ്ഞ് 3.20 ഓടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. മണിക്കൂറുകളോളം സ്ഫോടന ശബ്ദങ്ങൾ കേട്ടിരുന്നു. രക്ഷാപ്രവർത്തനവും ദുഷ്കരമാകരമായിരുന്നു.
24 ന് തൃശൂർ പൂരത്തിൻ്റെ സാമ്പിൾ വെടിക്കെട്ടിനും , 27ന് പുലർച്ചെയുള്ള പ്രധാന വെടിക്കെട്ടിനുമായി തിരുവമ്പാടി ദേശത്തിന് വേണ്ടി ഒരുക്കിയ ആറോളം വെടിക്കെട്ട് പുരകളാണ് കത്തിച്ചാമ്പലായത്. 
ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ച സാഹചര്യത്തിൽ നിജസ്ഥിതി അറിയാമെന്ന് നാട്ടുകാരും പറയുന്നു . ഉത്സവാഘോഷങ്ങളുടെ സ്പന്ദനമാണ് വെടിക്കെട്ട്. മറ്റു കലാപരിപാടികൾ ഉണ്ടെങ്കിലും വെടിക്കെട്ട് ഉണ്ടെങ്കിലെ ഉത്സവം കെങ്കേമമാകൂയെന്നിരിക്കെ ഇത്തരം വെടിക്കെട്ടപകടങ്ങൾ ഭയം ഉണ്ടാകുന്നതായും ഉത്സവ പ്രേമികൾ പറയുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍