*അത്താണി - പാർളിക്കാട് റോഡ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു*
സംസ്ഥാനപാത 22 (കൊടുങ്ങല്ലൂർ-ഷൊർണൂർ റോഡ്) അത്താണി കെൽട്രോൺ മുതൽ പാർളിക്കാട് ഡിവൈഡർ വരെയുള്ള ബിഎം & ബിസി റോഡിൻ്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിൻ്റെ അധ്യക്ഷതയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിച്ചു. അത്താണിയിൽ നടന്ന ഉദ്ഘാടന പരിപാടിയിൽ വടക്കാഞ്ചേരി എംഎൽഎ സേവ്യർ ചിറ്റിലപ്പിള്ളി ശിലാഫലകം അനാച്ഛാദനം ചെയ്തു.
അത്താണി കെൽട്രോൺ മുതൽ പാർളിക്കാട് ഡിവൈഡർ വരെയുള്ള 4.25 കിലോമീറ്റർ റോഡ് 5.20 കോടി രൂപ വിനിയോഗിച്ചാണ് രണ്ട് റീച്ചുകളിലായി ബിഎം & ബിസി ഉന്നത നിലവാരത്തിലുള്ള നിർമ്മാണം പൂർത്തിയാക്കിയത്. അത്താണി കെൽട്രോൺ മുതൽ വിശുദ്ധ മദർ തെരേസ്സ കപ്പേള വരെയുള്ള 1.45 കിലോമീറ്റർ ദൂരം റോഡ് ബിഎം & ബിസി നവീകരണത്തിനായി 1.70 കോടി രൂപ നേരത്തെ അനുവദിച്ചിരുന്നു. അത്താണി വിശുദ്ധ മദർ തെരേസ കപ്പേള മുതൽ പാർളിക്കാട് ഡിവൈഡർ വരെയുള്ള 2.8 കിലോമീറ്റർ ദൂരം റോഡ് ബിഎം & ബിസി നിലവാരത്തിൽ നിർമ്മിക്കുന്നതിനായി 3.50 കോടി രൂപയും അനുവദിച്ചിരുന്നു. കാന നിർമ്മാണം, പാർശ്വ സംരക്ഷണ ഭിത്തി നിർമ്മാണം, ടൈൽ വിരിക്കൽ, റോഡ് സുരക്ഷാ പ്രവർത്തികൾ എന്നിവ പൂർത്തിയാക്കി. ഇതോടെ തൃശ്ശൂർ - ഷൊർണ്ണൂർ സംസ്ഥാനപാതയിൽ അത്താണി കെൽട്രോൺ മുതൽ പാർളിക്കാട് ഡിവൈഡർ വരെയുള്ള 4.25 കിലോമീറ്റർ റോഡ് ബിഎം & ബിസി ഉന്നതനിലവാരത്തിൽ ഉപയോഗസജ്ജമായി.
0 അഭിപ്രായങ്ങള്‍