വിരുപ്പാക്ക - തൃശൂർ സഹകരണ സ്പിന്നിംഗ് മിൽസ് നവീകരണ പൂർത്തീകരണത്തിൻ്റെയും പുന: പ്രവർത്തനത്തിന്റെയും ഉദ്ഘാടനം മാർച്ച് രണ്ടിന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് നിർവ്വഹിക്കും.
തൃശൂർ സഹകരണ സ്‌പിന്നിംഗ് മില്ലിന്റെ നവീകരണത്തിനായി കേരള സർക്കാർ ദേശീയ സഹകരണ വികസന കോർപ്പറേഷൻ മുഖേന 29.98 കോടിയിലധികം രൂപ മുതൽ മുടക്കി നവീകരണ പ്രവർത്തനങ്ങൾ നടത്തിയെങ്കിലും പൂർണ്ണമായ തോതിൽ ഇലക്ട്രിക്കൽ വർക്കുകളും മെഷീനറികളുടെ വാണിജ്യ ഉത്പാദനങ്ങളും തുടങ്ങുന്നതിന് മുമ്പായി രാജ്യത്താകമാനം ഉണ്ടായ ടെക്സ‌്‌റ്റയിൽ വ്യവസായ പ്രതിസന്ധിയും തൽഫലമായി ഉണ്ടായ പ്രവർത്തന മൂലധന ചോർച്ചയും കാരണം അസംസ്കൃത വസ്‌തുക്കളുടെ അഭാവത്തിൽ മില്ലിന്റെ പ്രവർത്തനം 2023 ഫെബ്രുവരി 6 മുതൽ ലേ ഓഫ് ചെയ്‌തിരിക്കുകയായിരുന്നു.
മില്ലിന്റെ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനായി സംസ്ഥാന സർക്കാർ 2024-25 സാമ്പത്തിക വർഷം 100 ലക്ഷം രൂപ അനുവദിച്ചു. മില്ലിൻ്റെ പ്രവർത്തനം തുടങ്ങുന്നതിനുള്ള ആദ്യപടിയായി മില്ലിൻ്റെ മേൽക്കൂരയിലെ ചോർച്ചകൾ അടയ്ക്കുകയും കുടിവെള്ള സ്രോതസ്സുകൾ ഉപയോഗക്ഷമമാക്കുകയും ചെയ്തു.
നിരവധി റവന്യൂ റിക്കവറി നടപടികൾ നിലനിൽക്കുന്ന മില്ലിൻ്റെ ഓഫീസ് തുറന്നു പ്രവർത്തിക്കുന്നതിന് ജില്ലാ കലക്ടറിൽ നിന്നും പ്രേത്യേക അനുവാദം നേടിയെടുത്ത് ഓഫീസിലേക്കാവശ്യമായ വൈദ്യുതി കണക്ഷൻ സ്‌ഥാപിച്ച് ഓഫീസിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചതെന്ന് തൃശൂർ സഹകരണ സ്പിന്നിംഗ് മില്ല് മാനേജിംഗ് ഡയറക്ടർ എ.ബി. തോമസ് പറഞ്ഞു.
മില്ലിന്റെ ജി എസ് ടി രജിസ്ട്രേഷൻ തുടർച്ചയായി റിട്ടേൺസ് സമർപ്പിക്കാത്തതിന്റെ ഫലമായി റദ്ദാക്കപ്പെട്ടിരുന്നു. ഹൈക്കോടതിയുടെ ഇടപെടലിലൂടെ പുതിയ രജിസ്ട്രേഷൻ നേടിയെടുത്തു. മില്ല് തുറന്ന് പ്രവർത്തിപ്പിക്കുന്നതിനായി സർക്കാർ ബോർഡ് ഫോർ പബ്ലിക് സെക്ടർ ട്രാൻസ്ഫോർമേഷൻ (ബിപിടി) എക്‌സിക്യൂട്ടീവ് ചെയർമാൻ, ഹാൻഡ്‌ലും ആൻഡ് ടെക്സ്റ്റയിൽസ് ഡയറക്ടർ, ടെക്‌സ്‌ഫെഡ് മാനേജിംഗ് ഡയറക്ടർ എന്നിവരടങ്ങിയ ഒരു കോർ കമ്മിറ്റിയെ സർക്കാർ നിയോഗിച്ച് പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തി.
മില്ലിന്റെ പേരിൽ ഉണ്ടായിരുന്ന 23 കോടി രൂപയുടെ വൈദ്യുതി കുടിശ്ശിക സർക്കാർ ഏറ്റെടുത്ത് ബാദ്ധ്യതയിൽ നിന്നും എഴുതിത്തള്ളി. പ്രവർത്തന മൂലധനമില്ലാതെ മില്ല് ലേ - ഓഫിൽ തന്നെ തുടരുകയും വൈദ്യുതി ചാർജ് അടയ്ക്കാതെ വലിയ തുക ഈ ഇനത്തിൽ കുടിശ്ശികയായതിനെ തുടർന്ന് വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നതിന് കെഎസ് ഇബി നിർബന്ധിതമാവുകയും തുടർന്ന് ആറ് മാസംകഴിഞ്ഞപ്പോൾ വൈദ്യുതിലൈൻ ഔദ്യോഗികമായി വിച്ഛേദിച്ച് ബാലൻസ് സെക്യൂരിറ്റി തുക തിരികെ മില്ലിന് നൽകുകയും ചെയ്ത സ്‌ഥിതിയിലായി രുന്നു. പുതിയ ഐ ടി പവർ ലഭിക്കുന്നതിനായി മില്ലിലെ ഇലക്ട്രിക്കൽ സിസ്‌റ്റം പൂർണ്ണമായും നവീകരിച്ച് ദീർഘമായ പ്രവർ ത്തനങ്ങളിലൂടെ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിൻ്റ സുരക്ഷാ പരിശോധന വിജയകരമായി നടത്തി കെഎസ്ഇബി യിൽ നിന്നും വൈദ്യുതി ലഭിക്കുന്നതിനുള്ള നടപടികൾ അടിയ ന്തിരമായി നടത്തി. ഇതിൻ്റെ ഭാഗമായി മില്ലിലെ രണ്ട് ട്രാൻസ്‌ഫോർമറുകളും അതിൻ്റെ നിർമ്മാതാക്കളായ കെല്ലിൽ കൊണ്ടുപോയി ആവശ്യമായ സർവീസിംഗ് നടത്തി പുതിയ കണക്ഷൻ സ്ഥാപിച്ചു. സ്‌റ്റാറ്റ്യൂട്ടറി കുടിശ്ശിക തീർക്കുന്നതിനായി സർക്കാരിൽ നിന്നും ഭരണാനുമതി ലഭിച്ച 410 ലക്ഷം രൂപയിൽ നിന്നും ആദ്യഗഡുവായി ലഭിച്ച 160 ലക്ഷം രൂപകൊണ്ട് മില്ലിലെ ജീവനക്കാർക്ക് നൽകുവാനുള്ള ഗ്രാറ്റുവിറ്റി കുടിശ്ശികയിൽ 2009 മുതൽ 2019 ഫെബ്രുവരി വരെയുള്ള തുക നൽകിയതു വഴി 76 പേരുടെ ദീർഘകാലമായി ഉണ്ടായിരുന്ന കുടിശ്ശികയാണ് തീർപ്പാക്കിയത്. ബാക്കി 250 ലക്ഷം രൂപ കൂടി റിലീസ് ചെയ്യുന്നതിനുള്ള നടപടികൾ പുരോഗമിക്കുയാണെന്ന് എം ഡി പറഞ്ഞു.
പഞ്ചായത്തിൽ നിന്നും വലിയ തുകയ്ക്കുള്ള കുടിശികകളും നിലനിൽക്കെ ഉടമ സ്ഥാവകാശ സർട്ടിഫിക്കറ്റ് ലഭ്യമാക്കി. ഇപ്പോൾ സ്‌റ്റാറ്റ്യൂട്ടറി കുടിശ്ശികകൾ ഒരു പരിധിവരെ തീർക്കുന്നതിനും റെവന്യൂ റിക്കവറി നടപടികൾ ഒഴിവാക്കുന്നതിനും മില്ലിലെ മെഷീനുകൾക്കും കെട്ടിടത്തിനും അത്യാവശ്യ അറ്റകുറ്റപണികൾ നടത്തി, മില്ലിന്റെ പ്രവർത്തനം പുനരാരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തി.
നിരവധി റവന്യൂ റിക്കവറി കേസ്സുകൾ നിലനിൽക്കുന്ന സ്‌ഥാപനമെന്ന നിലയിൽ മില്ലിന്റെ ഓഫീസിൻ്റെ പ്രവർത്തനത്തിന് പുറമെ മില്ലിൽ ഉത്പാദനം തുടങ്ങുന്നതിനുള്ള അനുവാദം ജില്ലാ കലക്ടറിൽ നിന്നും നേടിയെടുത്തിട്ടുണ്ട്. കോട്ടൺ ബോർഡ് വഴി 229 ലക്ഷം രൂപയുടെ അസംസ്കൃത വസ്‌തുക്കൾ വാങ്ങി മില്ലിൽ എത്തിച്ചിട്ടുണ്ട്. ആധുനിക സാങ്കേതിക വിദ്യയിൽ അധിഷ്‌ഠിതമായ മെഷീനുകൾ പ്രവർത്തിപ്പിച്ച് മില്ലിനെ ചുരുങ്ങിയ കാലയളവിൽ പ്രവർത്തന മികവിൽ എത്തിക്കാമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. വിരുപ്പാക്ക തൃശൂർ സഹകരണ സ്പിന്നിംഗ് മിൽസിൽ വെച്ച് നടന്ന വാർത്താ സമ്മേളനത്തിൽ ഡയറക്ടർ ബോർഡ് ചെയർമാൻ ഡോക്ടർ കെ. എസ്. കൃപകുമാർ, ഡയറക്ടർ എൻ. കെ. പ്രമോദ് കുമാർ, മുഹമ്മദ് ശരീഫ്, പി. മൊയ്തു തുടങ്ങിയവർ പങ്കെടുത്തു.
0 അഭിപ്രായങ്ങള്‍