‘നോര്‍ക്ക കെയര്‍’; പ്രവാസി കേരളീയര്‍ക്കായി സമഗ്ര ആരോഗ്യ അപകട ഇന്‍ഷുറന്‍സ്.

 

‘നോര്‍ക്ക കെയര്‍’; പ്രവാസി കേരളീയര്‍ക്കായി സമഗ്ര ആരോഗ്യ അപകട ഇന്‍ഷുറന്‍സ്.

പ്രവാസി കേരളീയര്‍ക്ക് 2025 നവംബര്‍ ഒന്ന് മുതല്‍ സമഗ്ര ആരോഗ്യ അപകട ഇന്‍ഷുറന്‍സ് പരിരക്ഷ ഒരുക്കുന്ന ‘നോര്‍ക്ക കെയര്‍’ പദ്ധതിയുടെ ഗ്ലോബല്‍ രജിസ്‌ട്രേഷന്‍ ഡ്രൈവ് 2025 സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 21 വരെ നടക്കും. ഇതിന് മുന്നോടിയായി ഓരോ മേഖലയിലേയും ലോക കേരള സഭ (എല്‍.കെ.എസ്) അംഗങ്ങള്‍ വിവിധ പ്രവാസി സംഘടനാ പ്രതിനിധികള്‍ എന്നിവര്‍   പങ്കെടുക്കുന്ന പ്രീ ലോഞ്ച് യോഗങ്ങള്‍ക്ക് യു.എ. യിൽ തുടക്കമായി. അബൂദാബി, ദുബായ്, ഷാര്‍ജ എന്നിവിടങ്ങളിലാണ് യോഗങ്ങള്‍ സംഘടിപ്പിച്ചത്. 

ഏറെകാലമായി പ്രവാസികേരളീയരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു സമഗ്ര ആരോഗ്യ, അപകട ഇന്‍ഷുറന്‍സ് പരിരക്ഷ എന്നത്. പദ്ധതി നടപ്പിലാക്കുമെന്ന് ഇക്കഴിഞ്ഞ നാലാം ലോക കേരള സഭയിൽ ബഹു. മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രഖ്യാപനമാണ് ഇതോടെ യാഥാര്‍ത്ഥ്യമാകുന്നത്. വിദേശ രാജ്യങ്ങളിലെ പ്രവാസി കേരളീയര്‍ക്കായുളള നോര്‍ക്ക പ്രവാസി ഐ.ഡി, സ്റ്റുഡന്റ് ഐ.ഡി കാര്‍ഡുളളവര്‍ക്കും, കേരളത്തിനു പുറത്ത് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ എന്‍.ആര്‍.കെ ഐ.ഡി കാര്‍ഡുളള പ്രവാസി കേരളീയര്‍ക്കും നോര്‍ക്ക കെയര്‍ പ്രയോജനപ്പെടുത്താവുന്നതാണ്. 

രോഗാടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങളോടെ അഞ്ചു ലക്ഷം രുപയുടെ ആരോഗ്യ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയാണ് നോര്‍ക്ക കെയര്‍ വഴി ലഭ്യമാക്കുന്നത്. ഭര്‍ത്താവ്, ഭാര്യ രണ്ടു കുട്ടികള്‍ എന്നിവരുള്‍പ്പെടുന്ന കുടുംബത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 13,411 രൂപയും, വ്യക്തിഗത ഇൻഷുറന്‍സിന് 8101 രൂപയും, ഒരു കുട്ടിയെ കൂടി അധികമായി ചേര്‍ക്കുന്നതിന് 4,130 രൂപയുമാണ് പ്രീമിയം തുക. ഇന്ത്യയിലുടനീളം 14200-ത്തിലധികം ആശുപത്രികളില്‍ ക്യാഷ്‌ലെസ് ചികിത്സ ലഭ്യമാക്കുന്ന നോര്‍ക്ക കെയറില്‍ നിലവിലുളള രോഗങ്ങള്‍ക്കും പരിരക്ഷാ ഉറപ്പാക്കാനാകും  എന്നതും പ്രത്യേകതയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്സ് ഐ.ഡി കാര്‍ഡ് വിഭാഗത്തിലെ വിഭാഗം 0471 2770543,528 (പ്രവൃത്തി ദിവസങ്ങളിൽ, ഓഫീസ് സമയത്ത്) ബന്ധപ്പെടാവുന്നതാണ്.

പ്രധാന തീയതികൾ

പോളിസി പ്രീ ലോഞ്ച് ക്യാമ്പയിൻ - ഓഗസ്റ്റ് 22 - സെപ്റ്റംബർ 21

ലോഞ്ച് ( മുഖ്യമന്ത്രി )- സെപ്റ്റംബർ 22

പോളിസി രജിസ്ട്രേഷൻ കാലയളവ് - സെപ്റ്റംബർ 22 - ഒക്ടോബർ 22

ഇൻഷുറൻസ് ആരംഭിക്കുന്ന തീയതി- നവംബർ 1



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍