വടക്കാഞ്ചേരി ബൈപ്പാസ് നിർമ്മാണത്തിൻ്റെ ഡിപിആർ തയ്യാറാക്കി കിഫ്ബിക്ക് സമർപ്പിച്ചതായി സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അറിയിച്ചു. വടക്കാഞ്ചേരി ബൈപ്പാസ് പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിന് സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. തിരുവനന്തപുരത്ത് കിഫ്ബി ഹെഡ്ക്വാർട്ടേഴ്സിൽ ചേർന്ന യോഗത്തിൽ കിഫ്ബി സിഇഒ കെ എം അബ്രഹാം സിഎഫ്എ, അഡീഷണൽ സി.ഇ.ഒ. മിനി ആൻ്റണി ഐഎഎസ്, സീനിയർ ജനറൽ മാനേജർ ഷൈല പി, പ്രൊജക്ട് മാനേജർ അഭിലാഷ്, കെ.ആർ.എഫ്.ബി അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സജിത്ത് ഇ ഐ തുടങ്ങിയവർ പങ്കെടുത്തു.
പൊതുമരാമത്ത് വകുപ്പ് ഹൈവേ ഡിസൈൻ യൂണിറ്റ് തയ്യാറാക്കിയ ഡിപിആർ അംഗീകാരത്തിനായി കിഫ്ബിക്ക് സമർപ്പിച്ചു. 223 കോടി രൂപയാണ് പദ്ധതിയുടെ ചെലവ് കണക്കാക്കിയിട്ടുള്ളത്. ഭൂമി ഏറ്റെടുക്കൽ നടപടികളിലേക്ക് കടക്കുന്നതിനുള്ള ധനാനുമതിക്കായി സെപ്തംബർ മാസത്തിലെ കിഫ്ബി ബോർഡ് യോഗത്തിൽ വടക്കാഞ്ചേരി ബൈപ്പാസ് പദ്ധതിയുടെ ഡിപിആർ സമർപ്പിക്കാൻ ധാരണയായി. കിഫ്ബിയിൽ നിന്നും ഭൂമി ഏറ്റെടുക്കലിന് ധനാനുമതി ലഭിക്കുന്നതോടെ "ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതക്കും പുനരധിവാസത്തിനുമുള്ള ആക്ട്" പ്രകാരമുള്ള ഭൂമി ഏറ്റെടുക്കൽ പ്രക്രിയ ആരംഭിക്കാനാകും.
അതേസമയം ബൈപ്പാസിലെ റെയിൽവേ മേൽപ്പാലത്തിന്റെ നിർമ്മാണത്തിന് തിരുവനന്തപുരം റെയിൽവേ ഡിവിഷണൽ മാനേജർ ഭരണാനുമതി നൽകി. ജൂൺ 24ന് തൃശ്ശൂർ അഡീഷണൽ ഡിവിഷൻ എഞ്ചിനീയർ സമർപ്പിച്ച ജോയിൻ്റ് ഫീസിബിലിറ്റി റിപ്പോർട്ട് പരിഗണിച്ചാണ് മേൽപ്പാലം നിർമ്മാണത്തിന് റെയിൽവേയുടെ ഭരണാനുമതി ലഭിച്ചത്. 27.60 കോടി രൂപയുടെ എസ്റ്റിമേറ്റാണ് റെയിൽവേ സ്പാനിന്റെ നിർമ്മാണത്തിനായി കെ-റെയിൽ തയ്യാറാക്കിയിട്ടുള്ളത്. ഈ എസ്റ്റിമേറ്റിന്റെ അടിസ്ഥാനത്തിൽ റെയിൽവേ ആവശ്യപ്പെടുന്ന സെൻ്റേജ് ചാർജ്ജ് അടയ്ക്കാൻ കെ.ആർ.എഫ്.ബി.യും കിഫ്ബിയും തമ്മിൽ നേരത്തെ ധാരണയായിരുന്നു. കെ-റെയിൽ സമർപ്പിച്ച ജി.എ.ഡി. അംഗീകരിക്കുന്നതിന്റെ ഭാഗമായി കൂടുതലായി സമർപ്പിക്കാൻ റെയിൽവേ ആവശ്യപ്പെട്ട മേൽപ്പാലത്തിന്റെ പൂർണ്ണ അലൈൻമെന്റ്, ജിയോ റെഫറൻസ്ഡ് ഓട്ടോകാഡ് ഫയൽ ഉൾപ്പെടെയുള്ള രേഖകൾ കെ.ആർ.എഫ്.ബി, കെ-റെയിൽ അധികൃതർ തയ്യാറാക്കി വരികയാണ്.
റെയിൽവേ മൂന്നും നാലും ലൈനുകൾ നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് ബൈപ്പാസിലെ മേൽപ്പാലത്തിൻ്റെ സ്ഥാനം നിർണ്ണയിക്കുന്നതിൽ വന്ന കാലതാമസമാണ് ബൈപ്പാസിൻ്റെ അലൈൻമെൻ്റ് നടപടികൾ നീളുന്നതിന് ഇടയാക്കിയത്. എന്നാൽ ആ കാലതാമസത്തെ അതിജീവിക്കുന്ന വേഗതയിലാണ് തുടർപ്രവർത്തനങ്ങൾ നടക്കുന്നത്. കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ നേതൃത്വത്തിലുള്ള മണ്ണുപരിശോധന പൂർത്തിയാക്കി റിക്കാർഡ് വേഗത്തിലാണ് ബൈപ്പാസ് പദ്ധതിയുടെ 4 വാല്യങ്ങളുള്ള ഡിപിആർ സമർപ്പിക്കാൻ കഴിഞ്ഞത്. സെപ്തംബറിലെ കിഫ്ബി ബോർഡ് യോഗത്തിൽ ഭൂമി ഏറ്റെടുക്കൽ നടപടികൾക്ക് ധനാനുമതി നേടിയെടുത്ത് ദൈർഘ്യമേറിയ ഭൂമി ഏറ്റെടുക്കൽ നടപടിക്രമം ആരംഭിക്കാനാണ് ശ്രമമെന്നും, കാലതാമസം ഉണ്ടാകാതിരിക്കാനുള്ള ജാഗ്രത തുടരുമെന്നും സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ വ്യക്തമാക്കി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia
0 അഭിപ്രായങ്ങള്‍