ഇന്ന് സഹോദരൻ അയ്യപ്പന്റെ 136-ാം ജന്മദിനം. ഓർത്തെടുക്കാനായി ഒരു കുറിപ്പ്.











1889 ഓഗസ്റ്റ്‌ 22 ന്‌ എറണാകുളം ജില്ലയിലെ വൈപ്പിൻ ദ്വീപിലെ ചെറായിയിൽ കുമ്പളത്തുപറമ്പിൽ കൊച്ചാവു വൈദ്യന്റെയും ഉണ്ണൂലിയുടെയും 9 മക്കളിൽ ഏറ്റവും ഇളയവനായിട്ടാണ് അയ്യപ്പൻ ജനിച്ചത്. അദ്ദേഹത്തിന് ഓർമ്മ വെക്കുന്നതിന് മുമ്പ് അച്ഛൻ മരിച്ചു. വൈദ്യൻമാരായിരുന്ന ജ്യേഷ്ഠൻമാരാണ്‌ അയ്യപ്പനെ സംരക്ഷിച്ചത്‌.ശ്രീനാരായണ ഗുരുവും,ചട്ടമ്പിസ്വാമികളും ,കുമാരനാശാനും അയ്യപ്പന്റെ വീട്ടിലെ നിത്യ സന്ദർശകരായിരുന്നു. ചെറായിയിലും വടക്കൻ പറവൂരിലുമായിരുന്നു സ്കൂൾ വിദ്യാഭ്യാസം. കോഴിക്കോട്‌ മലബാർ ക്രിസ്ത്യൻ കോളജിൽ നിന്ന്‌ ഇന്റർമീഡിയറ്റ്‌ ജയിച്ചു. ഉപരിപഠനത്തിന്‌ മദ്രാസിൽ പോയെങ്കിലും അസുഖം നിമിത്തം അത് തുടരാനായില്ല. നാട്ടിൽ തിരിച്ചെത്തിയ അയ്യപ്പൻ പൊതുപ്രവർത്തനങ്ങളിൽ മുഴുകി. അദ്ദേഹം വിദ്യാപോഷിണി എന്ന സംഘടന രൂപീകരിച്ചു പ്രവർത്തിച്ചിരുന്നു ആ കാലത്ത്. പിന്നീട്‌ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ നിന്ന്‌ സംസ്കൃതവും ഇന്ത്യാചരിത്രവും ഐച്ഛികമായി പഠിച്ച്‌ ബിരുദം നേടി. നിയമപഠനത്തിന്‌ ചേർന്നെങ്കിലും പൂർത്തിയാക്കാനാകാതെ പൊതുപ്രവർത്തനത്തിലേക്ക്‌ തിരിഞ്ഞു.


ശ്രീനാരായണ ഗുരു, ചട്ടമ്പിസ്വാമികൾ,കുമാരനാശാൻ തുടങ്ങിയവരുമായി വ്യക്തിബന്ധം പുലർത്തിയിരുന്ന അയ്യപ്പൻ ശ്രീനാരായണനെയാണ്‌ തന്റെ ഗുരുവായി കണക്കാക്കി ഉപദേശം സ്വീകരിച്ചിരുന്നത്‌. ഇതിനിടെ ചെറായിലെ യൂണിയൻ ഹൈസ്കൂളിൽ അധ്യാപക ജോലിയും സ്വീകരിച്ചു. ആലുവ അദൈതാശ്രമത്തില്‍ ശ്രീനാരായണഗുരുവിനെ കണ്ട് ബി.എ. പരീക്ഷ പാസായ വിവരം അറിയിക്കാന്‍ എത്തിയ അയ്യപ്പനോട് സംഭാഷണത്തിനിടയില്‍ ഗുരു പറഞ്ഞു. ''ജാതി പോകണം അയ്യപ്പ, അതിനെന്തെങ്കിലും ചെയ്‌തേ പറ്റൂ.'' ഗുരു ഉപദേശിച്ചു. ആ ഉപദേശം കേട്ട് ഗ്രാമത്തില്‍ തിരിച്ചെത്തിയാണ് അയ്യപ്പന്‍ 12ചെറുപ്പക്കാരുമായി കൂടിയാലോചിച്ച് ജാതിവിരുദ്ധ പ്രതിജ്ഞയെടുത്തതും മിശ്രഭോജനം നടത്തിയതും. രണ്ടു പുലയക്കുട്ടികള്‍ക്കൊപ്പമിരുന്നു ഭക്ഷണം കഴിക്കാന്‍ ഈ പന്ത്രണ്ടു പേരില്‍ നാലുപേര്‍ മാത്രമേ സന്നദ്ധരായുള്ളൂ. എന്നാല്‍ മിശ്രഭോജനത്തെക്കുറിച്ചുള്ള സന്ദേശം ശ്രവിച്ച് സമീപപ്രദേശങ്ങളില്‍ നിന്ന് അനേകം പേര്‍ തുണ്ടിടപ്പറമ്പില്‍ എത്തി. ഒരു ഹരിജനബാലന്‍ പായസം വിളമ്പി. എല്ലാവര്‍ക്കും ആവശ്യാനുസരണം ഭക്ഷിക്കാന്‍ പായസം തികഞ്ഞില്ല. എങ്കിലും ജാതി വിചാരങ്ങള്‍ക്കെതിരെ തികവാര്‍ന്ന ഒരു പ്രസ്ഥാനത്തിന്റെ തിരി അവിടെ തെളിഞ്ഞു. 'ജാതി വ്യത്യാസം ശാസ്ത്രവിരുദ്ധവും ദോഷകരവും അനാവശ്യവും ആയതുകൊണ്ട് അതിനെ ഇല്ലാതാക്കാന്‍ നിയമവിരുദ്ധമല്ലാത്ത വിധം കഴിയുന്നതൊക്കെ ചെയ്യുമെന്ന് ഞാന്‍ പൂര്‍ണ്ണമനസ്സാലെ സമ്മതിച്ച് സത്യം ചെയ്തുകൊള്ളുന്നു...' എന്ന പ്രതിജ്ഞാവാചകം സഹോദരന്‍ അയ്യപ്പന്‍ ചൊല്ലി. മിശ്രഭോജനത്തില്‍ പങ്കെടുത്തവരെല്ലാം അത് ഏറ്റുചൊല്ലി. ഇരുന്നൂറ് പേര്‍ ആദ്യ മിശ്രഭോജന പരിപാടിയില്‍ പങ്കെടുത്തു. ജാതിശ്രേണിയില്‍ തൊട്ടുമുകളിലെന്നു കരുതുന്നവരുടെ ഒപ്പം ചേരുന്നതിലല്ല; താഴെയുള്ളവരെ കൂടെ ചേര്‍ക്കുന്നതിലാണ് മഹത്വവും പ്രാധാന്യവും. ഇക്കാര്യം സഹോദരന്‍ തന്റെ സഹപ്രവര്‍ത്തകരെ ധരിപ്പിച്ചു. തന്റെ മാർഗ്ഗദീപമായിരുന്ന ശ്രീനാരായണഗുരുവിന്റെ അയിത്ത വിരുദ്ധാശയങ്ങൾ നടപ്പിലാക്കുക എന്നുള്ളതായിരുന്നു അയ്യപ്പന്റെ പിന്നീടുള്ള ലക്ഷ്യം. അതിന്റെ ഭാഗമായി ആദ്യമായി തുടങ്ങിയ പ്രവർത്തനമായിരുന്നു മിശ്രഭോജനം. അയിത്ത ജാതിക്കാരനെ കണ്ടാൽ കുളിക്കണം എന്ന യഥാസ്ഥിതിക സമൂഹത്തിൽ പറയനും, പുലയനും,മറ്റ് ജാതിക്കാരുമൊരുമിച്ചുള്ള ഒരു പന്തിയിൽ നിന്നുള്ള ഭക്ഷണമെന്നത് വലിയൊരു വിപ്ലവ പ്രവർത്തനമായിരുന്നു ആ കാലത്ത്. തന്റെ കവിതകളിലൂടെ ജാതിബോധം പേറുന്നവരെ കണക്കിന് കളിയാക്കി കൊണ്ടാണ് അയ്യപ്പൻ തന്റെ സാഹിത്യജീവിതം തുടങ്ങിയത്.


ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങളും സോഷ്യലിസ്റ്റ്‌ യുക്തിവാദ ചിന്തകളും പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ യുവാക്കളെ സംഘടിപ്പിച്ച്'സമസ്ത കേരള സഹോദര സംഘം എന്ന സംഘടനക്ക് അദ്ദേഹം രൂപം കൊടുത്തു. കേരളത്തിന്റെ സാമൂഹിക നവോത്ഥാന ചരിത്രത്തിൽ സഹോദര പ്രസ്ഥാനത്തിന് നിർണ്ണായകമായ സ്ഥാനം ഉണ്ടായിരുന്നു. സമഭാവന എന്ന ആദർശമായിരുന്നു സംഘടന സ്വീകരിച്ചിരുന്നത്. അക്കാലത്ത് മട്ടാഞ്ചേരിയിൽ നിന്ന് ആദ്യമായി ' സഹോദരൻ മാസിക ' അദ്ദേഹം ആരംഭിച്ചു. ജാതിനശീകരണവും, യുക്തിവാദി പ്രചാരണവും ആയിരുന്നു അതിന്റെ ലക്ഷ്യം. പിന്നീട് അത് വാരികയായും കൊച്ചി രാജ്യത്തെ ഏറ്റവും വലിയ ദിനപത്രവുമായി മാറി. 39 വർഷമാണ് അതിന്റെ നിലനിൽപ്പ് ഉണ്ടായിരുന്നത്. ആ കാലയളവിനുള്ളിൽ കേരള സമൂഹത്തിന്റെ രാഷ്ട്രീയവീക്ഷണം നവീകരിക്കുന്നതിനും,പുരോഗമന ചിന്തകൾക്ക് പ്രചോദനമാകുന്നതിനും സഹോദരൻ പത്രം വലിയ പങ്കു വഹിച്ചു. അയ്യപ്പന്റെ മുഖപ്രസംഗകോളമായ 'ആഴ്ച്ചക്കുറിപ്പുകൾ' വായനക്കാർക്കിടയിൽ വലിയ ചലനങ്ങൾ ഉണ്ടാക്കി.


കൊടുങ്ങല്ലൂർ അമ്പലത്തിലെ അനാചാരങ്ങൾക്കെതിരെയും,അയിത്തജാതിക്കാരുടെ സഞ്ചാരസ്വാതന്ത്രത്തിന് വേണ്ടി ശക്തമായ ലേഖനങ്ങൾ എഴുതുന്നതിനൊടൊപ്പം മുൻനിരയിൽ നിന്ന് മാതൃകാപരമായ പ്രവർത്തനവും സഹോദരൻ അയ്യപ്പൻ കാഴ്ച്ചവെച്ചു. യുക്തിവാദ ആശയ പ്രചരണവും നടത്തിയിരുന്ന അദ്ദേഹത്തിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും ശ്രീനാരായണ ഗുരുവിന്റെ അനുഗ്രഹവും, പിന്തുണയും ഉണ്ടായിരുന്നു.


1923 ൽ കൊച്ചീരാജ്യത്ത്‌ ഒരു നിയമസഭ രൂപീകരിക്കപ്പെട്ടു. അതിലേക്ക്‌ 1925 ൽ നടന്ന തെരഞ്ഞെടുപ്പിൽ അയ്യപ്പൻ മത്സരിച്ചു. ഈഴവർക്കു സംവരണം ചെയ്ത മണ്ഡലത്തിൽ മത്സരിക്കാനുള്ള സമുദായ താത്പര്യം അവഗണിച്ച്‌ പൊതുമണ്ഡലത്തിലാണ്‌ അദ്ദേഹം ജനവിധി തേടിയത്‌. അധഃസ്ഥിതമോചനവും സോഷ്യലിസവും യുക്തിവാദവും ഉൾപ്പെടെയുള്ള തന്റെ ആശയങ്ങൾ എല്ലാവരിലുമെത്തിക്കുക എന്ന ആഗ്രഹമായിരുന്നു അതിനു പിന്നിൽ. പക്ഷേ അദ്ദേഹം പരാജയപ്പെട്ടു. 1928-ൽ നടന്ന രണ്ടാമത്തെ തെരഞ്ഞെടുപ്പിൽ സംവരണ മണ്ഡലത്തിൽ നിന്ന്‌ അയ്യപ്പൻ വിജയിച്ചു. 1931-ൽ മൂന്നാമതും അദ്ദേഹം നിയമസഭാംഗമായി. 21വർഷക്കാലം ആ നിലയിൽ സേവനമനുഷ്ഠിച്ച അദ്ദേഹം 1949 ൽ രാജിവച്ചു. ഈഴവർക്കും താഴെയായി സമൂഹം പരിഗണിച്ചിരുന്ന പുലയർ തുടങ്ങിയ കീഴാള ജാതികളുടെ ഉന്നമനത്തിനായി നിയമസഭയിൽ അയ്യപ്പൻ ശക്തിയായി വാദിച്ചു.


1928 ൽ അയ്യപ്പൻ തൊഴിലാളികളുടെയും തൊഴിലിന്റെയും പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ വേലക്കാരൻ എന്ന പത്രം പ്രസിദ്ധീകരിച്ചു. കൊച്ചി നിയമസഭാംഗമായി സ്ഥാനം ലഭിച്ചപ്പോൾ ഏറ്റവും പിന്നോക്കജാതിക്കാരായി. അവഗണിക്കപ്പെട്ട പുലയർ, പറയർ തുടങ്ങിയവരുടെ ഉന്നമനത്തിനുവേണ്ടി സഭയിൽ വാദിച്ചു.


ഉത്തരവാദിത്വഭരണം,സ്ത്രീസ്വാതന്ത്ര്യം, പ്രായപൂർത്തി വോട്ടവകാശം, കുടുംബാസൂത്രണം തുടങ്ങിയ വിഷയങ്ങളിൽ സുപ്രധാനമായ പരിഷ്കരണ ബില്ലുകൾ സഭയിൽ അവതരിപ്പിച്ചു.കൊച്ചിയിലും തിരുവിതാംകൂറിലും തിയ്യന്മാർക്കിടയിൽ മരുമക്കത്തായ സമ്പ്രദായമാണ്‌ നിലവിലിരുന്നത്‌.എന്നാൽ അത്‌ മാറ്റി സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യമായ സ്വത്തവകാശം അനുവദിക്കുന്നതിനുവേണ്ടിയായിരുന്നു അയ്യപ്പൻ മരുമക്കത്തായം തിയ്യ ബിൽ അവതരിപ്പിച്ചത്‌. ബിൽ ഉടനടി നിയമമാവുകയും ചെയ്തു. അയ്യപ്പനാണ്‌ ആദ്യമായി നിയമസഭയിൽ മലയാളത്തിൽ പ്രസംഗിച്ചത്‌.


1949 ജൂലൈ 1-ന്‌ തിരുവിതാംകൂറും കൊച്ചിയും ലയിച്ച്‌ തിരു-കൊച്ചി സംസ്ഥാനം രൂപീകരിച്ചപ്പോൾ പറവൂർ ടി കെ നാരായണപിള്ളയുടെ മന്ത്രിസഭയിൽ പൊതുമരാമത്ത്‌ വകുപ്പ്‌ മന്ത്രിയായി അധികാരമേറ്റു. എറണാകുളം- വൈപ്പിൻപാലങ്ങൾ, കൊച്ചിയിലെ എംജി റോഡ്‌ എന്നിവ നിർമ്മിക്കാൻ മുൻകൈയ്യെടുത്തു. പക്ഷേ അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന്‌ 1949ഡിസംബറിൽ രാജിവച്ചു. അതിനുശേഷം അദ്ദേഹം തെരഞ്ഞെടുപ്പ്‌ രംഗത്തേക്കിറങ്ങിയില്ല.


യാഥാസ്ഥിതിക ഹിന്ദുക്കള്‍ സഹോദരനെ 'പുലയന്‍ അയ്യപ്പന്‍' എന്ന് വിളിച്ചു അധിക്ഷേപിച്ചപ്പോൾ അതൊരു ബഹുമതിയായി കരുതുന്നു എന്ന് കൊച്ചി പ്രജാസഭയില്‍ അദ്ദേഹം മറുപടി പറഞ്ഞു. റാവു ബഹദൂര്‍, സര്‍ എന്നൊക്കെ സര്‍ക്കാര്‍ നല്‍കുന്ന ബഹുമതികളെക്കാള്‍ കേമം എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.


ആദിവൈപ്പിൻ തൊഴിലാളിസംഘം,ഓച്ചന്തുരുത്ത്‌ തൊഴിലാളി യൂണിയൻ എന്നിവ രൂപീകരിക്കുന്നതിൽ അദ്ദേഹത്തിന്റെ പങ്കു ചെറുതല്ല. റഷ്യൻവിപ്ലവത്തെ പറ്റി കേരളത്തിലെ തൊഴിലാളികളോട്‌ ആദ്യമായി സംസാരിച്ച്‌ റഷ്യൻ വിപ്ലവസന്ദേശം പ്രചരിപ്പിച്ചതും സഹോദരൻ അയ്യപ്പനായിരുന്നു. ഉജ്ജീവനം, പരിവർത്തനം,റാണിസന്ദേശം, അഹല്യ എന്നീ കാവ്യകൃതികളും അയ്യപ്പൻ രചിച്ചു. സാമൂഹ്യതിന്മകൾക്കെതിരെ കേരളകൗമുദി പത്രത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട നിരവധി ലേഖനങ്ങളും ആ കാലത്ത് വലിയ സമുദായപരിഷ്കരണപ്രവർത്തനങ്ങൾക്ക്‌ കാരണമായി. 1934 ൽ പുറത്തുവന്ന “സഹോദരന്റെ പദ്യകൃതികൾ” എന്ന സമാഹാരത്തിലും കാവ്യങ്ങളിലും യുക്തിവാദത്തിന്റെ സ്വരമാണ്‌ നിഴലിച്ചിരുന്നത്.


ശാന്തിമന്ദിരം എന്ന പേരിൽ അശരണരും അംഗഭംഗം സംഭവിച്ചവരുമായ വനിതകൾക്കുവേണ്ടി ഒരു അഭയകേന്ദ്രവും അനാഥകുട്ടികൾക്ക്‌ ആശ്രയം നൽകി വളർത്താൻ ആനന്ദഭവനവും ശാന്തിമന്ദിരത്തോടനുബന്ധിച്ച് അദ്ദേഹം നടത്തിയിരുന്നു. ആദർശമെന്നത് ജീവിതത്തിൽ ആചരിക്കണമെന്ന ചിന്തയുള്ള കർമ്മയോഗിയായിരുന്നു അദ്ദേഹം.


മഹാത്മജിയുടെ നിലപാടുകളോട് സഹോദരന്‍ അയ്യപ്പന് വിമര്‍ശനാത്മക സമീപനമായിരുന്നു.ഹിന്ദുമതാചാരങ്ങളെ ഗാന്ധിജി പിന്തുണച്ചതില്‍ സഹോദരന്‍ പ്രതിഷേധിച്ചു.മനുഷ്യഹത്യയെന്ന മഹാപാപത്തെ സാധൂകരിക്കാത്ത ഏതെങ്കിലും ഹിന്ദുമതഗ്രന്ഥമുണ്ടോ എന്ന് വര്‍ക്കലയില്‍ വച്ച് അയ്യപ്പന്‍ ഗാന്ധിജിയോട് ചോദിച്ചു.''ഉണ്ടല്ലോ, പതഞ്ജലിയോഗ സൂത്രം''എന്നായിരുന്നു ഉത്തരം.അധഃസ്ഥിതവിഭാഗങ്ങള്‍ക്ക് സംവരണ മണ്ഡലങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെതിരെ ഗാന്ധിജി നടത്തിയ 'പൂനാപട്ടിണി' സമരത്തെയും കടുത്തഭാഷയിലാണ് സഹോദരന്‍ വിമര്‍ശിച്ചത്.പള്ളുരുത്തിയില്‍ ഗാന്ധിജിക്ക് നല്‍കിയ പൗരസ്വീകരണത്തില്‍ മംഗളപത്രം എഴുതി അവതരിപ്പിച്ചത് അയ്യപ്പനായിരുന്നു. ജാതി ആചാരങ്ങളുടെ ചങ്ങല പൊട്ടിച്ചെറിയാന്‍ മഹാത്മജി ജനങ്ങളെ ഉപദേശിക്കണമെന്ന് മംഗളപത്രത്തില്‍ നിര്‍ദ്ദേശിച്ചിരുന്നെങ്കിലും അദ്ദേഹം അതിനു വിസമ്മതിച്ചു.


എന്നാല്‍ വൈക്കം സത്യാഗ്രഹവേദിയും വര്‍ക്കല ശിവഗിരിയും സന്ദര്‍ശിച്ചു മടങ്ങും വഴി കല്‍ക്കത്തയില്‍ എത്തിയശേഷം മഹാത്മജി അയിത്താചാരത്തെക്കുറിച്ചുള്ള തന്റെ നിലപാട് മാറ്റി. ‘Caste must go’ എന്ന് അന്നാദ്യമായി അദ്ദേഹം പറഞ്ഞു.


ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ മലയാളക്കരയിലുണ്ടായ സാമൂഹിക പരിവര്‍ത്തനങ്ങളില്‍ കൊച്ചിയിലെ സഹോദരന്‍ പത്രവും കെ.അയ്യപ്പന്റെ പ്രക്ഷോഭസമരങ്ങളും വഹിച്ച നിസ്തുലമായ പങ്ക് ചരിത്രത്തിന്റെ ഭാഗമാണ്.



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍