കരിപ്പൂര്‍: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം തകര്‍ന്ന് 21 പേര്‍ മരിച്ച അപകടത്തിന് അഞ്ചാണ്ടുതികയുന്നു.
2020 ഓഗസ്റ്റ് ഏഴിനു രാത്രിയാണ് ദുബായില്‍നിന്നെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം റണ്‍വേയുടെ കിഴക്കേ അറ്റത്ത് ലാന്‍ഡിങ്ങിനിടെ തെന്നി താഴ്ചയിലേക്കു പതിച്ചത്. മൂന്നായി പിളർന്ന വിമാനത്തിലെ രണ്ടു പൈലറ്റുമാരും 19 യാത്രക്കാരും ഉൾപ്പെടെ 21 പേർ മരിച്ചു. 169 പേർക്ക് പരിക്കേറ്റു. നാല് കാബിൻ ജീവനക്കാർ ഉൾപ്പെടെ 195 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. കോവിഡ് കാലത്ത് വിദേശത്ത് കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായാണ് വിമാനം കരിപ്പൂരിലെത്തിയത്
അപകടം അന്വേഷിച്ച എയർ ക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ പൈലറ്റിന്റെ പിഴവിലേക്കാണ് വിരൽചൂണ്ടിയത്. എന്നാൽ, വിമാനത്താവളത്തിൻ്റെ പരിമിതികളും ആവശ്യമായ നിർദേശങ്ങളും പ്രത്യേകം പറഞ്ഞിരുന്നു. റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ റൺവേയുടെ രണ്ടറ്റത്തുമുള്ള സുരക്ഷാപ്രദേശമായ റെസ ദീർഘിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. പക്ഷിശല്യം തടയാൻ നടപടി സ്വീകരിച്ചു. അഗ്‌നിരക്ഷാസേനാ വാഹനത്തിൽ ക്യാമറകൾ സ്ഥാപിച്ചു. സെൻട്രൽലൈൻ ലൈറ്റ്, ടച്ച്സോൺ ലൈറ്റ് തുടങ്ങിയ ആധുനിക പ്രകാശസംവിധാനങ്ങൾ റൺവേയിൽ ഒരുക്കി. റീകാർപറ്റിങ് നടത്തി റൺവേ ബലപ്പെടുത്തി. പുതിയ എടിസി ടവർ നിർമിക്കാൻ പദ്ധതി തയ്യാറാക്കി. പ്രൈമറി റഡാർ സ്ഥാപിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. റിപ്പോർട്ടിൽ നിർദേശിച്ച മിക്കകാര്യങ്ങളും വിമാനത്താവളത്തിൽ പൂർത്തിയാക്കിയെങ്കിലും വലിയ സർവീസുകളുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല.
65 പേർ ഇപ്പോഴും ചികിത്സയിൽ
സംഭവത്തിൽ പരിക്കേറ്റ മിക്കവരും സാധാരണ ജീവിതത്തിലേക്കു മടങ്ങിയെങ്കിലും 65 പേർ ഇപ്പോഴും ചികിത്സയിലാണ്. ഗുരുതരമായി പരിക്കേറ്റ് ശരീരം തളർന്നവരും ഇതിലുണ്ട്. നഷ്ടപരിഹാരത്തിനായി ഇന്ത്യ, ദുബായ്, അമേരിക്ക എന്നിവിടങ്ങളിലാണ് കേസുകൾ നടന്നത്. ഇതിൽ 90 ശതമാനം ക്ലെയിമുകളും എയർ ഇന്ത്യ ഒത്തുതീർത്തു. 12 ലക്ഷം മുതൽ 7.5 കോടി രൂപവരെയാണ് നഷ്‌ടപരിഹാരമായി എയർ ഇന്ത്യ എക്സ്പ്രസ് വിതരണംചെയ്‌തത്. 600 കോടി രൂപയാണ് ഇൻഷുറൻസ് ഇനത്തിൽ എയർ ഇന്ത്യ എക്സ്പ്രസിനു ലഭിച്ചത്.
രക്ഷകരായി ഒരു നാടാകെ.
വിമാനം ഏതുസമയവും പൊട്ടിത്തെറിക്കാമെന്ന മുന്നറിയിപ്പോ, കോവിഡ് ഭീതിയോ വകവെക്കാതെ ഒരു നാട് ഒന്നിച്ച് രക്ഷാപ്രവർത്തനത്തിനിറങ്ങിയതാണ് മരണസംഖ്യ കുറച്ചത്. പ്രദേശത്തുകാരുടെ ഓട്ടോറിക്ഷ മുതൽ ലോറി വരെ ആംബുലൻസുകളായി മാറി. പരിക്കുകളുടെ ഗൗരവം കണ്ടറിഞ്ഞാണ് അവരെ വിവിധ ആശുപത്രികളിലേക്കു മാറ്റിയത്. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ സർക്കാർ, സ്വകാര്യ ആശുപത്രികളിലും മെഡിക്കൽ കോളജുകളിലും പരിക്കേറ്റവരെ എത്തിച്ചു. ആ രക്ഷാപ്രവർത്തനത്തിനു ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അഭിനന്ദനപ്രവാഹം ഇന്നും നിലച്ചിട്ടില്ല.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia



0 അഭിപ്രായങ്ങള്‍