റോഡിലെ കുഴിയല്ല മരണത്തിന് കാരണം - ചില സൈബർ പ്രൊഫൈലുകൾ ന്യായീകരണവുമായി രംഗത്തെത്തിയതിനെതിരെ ശക്തമായ പ്രതിഷേധം -

റോഡിലെ കുഴിയല്ല മരണത്തിന് കാരണം - ചില സൈബർ പ്രൊഫൈലുകൾ ന്യായീകരണവുമായി രംഗത്തെത്തിയതിനെതിരെ ശക്തമായ പ്രതിഷേധം - മോജുമോഹൻ ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റിൻ്റെ പൂർണ്ണ രൂപം വായിക്കാം.

ഇന്ന് കാലത്ത് തൃശ്ശൂർ അയ്യന്തോളിൽ വച്ച് റോഡപകടത്തിൽ ആബേൽ എന്ന ചെറുപ്പക്കാരന്റെ ജീവൻ നഷ്ടപ്പെടുകയുണ്ടായി. റോഡിലെ കുഴിയല്ല അപകടകാരണം എന്ന ന്യായീകരണവുമായി ചില സൈബർ പ്രൊഫൈലുകൾ രംഗത്തെത്തിയതായി കാണാൻ കഴിഞ്ഞു. ഈ അപകടസ്ഥലത്ത് നിന്നും 50 മീറ്റർ അകലെയുള്ള ഫ്ലാറ്റിലാണ് ഞാൻ താമസിക്കുന്നത് രാവിലെ ഓഫീസിൽ പോകാനായി ഇറങ്ങിയപ്പോൾ കണ്ട അതിദാരുണമായ കാഴ്ച ആബേലിന് സംഭവിച്ച അപകടമാണ്.  വളരെ വ്യക്തമായി ആ പ്രദേശം അറിയാവുന്നവർക്ക് പറയാൻ സാധിക്കും ആബേലിന്റെ ജീവനെടുത്തത് റോഡിലെ കുഴി തന്നെയാണ്. ആബേൽ ഓടിച്ചിരുന്ന ബൈക്ക് സഡൻ ബ്രേക്ക് ഇടുന്നതും തെന്നി ബസ്സിനടിയിലേക്ക് പോകുന്നതും കാണുന്ന ഒരു സിസിടിവി ദൃശ്യം പ്രചരിപ്പിച്ചു കൊണ്ടാണ് ഈ സൈബർ ഹാൻഡിലുകൾ കുഴിയല്ല അപകടകാരണം എന്ന് ന്യായീകരിക്കുന്നത്. 

അപകടം സംഭവിച്ച സ്ഥലത്തെ വീഡിയോ ഞാൻ താഴെ പോസ്റ്റ് ചെയ്യുന്നുണ്ട് അതിൽ നിന്നും വളരെ വ്യക്തമായി നമുക്ക് മനസ്സിലാക്കാൻ സാധിക്കും ആബേലിന് അപകടം നടന്ന സ്ഥലത്തിന്റെ വലതുവശത്ത് വലിയ ഗർത്തവും അതുപോലെതന്നെ വെള്ളക്കെട്ടും ഉണ്ട്.  ഞാൻ പോസ്റ്റ് ചെയ്ത വീഡിയോ സസൂഷ്മം പരിശോധിച്ചാൽ അത് നിങ്ങൾക്ക് മനസ്സിലാക്കാം. അപകടം നടന്ന സ്ഥലത്തിന്റെ തൊട്ടടുത്തുതന്നെ ആബേലിന്റെ വാഹനം ഇരിപ്പുണ്ട്. ഇന്ന് അപകടശേഷം പോലീസ് ഇനി ആ കുഴിയിൽ ആരും ചാടാതിരിക്കുന്നതിന് വേണ്ടി അവിടെ സിഗ്നൽ സ്ഥാപിച്ചിരിക്കുന്നതും നിങ്ങൾക്ക് കാണാൻ സാധിക്കും. ഇത്രയേറെ യാഥാർത്ഥ്യം നമ്മുടെ കൺമുന്നിൽ നിൽക്കുമ്പോഴും കുഴി കാരണമല്ല,  അത് അവന്റെ വിധിയാണ് എന്ന് സ്ഥാപിക്കാനാണ് സൈബർ ഹാൻഡുകളുടെ ശ്രമം. 

ആബേൽ സഞ്ചരിച്ച ബൈക്ക് അയ്യന്തോൾ കളക്ടറേറ്റിൽ നിന്നും പുഴക്കൽ  ഭാഗത്തേക്കാണ് പോയിക്കൊണ്ടിരുന്നത്. അപകടം നടന്ന സ്ഥലത്ത് വലതുവശത്ത് വലിയ ഗർത്തവും അതിനൊത്ത വെള്ളക്കെട്ടും നമുക്ക് വീഡിയോയിൽ കാണാം

 ആബേൽ ഒരു ബസ്സിനെ മറികടക്കാൻ ശ്രമിക്കവേ ഓപ്പോസിറ്റ് വരുന്ന ബൈക്ക് യാത്രികൻ ഇടതുവശത്തേക്ക് ചേർക്കുന്നതിനു പകരം റോഡിന്റെ മധ്യഭാഗത്തേക്ക് ഓടിച്ചു വരുന്നതും ആ സിസിടിവിയിൽ തന്നെ ദൃശ്യമാണ്. അതിന്റെ കാരണം ഇടതുവശത്തുള്ള വലിയ കുഴിയാണ്. ആ കുഴിയുടെ അടുത്ത് എത്തിയാൽ മാത്രമേ അതിന്റെ വ്യാപ്തിയും പ്രദേശത്തുള്ള വെള്ളക്കെട്ടും മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ. ആ വലിയ കുഴിയിൽ പെടാതെ റോഡിന്റെ മധ്യഭാഗത്ത് കൂടെ ബൈക്ക് യാത്രക്കാരും, വാഹനങ്ങളും വരുന്നതു കൊണ്ടാണ് ബസ്സിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിച്ച ആബേലിന്റെ ശ്രമം പൂർത്തീകരിക്കാൻ കഴിയാതെ വന്നതും, എന്ത് ചെയ്യണം എന്ന് അറിയാതെ വരികയും ബസ്സിനടിയിൽപ്പെട്ട് അതിദാരുണമായ അന്ത്യം സംഭവിക്കുകയും ചെയ്തത്. ഒരു പക്ഷെ ആ കുഴി അവിടെ ഇല്ലെങ്കിൽ, വലത് വശത്തു വരുന്ന വാഹനങ്ങൾ സുഗമമായി പോകുകയും, ആബേലിന്റെ ഓവർ ടേക്കിങ് ശ്രമം വിജയം കാണുകയും ആബേൽ ഇന്ന് ജീവനോടെ ഉണ്ടാവുകയും ചെയ്തേനെ.. 

സൈബർ ഹാൻഡിലുകൾ കുഴിയല്ല മരണകാരണം എന്ന രീതിയിൽ പ്രചരിപ്പിക്കുന്ന വീഡിയോയും ഞാൻ മുകളിൽ ഷെയർ ചെയ്തിട്ടുണ്ട്. എന്നാൽ ആ വീഡിയോയിൽ വളരെ വ്യക്തമായി തന്നെ റോഡിന്റെ വലതുഭാഗം മറച്ചിരിക്കുന്നു. വലതുഭാഗത്തെ വലിയ ഗർത്തവും അതിലെ വെള്ളക്കെട്ടും അവർ മനപ്പൂർവം മറച്ചുകൊണ്ട് അവിടെ അപകടം നടക്കുന്ന ആ ഒരു സീൻ മാത്രം എടുത്തു കാണിക്കുന്നു.. 

അപകടം നടന്ന സ്ഥലത്തു മാത്രമല്ല ലോ കോളേജ് ജംഗ്ഷൻ മുതൽ പുഴക്കൽ പാടം റോഡ് വരെയും റോഡ് പൊളിഞ്ഞ് തകർന്നു കിടക്കുകയാണ്. അയ്യന്തോൾ മുതൽ പുഴക്കൽപാടം വരെ വാഹനങ്ങൾ വഴിതിരിച്ചുവിടുന്ന, ഗതാഗതം താറുമാറായാൽ അടിയന്തര സാഹചര്യം ഉണ്ടായാൽ വാഹനങ്ങൾക്ക് പൂങ്കുന്നത്തേക്ക് വരുന്നതിനു വേണ്ടിയുള്ള ലോ കോളേജ് ജംഗ്ഷൻ വഴി പൂങ്കുന്നം ജംഗ്ഷനിലേക്ക് പോകുന്ന റോഡിന്റെ ചിത്രങ്ങളും മുകളിൽ നൽകിയിട്ടുണ്ട്. ആ റോഡിൽ ടാർ കണ്ടുപിടിക്കുന്നവർക്ക് ലൈഫ് ടൈം സെറ്റിൽമെന്റ് നൽകാൻ ചിലർ തയ്യാറായിട്ടുണ്ട്. 

ആബേലിന്റെ മരണത്തിന് ഉത്തരവാദി റോഡിലെ ആ വലിയ ഗർത്തവും ആ വെള്ളക്കെട്ടും തന്നെയാണ്. അത് ആ പ്രദേശത്ത് വന്ന് കണ്ടാൽ നമുക്ക് നേരിട്ട് മനസ്സിലാവും അതിന്റെ യഥാർത്ഥ ചിത്രവും വീഡിയോയും ഈ പോസ്റ്റിൽ തന്നെ ഉൾപ്പെടുത്തിയിട്ടുണ്ട്.. ആബേലിന്റെ ജീവൻ കവർന്നത് റോഡിലെ കുഴി തന്നെയാണ്. ഒരു സംശയവും വേണ്ട...

റോഡിലെ കുഴി ഫേസ്ബുക്കിൽ അടക്കാൻ ശ്രമിക്കുന്ന സൈബർ പോരാളികളെ മരണം നിങ്ങളെയും കാത്തിരിക്കുന്നുണ്ടെന്ന് മറക്കാതിരിക്കുക...!





എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


https://chat.whatsapp.com/FX16iijLtA9FHNfxI9dYhG]




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍