എല്ലാവരുടെയും മുഖത്ത് എന്തൊരു തെളിച്ചം, അഭിമാനം - മഞ്ജു വാര്യർ കുടുംബശ്രീയെക്കുറിച്ച് പറഞ്ഞ വാക്കുകൾക്ക് നന്ദി അറിയിച്ച് മന്ത്രി എം. ബി. രാജേഷ്.
മന്ത്രിയുടെ വാക്കുകളിലേക്ക് കണ്ണോടിക്കാം.
മഞ്ജുവാര്യർ ആത്മാവിൽ തൊട്ടെഴുതിയ കുറിപ്പ് വായിച്ചു. വായിക്കുന്നവരുടെ ആത്മാവിലേക്കിറക്കുന്ന സത്യസന്ധമായ വരികൾ. നീലാകാശത്തിൻ്റെ നിറമുള്ള വാതിലും അതിനപ്പുറത്തു നിന്നുയരുന്ന ചിലങ്കയുടെ ശബ്ദവും മോഹിപ്പിച്ച കുട്ടിക്കാലത്തെക്കുറിച്ച് അവർ എഴുതുമ്പോൾ ഓർമ്മകൾക്കൊപ്പം കവിത കിനിയുന്നതുപോലെ. ആ കുറിപ്പിൽ നാഗർകോവിലിലെ പഴയ മാതർസംഘത്തെക്കുറിച്ചും, കുടുംബശ്രീയെക്കുറിച്ചും പരാമർശിക്കുമ്പോൾ മഞ്ജുവാര്യരിൽ ഒരു അഭിമാനിനിയായ സ്ത്രീയെ കാണുന്നു. കുടുംബശ്രീയെ ശരിയായി മനസ്സിലാക്കുകയും, അടയാളപ്പെടുത്തുകയും ചെയ്ത നല്ല വാക്കുകൾക്ക് കുടുംബശ്രീയുടേയും, തദ്ദേശവകുപ്പിൻ്റേയും മന്ത്രി എന്ന നിലയിൽ ഹൃദയം നിറഞ്ഞ നന്ദി.
കുടുംബശ്രീയോട് എക്കാലത്തും മഞ്ജുവാര്യർ ആത്മബന്ധം പുലർത്തിയിട്ടുണ്ട്. മനോഹരമായ കുറിപ്പിൽ അയൽക്കൂട്ട ഒത്തുചേരലുകളെ കൂടുതൽ സർഗ്ഗാത്മകമാക്കാനായി അവർ മുന്നോട്ടു വെച്ച നിർദ്ദേശങ്ങൾ വളരെ വിലപ്പെട്ടതാണ്. അവ നടപ്പാക്കാൻ കഴിയുന്നതാണ്. അതിനാവശ്യമായ നിർദ്ദേശം നൽകുമെന്നറിയിക്കട്ടെ. ഇപ്പോൾ തന്നെ കുറിപ്പിൽ ചുണ്ടിക്കാട്ടിയ പോലെ രംഗശ്രീ ഉണ്ട്. എന്നിടം എന്ന പേരിൽ ഓരോ എ.ഡി.എസിലും ഒത്തുചേരാനൊരു കേന്ദ്രവും അവിടെ ഓരോ മാസവും ചേരുന്ന സാംസ്ക്കാരിക കൂട്ടായ്മകളുണ്ട്. അരങ്ങ് എന്ന പേരിൽ ഓരോ വർഷവും സംസ്ഥാനതലം വരെ സംഘടിപ്പിക്കുന്ന കുടുംബശ്രീ കലോൽസവം എന്നിങ്ങനെ പെൺജീവിതത്തിൻ്റെ ആവിഷ്ക്കാരങ്ങൾക്കായി നിരവധി വാതിലുകൾ തുറന്നിട്ടിരിക്കുകയാണ് കുടുംബശ്രീ പ്രസ്ഥാനം. കാൽ നൂറ്റാണ്ടിലേറെക്കാലമായി ദശലക്ഷക്കണക്കിന് സ്ത്രീകളുടെ ജീവിതത്തെ വിപ്ളവകരമായി മാറ്റിത്തീർക്കാക്കാൻ കുടുംബശ്രീക്കു കഴിഞ്ഞു.
കുടുബശ്രീയുടെ മുദ്രാഗീതത്തിൽ പാടുന്നതു പോലെ വിധിവാക്യങ്ങൾ തിരുത്തിക്കുറിച്ചും, കഥകൾ പറഞ്ഞും, കരളു പകുത്തും തമ്മിൽ താങ്ങായി നിൽക്കുന്ന പ്രസ്ഥാനമാണിത്. സാമ്പത്തികമായും, സാമൂഹികമായും, രാഷ്ട്രീയമായും മാത്രമല്ല സാംസ്ക്കാരികമായും കൂടി ശാക്തീകരിക്കുക എന്നത് തന്നെയാണ് കുടുംബശ്രീ ലകഷ്യമിടുന്നത്. അതിന് ഉതകുന്ന നിർദ്ദേശമാണ് മഞ്ജു വാര്യർ മുന്നോട്ടുവച്ചിട്ടുള്ളത്. കൂട്ടത്തിൽ ഒരു കാര്യം കൂടി മഞ്ജു വാര്യരുടെ ശ്രദ്ധയിൽ പെടുത്തട്ടെ. എന്റെ മണ്ഡലമായ തൃത്താലയിൽ അതിജീവനത്തിന്റെ പെൺവായന എന്ന പേരിൽ സ്ത്രീകൾക്കിടയിൽ പുസ്തക വായന പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി വിപുലമായ പദ്ധതി കൂടി നടപ്പിലാക്കി വരുന്നു. തൃത്താല മണ്ഡലത്തിലെ ഗ്രന്ഥശാലകളുടെ സഹകരണത്തോടെ സംഘടിപ്പിച്ച ഈ പദ്ധതി വായനയേയും, സംവാദങ്ങളേയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിരവധി പ്രവർത്തനങ്ങളാണ് കഴിഞ്ഞ നാളുകളിൽ സംഘടിപ്പിച്ചത്. ഒരിക്കൽ അതിന്റെ ഭാഗമാവാൻ മഞ്ജു വാര്യരെ ക്ഷണിക്കുന്നു.
കുടുംബശ്രീയെ കുറിച്ചുള്ള ഹൃദയസ്പർശിയായ വാക്കുകൾക്ക് ഒരിക്കൽ കൂടി നന്ദി.
👁️🗨️ എൻ മീഡിയ ഇപ്പോൾ ഫേസ്ബുക്കിലും, യുട്യൂബിലും, വാട്സ്ആപ്പിലും, ഇൻസ്റ്റഗ്രാമിലും ലഭ്യമാണ്. 🌐 വാർത്തകൾ ഓൺലൈനായി_വേഗത്തിൽ നിങ്ങളിലേക്ക്...... ↪️ ഫേസ്ബുക്ക് ലിങ്ക് https://www.facebook.com/share/16JALkahAd/ ↪️ യുട്യൂബ് ലിങ്ക് https://youtube.com/@nonlinemedia ↪️ വാട്ട്സാപ്പ് ലിങ്ക് https://chat.whatsapp.com/FX16iijLtA9FHNfxI9dYhG ↪️ ഇൻസ്റ്റഗ്രാം ലിങ്ക് https://www.instagram.com/n.online.media/profilecard/?igsh=bGpramlnNDVreTB5
0 അഭിപ്രായങ്ങള്‍