ശമ്പള പരിഷ്കരണം നടപ്പാക്കുക ,കുടിശിക ക്ഷാമബത്ത അനുവദിക്കുക.




എൻജിഒ യൂണിയൻ്റെ വാർത്താക്കുറിപ്പിൻ്റെ പൂർണ്ണരൂപം വായിക്കാം.

സമയബന്ധിത ശമ്പള പരിഷ്കരണം നടപ്പാക്കണം എന്ന സമീപനമാണ് എക്കാലത്തും ഇടതുപക്ഷ ഗവൺമെന്റുകൾ കേരളത്തിൽ സ്വീകരിച്ചിട്ടുള്ളത്. 01.07.1968-ൽ അടുത്ത ശമ്പളപരിഷ്കരണം അഞ്ചുവർഷം പൂർത്തിയാകുമ്പോൾ നൽകുമെന്ന പ്രഖ്യാപനത്തോടെയാണ് ആദ്യ ശമ്പള പരിഷ്കരണം നടപ്പിലാക്കിയത്. എന്നാൽ യുഡിഎഫ് സർക്കാരുകൾ അഞ്ച് വർഷ തത്വം പാലിക്കാതെ വേതന പരിഷ്കരണത്തോട് പുറംതിരിഞ്ഞു നിൽക്കുന്ന സമീപനമാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് ഏത് കാലഘട്ടം പരിശോധിച്ചാലും ബോധ്യമാകുന്നതാണ്.
1973-ലും 1978- ലും അനിശ്ചിതകാല പണിമുടക്കങ്ങളിലൂടെയാണ് ശമ്പള പരിഷ്കരണം നേടിയെടുക്കാൻ സാധിച്ചത്. 1983- ലെ ശമ്പള പരിഷ്കരണം ലഭിക്കുന്നതിനായി 1984 ലും 1985 ലും രണ്ട് അനിശ്ചിതകാല പണിമുടക്കങ്ങൾ ചെയ്യേണ്ടിവന്നു.

 1983- ലെ ശമ്പള പരിഷ്കരണം ഉത്തരവായപ്പോൾ 21 മാസത്തെ കുടിശ്ശികയും 2002-ൽ ലഭിക്കേണ്ട ശമ്പളപരിഷ്കരണം സമയബന്ധിതമായി നൽകാതെ 37 മാസത്തെയും കുടിശ്ശികയും ജീവനക്കാർക്ക് നഷ്ടപ്പെട്ടു. (1.7.2004 മുതൽ പ്രാബല്യം,സാമ്പത്തിക ആനുകൂല്യം 2005 ഏപ്രിൽ മുതൽ)
 അതായത് ആകെ 58 മാസത്തെ കുടിശ്ശിക നൽകാതെ ,ഒരു ശമ്പള പരിഷ്കരണത്തിൻ്റെ ആനുകൂല്യം പൂർണമായും ജീവനക്കാർക്ക് ഇല്ലാതാക്കി.
2005ലെ ശമ്പള പരിഷ്കരണത്തിൽ ആദ്യത്തെ 6 സ്കെയിലിലെ ജീവനക്കാർക്ക് ലഭിച്ചു കൊണ്ടിരുന്ന ശമ്പളവും കുറയുന്ന സാഹചര്യം സൃഷ്ടിച്ചു.   
1992- ൽ പേ ഇക്വലൈസേഷന്റെ ഭാഗമായി ജീവനക്കാർക്ക് ലഭിച്ചുകൊണ്ടിരുന്ന ആനുകൂല്യങ്ങൾ നഷ്ടപ്പെടുന്ന സാഹചര്യങ്ങളുണ്ടായതും ചരിത്രമാണ്.
എന്നാൽ 1988, 1997, 2009, 2019 എന്നീ വർഷങ്ങളിൽ ഇടത് സർക്കാരുകൾ അഞ്ചുവർഷ തത്വം പാലിച്ചുകൊണ്ട് ശമ്പള പരിഷ്കരണം നടപ്പാക്കിയിട്ടുണ്ട്.  
2 പ്രളയവും കോവിഡും സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നിട്ടും 01.07. 2019 മുതൽ നടപ്പാക്കേണ്ട പതിനൊന്നാം ശമ്പള പരിഷ്കരണം അനുഭവവേദ്യമാക്കിയത് ഇടതുപക്ഷ സർക്കാരാണ്. കേരളത്തിലെ സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും പന്ത്രണ്ടാം ശമ്പളപരിഷ്കരണം 01. 07.2024 മുതൽ അനുവദിക്കപ്പെടേണ്ടതുണ്ട് .  
കേരളം,കർണാടക, ആന്ധ്ര, തെലുങ്കാന ഒഴികെയുള്ള സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും പത്തുവർഷ ശമ്പളപരിഷ്ക്കരണമാണ് നടപ്പിലാക്കുന്നത് . കേരളത്തിൽ ഇടതുപക്ഷ ഗവൺമെന്റുകൾ. പ്രഖ്യാപിച്ച് അനുവദിക്കപ്പെട്ടു പോരുന്ന അഞ്ചുവർഷ ശമ്പള പരിഷ്കരണ തത്വം പാലിച്ചുകൊണ്ടുള്ള ശമ്പള പരിഷ്കരണം 01. 07. 2024 മുതൽ ജീവനക്കാരുടെ മേഖലയിൽ അനുഭവവേദ്യമാക്കണം .
ക്ഷാമബത്ത -  
1967-ലെ ഇഎംഎസ് സർക്കാരാണ് കേരളത്തിൽ ആദ്യമായി കേന്ദ്രനിരക്കിൽ ക്ഷാമബത്ത അനുവദിച്ചത്. കേന്ദ്രം അനുവദിക്കുന്ന അതേ പ്രാബല്യ തീയതിയിൽ ക്ഷാമബത്ത അനുവദിച്ചത് 1980-ലെ നായനാർ സർക്കാരാണ്. 1997- ലെ ഇടതുപക്ഷ സർക്കാർ നടപ്പിലാക്കിയ ശമ്പള പരിഷ്കരണത്തിലാണ് അടിസ്ഥാന ശമ്പളത്തോടൊപ്പം ക്ഷാമബത്ത കൂടി ചേർത്ത് ഡി.സി.ആർ.ജി പ്രഖ്യാപിക്കുന്നത്.
2006-ലും 2016-ലും അധികാരത്തിൽ ഉണ്ടായിരുന്ന ഇടതുപക്ഷ ഗവൺമെൻറ് കുടിശ്ശിക ഇല്ലാതെ ക്ഷാമബത്ത അനുവദിച്ചിട്ടുണ്ട് . എന്നാൽ യുഡിഎഫ് സർക്കാരുകൾ അധികാരത്തിൽ വന്ന കാലയളവിൽ എല്ലാം ജീവനക്കാരുടെ ക്ഷാമബത്ത തർക്ക വിഷയമാക്കുകയും നീട്ടിക്കൊണ്ട്പോവുകയും ചെയ്തിട്ടുള്ളതാണ് ചരിത്രം.
1975-ൽ 6 ഗഡു ക്ഷാമബത്ത യുഡിഎഫ് സർക്കാർ കുടിശ്ശിക വരുത്തി. 1978,1983, 1991 കാലഘട്ടങ്ങളിലും ക്ഷാമബത്ത കുടിശ്ശികയാക്കിയവർ 1995-ൽ അധികാരമൊഴിയുമ്പോൾ 22% കുടിശികയാക്കിയിരുന്നു.  
കേരളത്തിൻ്റെ തുടർ വികസനങ്ങളെ പൂർണ്ണമായി തടയിടുന്ന രീതിയിലുള്ള സാമ്പത്തിക ഉപരോധമാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്. ഈ സാമ്പത്തിക ഉപരോധം മൂലം പതിനൊന്നാം ശമ്പളപരിഷ്കരണ കുടിശ്ശികയും, പന്ത്രണ്ടാം ശമ്പളപരിഷ്കരണവും ക്ഷാമബത്തയും സമയബന്ധിതമായി ജീവനക്കാർക്ക് നൽകാൻ കഴിയാത്ത സാഹചര്യം ഇപ്പോഴത്തെ ഇടതുപക്ഷ ഗവൺമെൻറിനുണ്ടായി. ഈ സാഹചര്യത്തിലും ക്ഷാമബത്തയോ, ശമ്പളപരിഷ്കരണമോ തർക്ക പ്രശ്നമാക്കാൻ സർക്കാർ മുതിർന്നില്ല. എന്ന് മാത്രമല്ല ചട്ടം 300 പ്രകാരം നിയമസഭയിൽ ഉറപ്പു നൽകുന്ന സാഹചര്യവും ഉണ്ടായി എന്നുള്ളത് ശ്രദ്ധേയമാണ്. രാജ്യത്തെ സാമ്പത്തിക തകർച്ചയും, രൂക്ഷമായ തൊഴിലില്ലായ്മയും, വിലക്കയറ്റവും, പണപ്പെരുക്കവും സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾ നിശ്ചിത വരുമാനക്കാരായ ജീവനക്കാരെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യമുണ്ട്.
ഈ സാഹചര്യത്തിലാണ് പന്ത്രണ്ടാം ശമ്പള പരിഷ്കരണവും ക്ഷാമബത്ത കുടിശ്ശികയും അനുവദിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നുള്ള മുദ്രാവാക്യം ജൂലൈ 29ന് മാർച്ചിന്റെയും ധർണയുടെയും ഭാഗമായി ഉയർത്തുന്നത്.

 

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍