വി.എസിന് വിട - അനുസ്മരണ കുറിപ്പ് - കെ. രാധാകൃഷ്ണൻ എം.പി.
സമത്വാധിഷ്ഠിതമായ കാലം കെട്ടിപടുക്കാന്‍ പ്രയത്നിച്ച വിപ്ലവ പോരാളി വിട പറഞ്ഞിരിക്കുന്നു.
ജനകീയ പോരാട്ടങ്ങളുടെ പ്രതീകമായിരുന്ന വി എസ് വിട പറഞ്ഞു. ഒരു സമൂഹത്തിന്റെ മുന്നേറ്റത്തിനായി സത്യസന്ധതയും പ്രതിബദ്ധതയും നിറഞ്ഞ ജീവിതം നയിച്ച വി എസിന്‍റെ വിട വാങ്ങല്‍ ചരിത്രത്തിലെ ഒരു യുഗത്തിന്റെ അന്ത്യത്തെയാണ് സൂചിപ്പിക്കുന്നത്.
ഒരുപാട് ത്യാഗപൂര്‍ണ്ണമായ ജീവിതത്തിലൂടെയാണ് അദ്ദേഹം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അനിഷേധ്യനായ നേതാവായത്.അത് ഒറ്റ ദിവസം കൊണ്ട് സംഭവിച്ചതല്ല.സാമൂഹ്യ നീതിക്കായുള്ള പോരാട്ടത്തില്‍ കഠിനമായ പ്രവര്‍ത്തനം ആണ് അദ്ധേഹത്തിന്റെ ജീവിതം.ആലപ്പുഴയിൽ കയർത്തൊഴിലാളിയായിരിക്കെ, കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപകനേതാക്കളിൽ പ്രമുഖനായ സഖാവ് പി. കൃഷ്ണപിള്ളയാണ് വി.എസിലെ സമരാഗ്നി കണ്ടെത്തിയത്. ക്ഷോഭിക്കുന്ന യൗവനവും അസാമാന്യമായ നിശ്ചയദാർഢ്യവും വി.എസിൽക്കണ്ട കൃഷ്ണപിള്ള നാല്പതുകളുടെ ആദ്യം കുട്ടനാട്ടിലെ കർഷകത്തൊഴിലാളികളെ സംഘടിപ്പിക്കുന്നതിന് നിയോഗിക്കുകയായിരുന്നു.
വികസനത്തിന്റെയും സാമൂഹ്യ നീതിയുടെയും പാതയിൽ ഒരു അജയ്യനായ പോരാളിയായിരുന്നു വി.എസ്. കര്‍ഷക തൊഴിലാളികളെ അവകാശ ബോധമുള്ളവരാക്കി മാറ്റാനുള്ള പ്രവര്‍ത്തനം നിരന്തരം അദ്ദേഹം ഏറ്റെടുത്തു. കര്‍ഷകരെ അടിമകളായി കണ്ട കാലത്ത് വി എസ് നടത്തിയ പോരാട്ടങ്ങള്‍ എന്നും സ്മരിക്കപെടും
വി.എസിന്റെ ജീവിതം മുഴുവൻ സമരതീക്ഷ്ണമാണ്. അതുകൊണ്ടുതന്നെ കേരളത്തിൽ ജനകീയസമരമുഖങ്ങളിലെല്ലാം വി.എസ്. എത്തി. സമരങ്ങൾക്ക് ഊർജംപകർന്നു. സ്വാതന്ത്ര്യസമരകാലത്ത് തുടങ്ങിയ ആ സമരങ്ങൾ കർഷകത്തൊഴിലാളികളുടെ അവകാശസമരങ്ങളിലൂടെ, മിച്ചഭൂമി സമരങ്ങളിലൂടെ, പട്ടയസമരങ്ങളിലൂടെ, നഴ്സുമാരുടെ സമരങ്ങളിലൂടെ, കുടിയൊഴിപ്പിക്കലിനെതിരേയുള്ള സമരങ്ങളിലൂടെ, തൊഴിലാളി-സർവീസ് മേഖലയിലെ സമരങ്ങളിലൂടെ ഇപ്പോഴും പ്രവഹിക്കുകയാണ്. എവിടെയും സമരം ചെയ്യുന്നവരുടെ പ്രതീക്ഷയും പ്രതീകവുമായി വി.എസ്.. സമരങ്ങളുടെയും പ്രതിഷേധങ്ങളുടെയും മുഖമാണ്, അന്നും ഇന്നും.
1990 ല്‍ ഞാന്‍ ആദ്യമായി ജില്ലാ കൌണ്‍സിലില്‍ മത്സരിക്കുമ്പോള്‍ വരവൂര്‍ തളിയില്‍ വി എസ് പ്രസംഗിക്കാന്‍ എത്തിയിരുന്നു.അത് വരെ അകലെ നിന്ന് മാത്രം നോക്കി കണ്ടിരുന്ന സഖാവിനെ അടുത്ത് നിന്ന് കേട്ടതും അന്നാണ്. 1996 ല്‍ ആദ്യമായി നിയമസഭയില്‍ മത്സരിച്ചു മന്ത്രി ആയപ്പോള്‍ ഇടത് പക്ഷ മുന്നണിയുടെ കണ്‍വീനര്‍ ആയിരുന്നു വി എസ്.2001 ലെ നിയമ സഭയില്‍ വി എസ് പ്രതിപക്ഷ നേതാവും കോടിയേരി ഉപനേതാവും ആയിരുന്നു.ആ സഭയില്‍ പ്രതിപക്ഷത്തിന്റെ ചീഫ് വിപ്പ് ആയി വി എസി നോടൊപ്പം പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചു.2006 ല്‍ ഇടത് പക്ഷം വീണ്ടും അധികാരത്തില്‍ വന്നപ്പോള്‍ 5 വര്‍ഷം വി എസ് മുഖ്യമന്ത്രിയും ഞാന്‍ സ്പീക്കറും ആയി പ്രവര്‍ത്തിച്ചു.സഭക്ക് അകത്തും പുറത്തും നിരവധി അനുഭവങ്ങള്‍ വി എസു മായി ഉണ്ടായിരുന്നു.തുടര്‍ന്ന് 2011 ൽ വി എസ് പ്രതിപക്ഷ നേതാവായ സഭയിലും അദ്ധേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചു.തുടര്‍ച്ചയായി 15 വര്‍ഷം ജനപ്രതിനിധി എന്ന നിലയില്‍ വി എസി നോട് ചേര്‍ന്നു നിന്ന് പ്രവര്‍ത്തിച്ചതും പോരാടിയതും മങ്ങാത്ത ഓര്‍മ്മകള്‍ ആണ് ഇന്നും.
ജനങ്ങളുടെ ഹൃദയങ്ങളിൽ എന്നും ജീവിച്ചു തുടരുന്ന വേറിട്ട രാഷ്ട്രീയ നായകനായി അദ്ദേഹം ഓർക്കപ്പെടും. വി എസ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ പുതിയ തലമുറക്കും മാതൃക ആകേണ്ടതാണ്.ആ മാതൃക പിന്തുടര്‍ന്ന് കൊണ്ട് കൂടുതല്‍ നല്ല സമൂഹം കെട്ടിപടുക്കാന്‍ ഉള്ള പോരാട്ടത്തിനു പ്രചോധനമായി വി എസ് എന്നും നമ്മളോടൊപ്പം ഉണ്ടാകും. സമത്വാധിഷ്ഠിതമായ സമൂഹം ഉണ്ടാകുമ്പോള്‍ മാത്രമാണ് മനുഷ്യന്‍റെ മോചനം സാധ്യമാകു എന്ന കമ്മ്യൂണിസ്റ്റ് ആശയം സ്വാര്‍ത്ഥകമാക്കാന്‍ തന്‍റെ ജീവിതം മാറ്റി വെച്ച വിപ്ലവ പോരാളി വി എസിന്‍റെ വിട വാങ്ങലില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.
Red Salute Comrade
👁️🗨️ എൻ മീഡിയ ഇപ്പോൾ ഫേസ്ബുക്കിലും, യുട്യൂബിലും, വാട്സ്ആപ്പിലും, ഇൻസ്റ്റഗ്രാമിലും ലഭ്യമാണ്. 🌐 വാർത്തകൾ ഓൺലൈനായി_വേഗത്തിൽ നിങ്ങളിലേക്ക്...... ↪️ ഫേസ്ബുക്ക് ലിങ്ക് https://www.facebook.com/share/16JALkahAd/ ↪️ യുട്യൂബ് ലിങ്ക് https://youtube.com/@nonlinemedia ↪️ വാട്ട്സാപ്പ് ലിങ്ക് https://chat.whatsapp.com/FX16iijLtA9FHNfxI9dYhG ↪️ ഇൻസ്റ്റഗ്രാം ലിങ്ക് https://www.instagram.com/n.online.media/profilecard/?igsh=bGpramlnNDVreTB5
0 അഭിപ്രായങ്ങള്‍