തൃശൂർ ജില്ലയില്‍ 'വാ.. വായിക്കാം' പദ്ധതി തുടങ്ങി.

കോലഴി: ജനറേഷന്‍ വ്യത്യാസമില്ലാതെ വാ... വായിക്കാം കുട്ടികള്‍, മുതിര്‍ന്നവര്‍, വയോജനങ്ങള്‍ എന്നിങ്ങനെ സമൂഹത്തിലെ എല്ലാ തലമുറയില്‍പ്പെട്ടവരിലും വായനാശീലം വളര്‍ത്തിയെടുക്കാന്‍ ജില്ലയില്‍ 'വാ.. വായിക്കാം' പദ്ധതി തുടങ്ങി. വായനാദിനത്തിന്റെ ഭാഗമായി പുഴയ്ക്കല്‍ ബ്ലോക്കിലെ കോലഴി പഞ്ചായത്ത് 11-ാം വാര്‍ഡിലെ 176-ാം നമ്പര്‍ ആട്ടോര്‍ അങ്കണവാടിയിലെ വാ... വായിക്കാം പദ്ധതിയിലേക്കുള്ള പുസ്തകങ്ങള്‍ വിതരണം ചെയ്തു. അങ്കണവാടിയിൽ എത്തി പുസ്തകങ്ങളോടൊപ്പം കുട്ടികള്‍ക്ക് മധുരവും ക്രയോണ്‍സും നല്‍കിക്കൊണ്ടായിരുന്ന ഉദ്ഘാടനം നിര്‍വ്വഹിച്ചത്. 

ചടങ്ങില്‍ കോലഴി പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി വിശ്വംഭരന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ലിനി ഷാജി, ബ്ലോക്ക് മെമ്പര്‍ അരുണ്‍ ഗോപി, സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍മാരായ സുനിത വിജയഭാരത്, ഉഷ രവിന്ദ്രന്‍, അങ്കണവാടി ടീച്ചര്‍മാരായ വിജയകുമാരി, സുബി, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ സിന്ധു, ജനപ്രതിനിധികള്‍, അങ്കണവാടി ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.    ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ജില്ലയിലെ അങ്കണവാടികളെ കേന്ദ്രീകരിച്ച് ത്രീ-ജി (ത്രീ ജനറേഷന്‍) അങ്കണവാടി എന്ന ആശയത്തെ അടിസ്ഥാനപ്പെടുത്തിയുള്ള പദ്ധതിയാണ് വാ..വായിക്കാം. കുട്ടികള്‍, മുതിര്‍ന്നവര്‍, വയോജനങ്ങള്‍ തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗത്തിലുമുള്ളവര്‍ക്കുമായി ഓരോ അങ്കണവാടികളിലും ഓരോ വായനശാല എന്നതാണ് ഭരണകൂടം ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ ജില്ലയില്‍ നിന്നും 30 അങ്കണവാടികളാണ് തെരഞ്ഞെടുത്തിട്ടുള്ളത്. ആദ്യഘട്ടമെന്ന നിലയില്‍ കോലഴി പഞ്ചായത്തിലെ ആട്ടോര്‍ അങ്കണവാടി ഉള്‍പ്പെടെ തെക്കുംകര പഞ്ചായത്തിലെ മങ്കര, വേലൂര്‍ പഞ്ചായത്തിലെ നടുവിലങ്ങാടി തുടങ്ങിയ പ്രദേശങ്ങളിലെ മൂന്ന് അങ്കണവാടികളിലേക്ക് 150 ബുക്കുകള്‍ വീതം നല്‍കിക്കൊണ്ടാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. പുസ്തകങ്ങള്‍ വായിക്കാനും വായനാശീലം പകര്‍ന്നു നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പദ്ധതിയിലേക്ക് പുസ്തകങ്ങള്‍ സംഭാവന ചെയ്യാനുള്ള അവസരവും ജില്ലാ ഭരണകൂടം ഒരുക്കിയിട്ടുണ്ട്. വായനാശീലം വളര്‍ത്തി വായനയെ ലഹരിയാക്കിമാറ്റുകയും ഏവര്‍ക്കും സംവദിക്കുന്നതിനായും സൗഹാര്‍ദ്ദപരമായ ചര്‍ച്ചകളിലൂടെ മികച്ച ആശയങ്ങള്‍ പങ്കുവെക്കുന്നതിനുമായി ഒരു ഇടം ഒരുക്കുകയാണ് വാ.. വായിക്കാം പദ്ധതിയിലൂടെ. കുട്ടികള്‍ മുതല്‍ വയോജനങ്ങള്‍ വരെയുള്ള സമൂഹത്തിലെ എല്ലാവരിലും വായനാശീലം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് വാ.. വായിക്കാം എന്ന ഉദ്യമത്തിന് തുടക്കം കുറിച്ചത്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍