പഴമ .. ഒരറിവിലേക്കായ്.. മഹാരാജാവിൻ്റെ ശ്രീപദ്മനാഭ ദർശന ക്രമത്തെക്കുറിച്ച്...

തിരുവിതാംകൂർ രാജകുടുംബാംഗങ്ങൾ ശ്രീ പത്മനാഭ ദർശനത്തിന് എത്തുന്നത് രാവിലെ 7:30 മണിക്കാണ്. 

ആദ്യം ദർശനത്തിന് എത്തുന്നത് മഹാരാജാവാണ്. ഈ സമയങ്ങളിൽ എഴുന്നള്ളത്ത് സംബന്ധിച്ചല്ലാത്ത ജീവനക്കാരോ മറ്റു പൊതുജനങ്ങളോ ചെറുചുറ്റ്, തെക്കേടം, തിരുവമ്പാടി എന്നിവിടങ്ങളിൽ നിൽക്കുകയില്ല. ആകെ 10 മുതൽ 15 മിനിറ്റ് വരെ സമയമാണ് ദർശനത്തിനായി രാജകുടുംബങ്ങൾ എടുക്കുന്നത്. ചെമ്പകത്തിൻമൂട് നടവഴി കിഴക്കേ ശീവേലിപ്പുരയിൽ എത്തുമ്പോൾ ഒരു അകത്തെ പ്രവർത്തിക്കാരൻ ഉടവാൾ എടുത്തുകൊണ്ട് മുമ്പിലായി നടന്നുപോകും.

സ്വർണ്ണ ധ്വജ സ്തംഭവവും വാതിൽ മാടവും കടന്ന് തെക്കേടത്തെത്തുമ്പോൾ തിരുമേനി കാവൽക്കുറുപ്പ് ചെറുചുറ്റിൽ നമസ്കാരക്കല്ലിലെ മാറ്റെടുത്ത് മാറ്റി വടക്കേ വാതിലും കിഴക്കേ വാതിലും അടച്ച് സോപാനക്കല്ലിന്റെ വടക്കേ പടിയിൽ നിന്നുകൊണ്ട് ആചാരം ചെയ്യും. എഴുന്നള്ളത്തോടു കൂടി വന്ന അകത്തെ പ്രവർത്തിക്കാരൻ തൊട്ടിലിൽ നിന്നും ആദികൃഷ്ണ വിഗ്രഹം എടുത്ത് കിഴക്ക് ഭാഗത്ത് വയക്കും. ചെറുചുറ്റിന്റെ തെക്കു നടയിൽ കൂടി മഹാരാജാവ് അകത്ത് പ്രവേശിക്കുമ്പോൾ കുറുപ്പ് മുഖം കാണിച്ച ശേഷം മണ്ഡപത്തിന്റെ വടക്കു കിഴക്കായി നിൽക്കും. നമസ്കാരക്കല്ലിൽ നമസ്കരിച്ച് സോപാനത്തിന്റെ തെക്കേ പടവുകൾ കയറി വടക്കേ അറ്റം തൃപ്പാദദർശനം നടത്തി,തുടർന്ന് നടുവിലെ തൃക്കാപ്പും തെക്കേ തൃക്കാപ്പും ദർശിച്ച് വീണ്ടും തൃപ്പാദം തൊഴ്ത് മധ്യനടയിൽ നിൽക്കുമ്പോൾ നമ്പി ഒരുക്കി വെച്ചിരിക്കുന്ന വട്ടക പ്രസാദം നൽകും.

പഞ്ചഗവ്യം തീർത്ഥം,സ്വർണക്കിണ്ണത്തിൽ ചന്ദനം,പൂപ്പന്ത്,ഇലയമൃത്,നാടൻ പാക്ക്,ഇളനീര് എന്നിവ ഓരോന്നായി നൽകുമ്പോൾ ചുമതലപ്പെട്ട അകത്തെ പ്രവർത്തിക്കാരൻ ചെറുചുറ്റിന്റെ കിഴക്ക് വശത്തുള്ള മണി ഓരോന്ന് വിധം അടിക്കും ദേവാര പോറ്റി മഹാരാജാവിന്റെ കൈകളിൽ നിന്നും പ്രസാദങ്ങൾ ഓരോന്നായി വാങ്ങി മധ്യനടയുടെ തെക്കുവശത്തുള്ള ദ്വാരപാലകന്റെ തൃപ്പാദത്തിൽ വയ്ക്കും. വീണ്ടും ശിരോഭാഗവും തൃപ്പാദവും ദർശിച്ച് സോപാനത്തിന്റെ വടക്കേ പടവുകൾ വഴിയിറങ്ങി ശ്രീരാമസ്വാമിയെ ദർശിക്കും അവിടെ നിന്നും പ്രസാദം വാങ്ങി തേവാരി പോറ്റിയെ ഏൽപ്പിച്ച ശേഷം വിശ്വക്സേനയനെയും തൊഴുത് ആദികൃഷ്ണ വിഗ്രഹത്തെയും തൊട്ട് വന്ദിച്ച് തെക്കേടത്തെയും.

തീർത്ഥവും പ്രസാദവും സ്വീകരിക്കുമ്പോൾ അകത്തെ പ്രവർത്തിക്കാരൻ സന്നിധാനത്തിന്റെ തെക്കുവശമുള്ള മണി അടിക്കും. പ്രദക്ഷിണമായി വേദവ്യാസരെയും തൊഴുത് ശ്രീപാദത്തിങ്കൽ നമസ്കരിച്ച് കരുവമണ്ഡപം തൊട്ടു തൊഴുത് വടക്കേ നടവഴി തിരുവമ്പാടിയിൽ എത്തും. അവിടെ നിന്നും വട്ടക പ്രസാദം വാങ്ങുമ്പോൾ അകത്തെ പ്രവർത്തിക്കാരൻ വടക്കുകിഴക്കുള്ള മണി അടിക്കും. തേവാരി പോറ്റി പ്രസാദങ്ങൾ വാങ്ങും. ശ്രീകൃഷ്ണനെ വലം വെച്ച് ശ്രീചക്രം തൊട്ടു വന്ദിച്ച് പുറത്തേക്ക് വരും. 

നമസ്കാര മണ്ഡപത്തിന്റെ വടക്കുവശത്തുള്ള വെള്ളി ധ്വജ സ്തംഭം ചുറ്റി അകത്തെ വടക്കേ നടയിലൂടെ തിരുവോലക്ക മണ്ഡപവും കിഴക്കേ വാതിൽ മാടവും കടന്ന് ഹനുമാനെയും ഗരുഡനെയും ദർശിച്ച് കിഴക്കേ ശീവലിപ്പുരയിലൂടെ ചെമ്പകത്തിൻമൂട് നട വഴി പുറത്തേക്കിറങ്ങും.

Ref : ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം- ചരിത്രരേഖകളിലൂടെ by എസ്. ഉമാ മഹേശ്വരി

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍