മെഡിക്കൽ കോളേജ് സബ് ട്രഷറിക്ക് സ്വന്തമായി പുതിയ കെട്ടിടം ; ശിലാസ്ഥാപനം മെയ് 31ന്
തൃശ്ശൂർ മെഡിക്കൽ കോളേജ് സബ് ട്രഷറിക്ക് സ്വന്തമായി പുതിയ കെട്ടിടം ഒരുങ്ങുന്നു. ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ മെയ് 31ന് രാവിലെ 11 മണിക്ക് ശിലാസ്ഥാപനം നിർവ്വഹിക്കും. വടക്കാഞ്ചേരി എം.എൽ.എ സേവ്യർ ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ആലത്തൂർ എം.പി കെ. രാധാകൃഷ്ണൻ മുഖ്യാതിഥിയാകും.
അവണൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു മുൻവശത്തായി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് കൈമാറിയ 12 സെൻ്റ് സ്ഥലത്താണ് പുതിയ സബ് ട്രഷറി സ്ഥാപിക്കുക. മെഡിക്കൽ കോളേജ് സബ് ട്രഷറിക്ക് സ്വന്തമായി പുതിയ കെട്ടിടം അനുവദിക്കണമെന്ന ആവശ്യം സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ ഉന്നയിച്ചിരുന്നു. ഇതു പരിഗണിച്ച് സംസ്ഥാന ട്രഷറി വകുപ്പിന്റെ ആധുനികവൽക്കരണം ലക്ഷ്യമാക്കിയുള്ള അടിസ്ഥാന വികസന പദ്ധതിയായ ടി.ഐ.ഡി.പി (ട്രഷറി ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് പ്രോഗ്രാം) പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഒരു കോടി 90 ലക്ഷം രൂപ ചിലവിൽ 2700 സ്ക്വയർഫീറ്റ് വിസ്തൃതിയുള്ള ഫർണീഷിങ്ങോടെയുള്ള കെട്ടിടത്തിന് അനുമതിയായത്. ആധുനിക സൗകര്യങ്ങളോടെ വയോജന, ഭിന്നശേഷി സൗഹൃദമായാണ് കെട്ടിടത്തിന്റെ നിർമ്മാണം.
പൊതുമേഖലാ സ്ഥാപനമായ എച്ച്.എൽ.എല്ലിനാണ് നിർമ്മാണ ചുമതല. സബ് ട്രഷറി ഓഫീസറുടെ ഓഫീസ്, സ്ട്രോങ് റൂം, ഗാർഡ് റൂം, റിക്കാർഡ് റൂം, ഫ്രണ്ട് ഓഫീസ് കൗണ്ടറുകൾ, വെയിറ്റിംഗ് റൂം, ബാൽക്കണി, റാംപ്, ഭിന്നശേഷി സൗഹൃദ കാർ പാർക്കിങ് തുടങ്ങിയ സൗകര്യങ്ങൾ പുതിയ സബ് ട്രഷറി ഓഫീസിലുണ്ടാകും.
അഭിപ്രായങ്ങള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ