ചേലക്കര മണ്ഡലത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഉപതെരഞ്ഞെടുപ്പ്. കാല്‍ നൂറ്റാണ്ട് തുടർച്ചയായി ഇടതുപക്ഷത്തിനൊപ്പം നിലയുറപ്പിച്ച മണ്ഡലം ഇക്കുറിയും അത് ആവർത്തിക്കുമോ ? ഒരു പിടിയും തരാത്ത അടിയൊഴുക്കുകളാണ് പ്രചാരണകാലത്ത് അരങ്ങേറിയത്. ഫലം പ്രവചനാതീതം തന്നെ. എല്‍.ഡി.എഫ് പതിവുപോലെ ചിട്ടയായ പ്രചാരണങ്ങളില്‍ മുന്നേറി. സ്ഥാനാർഥി യു.ആർ. പ്രദീപ് മണ്ഡലത്തിലെ മുക്കുമൂലകളില്‍ വരെ എത്തി വോട്ടുതേടി. മുഖ്യമന്ത്രി ചേലക്കരയില്‍ ക്യാമ്പ് ചെയ്താണ് കഴിഞ്ഞ ദിവസങ്ങളില്‍ പ്രചാരണം നടത്തിയത്. കേന്ദ്ര-സംസ്ഥാന നേതാക്കളും എത്തിയിരുന്നു. സിറ്റിങ് സീറ്റ് നിലനിർത്തുന്നതിനൊപ്പം ലോകസഭാ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ കുറഞ്ഞ ഭൂരിപക്ഷം ഉയർത്തുകയും സി.പി.എം ലക്ഷ്യമാണ്.
സ്ഥാനാർഥിയുടെ സൗമ്യസമീപനം എല്ലാ ആരോപണങ്ങളും മറികടക്കുമെന്ന പ്രതീക്ഷയിലാണ് എല്‍.ഡി.എഫ് കേന്ദ്രങ്ങള്‍. അതേസമയം, എല്‍.ഡി.എഫ് സ്ഥാനാർഥിയുടെ പ്രചാരണ ബോർഡുകളില്‍ മുഖ്യമന്ത്രിയുടെ ചിത്രം ഉള്‍പ്പെടുത്താത്തതിനെ ചോദ്യം ചെയ്ത് യു.ഡി.എഫും പി.വി. അൻവർ എം.എല്‍.എയും അടക്കം രംഗത്തെത്തിയിട്ടുണ്ട്. തോല്‍വി ഭയന്നാണ് പിണറായിയുടെ ചിത്രംപോലും വെക്കാത്തതെന്നാണ് പി.വി. അൻവർ പരിഹസിച്ചത്.
ചരിത്രത്തിലില്ലാത്തവിധം യോജിച്ച പ്രവർത്തനമാണ് യു.ഡി.എഫ് നടത്തിയത്. യു.ഡി.എഫ് സ്ഥാനാർഥിയാകാൻ കുപ്പായം തയ്ച്ചിരുന്ന കെ.പി.സി.സി സെക്രട്ടറി എൻ.കെ. സുധീർ പാർട്ടിവിട്ട് പി.വി. അൻവർ എം.എല്‍.എയുടെ ഡി.എം.കെ സ്ഥാനാർഥിയായിട്ടുപോലും കോണ്‍ഗ്രസ് കാര്യമായ പ്രതിരോധത്തിന് പോയില്ല. സുധീറിനെതിരെ നടപടിയെടുത്ത് സഹതാപതരംഗത്തിന് വഴിയൊരുക്കിയുമില്ല. സ്ഥാനാർഥി പ്രഖ്യാപന സമയത്തെ കോണ്‍ഗ്രസിലെ പതിവായ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ എല്ലാവരും ഒറ്റക്കെട്ടായി പ്രചാരണരംഗത്ത് സജീവമാകുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ചേലക്കരയില്‍ ആദ്യം സ്ഥാനാർഥിയെ പ്രഖ്യാപിച്ചതും കോണ്‍ഗ്രസായിരുന്നു. ലോകസഭാ സ്ഥാനാർഥിയായിരുന്നതിനാല്‍ മണ്ഡലത്തില്‍ രമ്യ ഹരിദാസ് സുപരിചിതയാണ്.
സ്ത്രീവോട്ടുകളുടെ സമാഹരിക്കലിനൊപ്പം ഭരണവിരുദ്ധ വികാരം പരമാവധി മുതലാക്കലുമാണ് യു.ഡി.എഫ് ലക്ഷ്യം. ചേലക്കരയില്‍ യു.ഡി.എഫ് സ്ഥാനാർഥിയെ പിൻവലിക്കണമെന്ന പി.വി. അൻവറിന്റെ ആവശ്യത്തെ തമാശയായി തള്ളിയ കോണ്‍ഗ്രസിന് മണ്ഡലം തിരിച്ചുപിടിക്കല്‍ അത്യാവശ്യമാണ്. തിരുവില്വാമല പഞ്ചായത്ത് ഭരണം ബി.ജെ.പി കരങ്ങളിലെത്തിച്ചുവെന്ന ക്രെഡിറ്റുമായാണ് എൻ.ഡി.എ സ്ഥാനാർഥി കെ. ബാലകൃഷ്ണൻ കന്നിയങ്കത്തിന് ഇറങ്ങിയിരിക്കുന്നത്. കേന്ദ്രമന്ത്രിമാർ അടക്കം പ്രചാരണത്തിനിറങ്ങി. മണ്ഡലത്തിലെ അന്തിമഹാകാളൻ വേലയുടെ വെടിക്കെട്ട് സി.പി.എം തടഞ്ഞുവെന്ന 'തൃശൂർ പൂരം' മോഡല്‍ വർഗീയ ആരോപണം ഇളക്കിവിട്ടതിനൊപ്പം മുനമ്പം വിഷയവും കത്തിക്കാൻ ശ്രമിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG

.jpeg)



0 അഭിപ്രായങ്ങള്‍