തൃശൂർ ഡി.സി.സി പ്രസിഡന്റ് സ്ഥാനത്ത് നിന്നും തന്നെ മാറ്റണമെന്ന ആവശ്യവുമായി വി.കെ. ശ്രീകണ്ഠൻ എം.പി. അടുത്തമാസം തന്നെ മറ്റൊരാളെ നിയമിക്കണമെന്നാണ് ആവശ്യം. കഴിഞ്ഞ മാസവും ഇതേ ആവശ്യം നേതൃത്വത്തെ അറിയിച്ചെങ്കിലും സമയമെടുക്കും കാത്തിരിക്കാനായിരുന്നു മറുപടി.
പാലക്കാട് തിരഞ്ഞെടുപ്പ് കഴിയുന്നതോടെ തൃശൂരിലെ പ്രശ്‌നം പരിഹരിച്ച് പുതിയ പ്രസിഡന്റിനെ ചുമതലയേല്‍പ്പിക്കണമെന്നാണ് വി.കെ. ശ്രീകണ്ഠന്റെ വാദം. ഇതു സംബന്ധിച്ച് തൃശൂരിലെ പ്രധാന നേതാക്കളുമായും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനുമായും ശ്രീകണ്ഠൻ ചർച്ച നടത്തി. കെ.സി. വേണുഗോപാലിന്റെ അംഗീകാരം കൂടി കിട്ടിയാല്‍ തൃശൂരില്‍ പുതിയ പ്രസിഡന്റ് അടുത്ത മാസാവസാനം വന്നേക്കും.കെ. മുരളീധരൻ തൃശൂരില്‍ പരാജയപ്പെട്ടതോടെയാണ് ഡി.സി.സി പ്രസിഡന്റായിരുന്ന ജോസ് വള്ളൂരിനെയും യു.ഡി.എഫ് കണ്‍വീനർ എം.പി. വിൻസെന്റിനെയും മാറ്റിയത്. തുടർന്ന് വി.കെ. ശ്രീകണ്ഠന് ചുമതല കൈമാറുകയായിരുന്നു. മുരളീധരന്റെ തോല്‍വി അന്വേഷിക്കുന്ന പാർട്ടി കമ്മിഷൻ തൃശൂരിലെത്തി തെളിവെടുത്തിരുന്നു. ഈ റിപ്പോർട്ട് പഠിച്ചശേഷം ഭാവിപരിപാടികള്‍ തീരുമാനിക്കാമെന്നായിരുന്നു പറഞ്ഞിരുന്നത്. ഇത് നീളുന്നതിനാല്‍ ഇനിയും സ്ഥിരം ഡി.സി.സി പ്രസിഡന്റില്ലാത്തത് ദോഷമാകുമെന്നാണ് വിലയിരുത്തല്‍.
തൃശൂരിലെ നേതാക്കളുടെ കൂടി നിർദ്ദേശപ്രകാരമാണ് പുതിയ പ്രസിഡന്റിനെ നിയമിക്കാൻ ആലോചിക്കുന്നത്. ഓരോ വിഭാഗവും പേരുകള്‍ നല്‍കുന്നുണ്ടെങ്കിലും സംസ്ഥാന നേതൃത്വവും കെ.സി. വേണുഗോപാലും ചർച്ച ചെയ്തശേഷമേ തീരുമാനമുണ്ടാകൂ. യുവാക്കളായ നേതാക്കളെ പ്രസിഡന്റാക്കണമെന്നാണ് ആവശ്യം. എന്തായാലും ശ്രീകണ്ഠൻ തന്നെ ഒഴിവാക്കണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇





0 അഭിപ്രായങ്ങള്‍