തൃശൂർ പൂരം കലക്കിയതിനെ കുറിച്ച്‌ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരൻ.

തൃശൂർ : ഒരു കമീഷണർ വിചാരിച്ചാല്‍ മാത്രം ഇക്കാര്യം ചെയ്യാനാവില്ല. അതിന് പിന്നില്‍ എ.ഡി.ജി.പി അജിത് കുമാറിന്‍റെ വ്യക്തമായ കൈകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമൻ എന്നതുപോലെ, എ.ഡി.ജി.പി അത് ചെയ്തെങ്കില്‍ പിണറായി വിജയനും അതില്‍ പങ്കുണ്ട്. സുരേഷ് ഗോപിയെ വിജയിപ്പിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് പൂരം കലക്കിയത്. 

പൂരം നടന്ന ഒറ്റ രാത്രി കൊണ്ടാണ് തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടത്. അതുവരെ താനും സുനില്‍ കുമാറും തമ്മിലായിരുന്നു മല്‍സരമെന്നും മുരളീധരൻ പറഞ്ഞു.  ചിത്രത്തില്‍ പോലുമില്ലാതിരുന്ന സുരേഷ് ഗോപി മുന്നിലേക്ക് വന്നത് പൂരം സംഭവത്തിലൂടെയാണ്. അജിത് കുമാറിനെ മാറ്റി നിർത്തിയുള്ള അന്വേഷണമാണ് വേണ്ടത്. എ.ഡി.ജി.പിയെ സ്ഥാനത്ത് നിലനിർത്തി അദ്ദേഹത്തിന്‍റെ കീഴുദ്യോഗസ്ഥരെ കൊണ്ട് ഇക്കാര്യം അന്വേഷിപ്പിക്കുന്നത് പ്രഹസനമാണന്നും മുരളീധരൻ വ്യക്തമാക്കി. 

ഏപ്രില്‍ 16 രാത്രിയാണ് പൂരം അലങ്കോലമാക്കിയത്. പിറ്റേ ദിവസം ഏപ്രില്‍ 17ന് രാവിലെ തന്നെ ഇക്കാര്യം താൻ മാധ്യമങ്ങളോട് പറഞ്ഞതാണ്. പൂരം കലക്കിയതിന് പിന്നില്‍ മുഖ്യമന്ത്രിയുടെ കൈകളുണ്ടെന്ന് താൻ ഉറച്ച്‌ വിശ്വസിക്കുകയാണ്. സുരേഷ് ഗോപിയെ  ജയിപ്പിക്കാനെടുത്ത നാടകമായിരുന്നു പൂരം കലക്കല്‍. സംഭവത്തില്‍ ജുഡീഷ‍്യല്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കുമെന്നും മുരളീധരൻ പറഞ്ഞു. പല രഹസ്യങ്ങളും അജിത് കുമാറിന് അറിയാമെന്നത് കൊണ്ടാണ് മുഖ്യമന്ത്രി ഇപ്പോഴും സംരക്ഷിക്കുന്നത്. പൂരം കലക്കിയതിൽ  അജിത് കുമാറിന് പങ്കുണ്ട്. പിണറായിയുടേത് കേന്ദ്ര ഏജൻസിയുടെ അന്വേഷണത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള ഡീല്‍ ആണെന്നും മുരളീധരൻ വ്യക്തമാക്കി. 

അതേസമയം, പി.വി. അൻവർ എം.എല്‍.എയുടെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തില്‍ തൃശൂർ പൂരം കലക്കിയത് സംബന്ധിച്ച ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെതിരെ പരാതി നല്‍കി. ഹൈക്കോടതിയില്‍ അഭിഭാഷകനായ വി.ആർ. അനൂപാണ് തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പി.വി. അൻവറിന്‍റെ വെളിപ്പെടുത്തല്‍ മൊഴിയായി പരിഗണിക്കണമെന്നും അജിത് കുമാറിനെതിരെ ഗൂഢാലോചന കുറ്റം ചുമത്തണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍