പ്രശ്നകാരണക്കാരനായി ആരോപിക്കപ്പെട്ട സിറ്റിപോലീസ് കമ്മിഷണർ അങ്കിത് അശോകിനെ സ്ഥലം മാറ്റുകയല്ലാതെ ഒരു അച്ചടക്കനടപടിയും ഉണ്ടായിട്ടില്ല. എ.ഡി.ജി.പി. അജിത് കുമാർ തൃശ്ശൂരിലുണ്ടായിട്ടും പ്രശ്നം തീർക്കാൻ അന്ന് ഇടപെട്ടില്ല. പ്രശ്നത്തെക്കുറിച്ച് അന്വേഷിച്ച അദ്ദേഹം, ഇതിന്റെ റിപ്പോർട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ല. സുരേഷ് ഗോപി വിജയിച്ചതില്‍ പൂരം പ്രശ്നവും കാരണമായതായ വിലയിരുത്തലുകള്‍ വന്നിട്ടും കൂടുതല്‍ നടപടി ഉണ്ടായിട്ടില്ല.
ഏപ്രില്‍ 19-ന് പൂരത്തിലുണ്ടായ പ്രശ്നത്തിന്റെ പേരില്‍ ജൂണ്‍ 10-ന് മാത്രമാണ് കമ്മിഷണറെ സ്ഥലംമാറ്റുന്നത്. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടമാണ് കാരണമായി പറഞ്ഞിരുന്നത്. അന്വേഷണത്തിന്റെ ഭാഗമായി തിരുവമ്പാടി - പാറമേക്കാവ് ദേവസ്വങ്ങളില്‍നിന്നും പത്രപ്രവർത്തകയൂണിയനില്‍നിന്നും എ.ഡി.ജി.പി. വിവരങ്ങള്‍ ശേഖരിച്ചിരുന്നുവെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. ഒരാഴ്ചക്കുള്ളില്‍ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നത്.
പ്രശ്നം അന്നുതന്നെ ഇവിടെയുണ്ടായിരുന്ന എ.ഡി.ജി.പി. യുടെ മുന്നിലെത്തിയിരുന്നു. സിറ്റിപോലീസ് കമ്മിഷണർക്കു മുകളിലുള്ള രണ്ടോ മൂന്നോ ഉദ്യോഗസ്ഥർ വേറെയും ആ സമയത്ത് തൃശ്ശൂരില്‍ ഉണ്ടായിരുന്നു. ഇവരാരും സംഭവത്തില്‍ ഇടപെട്ടിരുന്നില്ല. തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലായിട്ടുപോലും പരിഹാരത്തിന് രാഷ്ട്രീയനേതൃത്വത്തിന്റെ ഭാഗത്തുനിന്നും കാര്യമായ ശ്രമമുണ്ടായില്ല.
പോലീസ് സുരേഷ് ഗോപിക്കുവേണ്ടി പ്രശ്നങ്ങള്‍ ഉണ്ടാക്കിയെന്നാണ് പി.വി. അൻവർ എം.എല്‍.എ. ആരോപിക്കുന്നത്. സി.പി.എമ്മും ബി.ജെ.പി.യുമായുള്ള രഹസ്യഉടമ്പടിയുടെ ഫലമായി പോലീസിനെ ഉപയോഗിച്ച് സുരേഷ് ഗോപിക്ക് വിജയിക്കാനുള്ള ചുറ്റുപാട് ഒരുക്കിക്കൊടുക്കുകയായിരുന്നെന്നാണ് കോണ്‍ഗ്രസ് ആരോപണം. നഷ്ടമുണ്ടായത് സി.പി.ഐക്കും.
അന്ന് പൂരത്തിന് എന്തു സംഭവിച്ചു?
പൂരദിവസമായ ഏപ്രില്‍ 19-ന് രാത്രിയായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. പുലർച്ചെ നടക്കുന്ന വെടിക്കെട്ടിന്റെ സുരക്ഷയ്ക്കെന്ന പേരില്‍ രാത്രി പത്തരമുതല്‍ പോലീസ് ബാരിക്കേഡ് വെച്ച് ആളുകളെ തടഞ്ഞു. ഇതോടെ തിരുവമ്പാടിവിഭാഗം രാത്രി പഞ്ചവാദ്യം നിർത്താൻ തീരുമാനിച്ചു. തുടർന്നുള്ള എഴുന്നള്ളിപ്പ് ഒരാനപ്പുറത്താക്കി. തിരുവമ്പാടി വിഭാഗം പൂരപ്പന്തലുകളിലെ ലൈറ്റുകള്‍ അണച്ചു.
ഇതോടെ പുലർച്ചെ നടക്കേണ്ട വെടിക്കെട്ടും അനിശ്ചിതത്വത്തിലായി. പലജില്ലകളില്‍നിന്നുള്ള പതിനായിരക്കണക്കിന് ആളുകള്‍ തൃശ്ശൂർ റൗണ്ടിനുചുറ്റും അനിശ്ചിതത്വം പേറി നിന്നു. പുലർച്ചെ മൂന്നുമണിക്കു നടക്കേണ്ട വെടിക്കെട്ട് ഏഴുമണിക്കു ശേഷമാണ് നടന്നത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG






0 അഭിപ്രായങ്ങള്‍