വാഴാനി ഡാം ജലവിതരണം; മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ജില്ലാ കലക്റ്റർ.

വേനല്‍ക്കാല കുടിവെള്ള വിതരണത്തിന് വാഴാനി ഡാമില്‍ നിന്നും മാര്‍ച്ച് ഏഴ് മുതല്‍ 10 വരെ പുഴയിലേക്കും 11 മുതല്‍ 20 വരെ ഇടതുകര കനാലിലൂടെയും വെള്ളം തുറന്നു വിടാന്‍ സേവ്യര്‍ ചിറ്റിലപ്പള്ളി എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വാഴാനി ഉപദേശക സമിതി യോഗത്തില്‍ തീരുമാനിച്ച സാഹചര്യത്തില്‍ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ജില്ലാ കലക്ടര്‍ വി.ആര്‍ കൃഷ്ണതേജ ഉത്തരവിട്ടു. 

അധികജലം ഒഴുകിവന്ന് വടക്കാഞ്ചേരി പുഴയിലേയും ഇറിഗേഷന്‍ കനാലിലെയും ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ള പൊതുജനങ്ങള്‍ പുഴയില്‍/ കനാലില്‍ ഇറങ്ങുന്നതിനും കുളിക്കുന്നതിനും വസ്ത്രങ്ങള്‍ അലക്കുന്നതിനും ഫോട്ടോ എടുക്കുന്നതിനും കന്നുകാലികളെ കുളിപ്പിക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ജില്ലാ പൊലീസ് മേധാവിക്ക് നിർദേശം നല്‍കി. 

ഡാമില്‍ നിന്നും വെള്ളം പുറത്തേക്കൊഴുകുന്ന ഓരോ ഘട്ടത്തിലും ബന്ധപ്പെട്ട വകുപ്പുകള്‍ക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും അലര്‍ട്ടുകള്‍ നല്‍കുന്നുണ്ടെന്ന് ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഉറപ്പാക്കണം. വടക്കാഞ്ചേരി, കേച്ചേരി, മുക്കോല പുഴകളിലെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പ്രദേശവാസികള്‍ ജാഗ്രത പാലിക്കണം. അതത് പഞ്ചായത്ത് സെക്രട്ടറിമാര്‍ മുന്നറിയിപ്പ് നല്‍കാന്‍ നടപടി സ്വീകരിക്കണം. 

പാടശേഖരങ്ങളില്‍ വെള്ളം കയറാന്‍ സാധ്യതയുണ്ടെങ്കില്‍ കര്‍ഷകര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനും കൃത്യമായ ഇടവേളകളില്‍ നേരിട്ട് പരിശോധിക്കാനും കര്‍ഷകര്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കുന്നതിനും ബന്ധപ്പെട്ട കൃഷി ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കാന്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറെയും ചുമതലപ്പെടുത്തി.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍