തൃശൂർ പാറമേക്കാവ് ക്ഷേത്രത്തിൽ മണ്ഡല വേലയോടനുബന്ധിച്ചുള്ള ദേശപ്പാട്ടിൽ വ്യാഴാഴ്ച ദേവസ്വം പിള്ളേർപ്പാട്ട് ആഘോഷിക്കും. ബുധനാഴ്ച കിഴക്കുംപാട്ടുകര ദേശത്തിന്റേതായിരുന്നു ദേശപ്പാട്ട്. തൃശൂരിൽ പരിചിതമല്ലാത്ത പരിഷവാദ്യം ആയിരുന്നു കിഴക്കുംപാട്ടുകരയുടെ വാദ്യം.
പഞ്ചവാദ്യത്തിന്റെ ആദ്യ രൂപമായി അറിയപ്പെടുന്നതാണ് പരിഷവാദ്യം. പതിറ്റാണ്ടുകൾക്ക് മുൻപ് ക്ഷേത്ര ചടങ്ങുകൾക്കും ആഘോഷങ്ങൾക്കും ഈ വാദ്യരൂപം ഉപയോഗിച്ചിരുന്നു. വീക്കൻ ചെണ്ട, തിമില, ചേങ്ങില, കൊമ്പ്, കുഴൽ, ഇലത്താളം, ഇടയ്ക്ക എന്നിവയാണ് വാദ്യോപകരണങ്ങൾ. ശാസ്ത്രീയമായ ചിട്ടപ്പെടുത്തിയതിനാൽ പഞ്ചവാദ്യത്തിലേതു പോലെ മനോധർമ്മങ്ങൾ ഉപയോഗിക്കുവാൻ കഴിയില്ലെന്നുള്ളതാണ് പ്രത്യേകത. ഒറ്റക്കോൽ ഇരികിടയും ചെണ്ടക്കൂറുമാണ് വാദ്യത്തിലെ രണ്ടുഘട്ടങ്ങൾ.
ശിവ പാരിഷദന്മാർ അവതരിപ്പിച്ചിരുന്ന വാദ്യമായതിനാലാണ് ഇതിനെ പരിഷവാദ്യം എന്ന പേരുവീണതെന്നാണ് പറയപ്പെടുന്നത്. തന്ത്രി പുലിയന്നൂർ കൃഷ്ണൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിലാണ് ക്ഷേത്രത്തിലെ ചടങ്ങുകൾ. വെള്ളിയാഴ്‌ചയാണ് പാറമേക്കാവ് വേല. വൈകീട്ട് ദീപാരാധനക്ക് പാറമേക്കാവ് സുധിൻ ശങ്കറും സംഘവും അവതരിപ്പിക്കുന്ന പഞ്ചവാദ്യവും രാത്രി എട്ടിന് കലാമണ്ഡലം മുളംകുന്നത്ത്കാവ് ശ്രീജിത്തും സംഘവും അവതരിപ്പിക്കുന്ന തായമ്പകയും രാത്രി പത്തിന് ചോറ്റാനിക്കര നന്ദപ്പൻ മാരാരുടെ പ്രമാണത്തിലുള്ള പഞ്ചവാദ്യവും നടക്കും പുലർച്ചെ ഒന്നിനാണ് വെടിക്കെട്ട്.
മാനദണ്ഡങ്ങൾ പ്രകാരം അനുവദിച്ച രീതിയിലും വലുപ്പത്തിലും നിർമ്മിച്ച ഓലപ്പടക്കങ്ങൾ ഉൾപ്പെടെ നിരോധിത രാസവസ്തുക്കൾ ചേർക്കാത്തതും പെസോ അംഗീകൃതവുമായ വെടിക്കോപ്പുകൾ മാത്രം ഉപയോഗിച്ച് വെടിക്കെട്ട് പൊതു പ്രദർശനം നടത്തുന്നതിന് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിട്ടു. പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷാണ് അനുമതിക്കായി അപേക്ഷ സമർപ്പിച്ചത്.
അമിട്ട്, ഗുണ്ട്, കുഴിമിന്നൽ എന്നിവയ്ക്ക് പെസോയുടെ അംഗീകാരം ഇല്ലാത്തതിനാൽ ഇത് ഉപയോഗിക്കുന്നതിന് അനുമതി ഇല്ലെന്നും വേല ആഘോഷത്തോടനുബന്ധിച്ച് വെടിക്കെട്ട് ജനുവരി ആറിന് പുലർച്ചെ 12.30 നും രാവിലെ രണ്ട് മണിക്കും ഇടയിലുള്ള സമയത്ത് നടക്കുന്നതാണെന്നും എ.ഡി.എം അറിയിച്ചു. വെടിക്കെട്ടിന് ശേഷം മണികണ്ഠനാലിൽ നിന്നും കിഴക്കൂട്ട് അനിയന്മാരാരുടെ പ്രമാണത്തിലുള്ള പാണ്ടിമേളം നടക്കും. പുലർച്ചെ നാലിന് മണ്ഡലം പാട്ടിന്റെ കൂറ വലിച്ച ശേഷം വടക്കുംവാതിൽ ഗുരുതിയോടെ വേല ആഘോഷ ചടങ്ങുകൾ പൂർണമാകും.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍