നവകേരള സദസിന് തദ്ദേശസ്ഥാപനങ്ങളിൽ നിന്നും പണം ആവശ്യപ്പെട്ട സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു: സുവോളജിക്കൽ പാർക്ക് അനുവദിച്ചതെന്തിനെന്ന് ചോദ്യം, വേദി മാറ്റിയെന്ന് സർക്കാർ കോടതിയിൽ

നവ കേരള സദസിന്റെ ചിലവിനായി തദ്ദേശസ്ഥാപനങ്ങളിൽ നിന്നും പണം ആവശ്യപ്പെട്ട നടപടിയിൽ സർക്കാരിന് തിരിച്ചടി. പണം നൽകണമെന്ന് നിര്‍ദ്ദേശിക്കുന്ന സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. 

മുൻസിപ്പാലിറ്റി ആക്ട് പ്രകാരം പണം അനുവദിക്കണമെന്ന് നിർദേശം നൽകാൻ സർക്കാരിന് അധികാരമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കൗൺസിൽ തീരുമാനങ്ങളില്ലാതെ പണം ചെലവഴിക്കാൻ സെക്രട്ടറിമാർക്ക് അധികാരം നൽകിയതും സ്റ്റേ ചെയ്തു.മുനിസിപ്പൽ കൗൺസിൽ നിയമപ്രകാരം തീരുമാനമെടുത്താൽ മാത്രമേ നവകേരള സദസിലേക്കുള്ള സംഭാവന നഗരസഭാ ഫണ്ടിൽ നിന്ന് ചെലവഴിക്കാനാകൂവെന്ന് കോടതി വ്യക്തമാക്കി. 

നവകേരള സദസിനായി പുത്തൂർ സുവോളജിക്കൽ പാർക്കിൽ വേദി അനുവദിച്ചതിലും സർക്കാരിനെ ഹൈക്കോടതി വിമർശിച്ചു. ഒല്ലൂർ മണ്ഡലത്തിലെ നവകേരള സദസിനായി പുത്തൂർ സുവോളജിക്കൽ പാർക്കിൽ വേദി അനുവദിച്ചത് എന്തിനെന്ന് ഹൈക്കോടതി. സുവോളജികൾ പാർക്കിന്റെ മുഴുവൻ സ്ഥലവും  മൃഗശാലയുടെ ആവശ്യത്തിന് മാത്രമുള്ളതല്ലേയെന്നും കോടതി ചോദിച്ചു. 

കോടതി അനുവദിക്കുന്നില്ലെങ്കിൽ വേദി മാറ്റാമെന്ന് സർക്കാർ അറിയിച്ചു. മൃഗശാലയല്ല, കാർ പാർക്കിങ്ങാണ് പരിപാടിക്കായി അനുവദിച്ചിട്ടുള്ളത് എന്നായിരുന്നു നേരിട്ട് ഹാജരായി സുവോളജിക്കൽ പാർക്ക് ഡയറക്ടർ കീർത്തി ഐ.എഫ്.എസ് ഹൈക്കോടതിയെ അറിയിച്ചത്. പാർക്കിന്റെ മാപ്പ് അടക്കമുള്ള രേഖകളും കോടതിയിൽ ഹാജരാക്കി. ഉച്ചയ്ക്ക് ശേഷം വീണ്ടും കേസ് പരിഗണിച്ചപ്പോൾ വേദി മറ്റൊരിടത്തേക്ക് മാറ്റിയതായി സർക്കാർ കോടതിയെ അറിയിച്ചു. മണ്ണുത്തി കാർഷിക സർവകലാശാല ക്യാമ്പസിൽ ആണ് പുതിയ വേദി.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍