പാലിയേക്കര ടോൾപ്ലാസ അടച്ചുപൂട്ടണമെന്ന ടി.എൻ. പ്രതാപൻ എം.പി.യുടെ ലോക്‌സഭയിലെ ആവശ്യം നിരസിച്ച് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി.

പാലിയേക്കര ടോൾപ്ലാസ അടച്ചുപൂട്ടണമെന്ന ടി.എൻ. പ്രതാപൻ എം.പി.യുടെ ലോക്‌സഭയിലെ ആവശ്യം നിരസിച്ച് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. അടച്ചുപൂട്ടില്ലെന്ന് മന്ത്രി രേഖാമൂലം മറുപടി നൽകി. അതേസമയം ടോൾ കമ്പനിയെ പിരിച്ചുവിടാൻ ദേശീയപാതാ അതോറിറ്റി ഉത്തരവിട്ടിരുന്നതായും മന്ത്രി അറിയിച്ചു.

2008-ലെ യൂസർഫീ പ്ലാസ ചട്ടം പ്രകാരം അതോറിറ്റിക്ക് യുക്തമെന്ന് തോന്നിയാൽ 60 കിലോമീറ്ററിനുള്ളിൽ രണ്ടാമതൊരു ടോൾപ്ലാസ തുറക്കാം. എന്നാൽ, 60 കിലോമീറ്റർ ദൂരപരിധിയിൽ ഒരു ടോൾപ്ലാസ മാത്രമേ അനുവദിക്കുകയുള്ളൂവെന്ന കേന്ദ്രമന്ത്രിയുടെ പ്രസ്‌താവനയെ മുൻനിർത്തിയാണ് ടി.എൻ. പ്രതാപൻ എം.പി. ആവശ്യമുന്നയിച്ചത്. നിലവിൽ പന്നിയങ്കരയിൽ ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ പുതിയ ടോൾ പ്ലാസ ആരംഭിച്ചിട്ടുണ്ട്. ഇവിടെനിന്ന് 60 കിലോമീറ്റർ ദൂരപരിധിയിൽത്തന്നെയാണ് പാലിയേക്കര ടോൾപ്ലാസയുള്ളത്.

നവംബർ 30 വരെ ടോൾക്കമ്പനി പിരിച്ചെടുത്തത് 1,299.59 കോടി രൂപയാണെന്ന് മന്ത്രി നൽകിയ രേഖയിൽ വ്യക്തമാക്കി. അതേസമയം, ദേശീയപാതാ അതോറിറ്റിക്ക് നൽകാനുണ്ടായിരുന്ന 215 കോടി രൂപയിൽ ടോൾ കമ്പനി വീഴ്ചവരുത്തിയിട്ടുണ്ട്. ആറു ഗഡുക്കളായി അടക്കേണ്ടിയിരുന്ന ഈ തുകയിൽനിന്ന് 15 കോടി മാത്രമാണ് നൽകിയത്.

കരാർ ലംഘനങ്ങളും അറ്റകുറ്റപ്പണികൾ നടത്താത്തതും മുൻനിർത്തി കഴിഞ്ഞ ഏപ്രിൽ 13-നാണ് ടോൾ കമ്പനിയെ പിരിച്ചുവിട്ട് ദേശീയപാത അതോറിറ്റി ഉത്തരവിട്ടത്. എന്നാൽ, ഏപ്രിൽ 21-ന് ഈ ഉത്തരവിനെതിരേ കമ്പനി ആർബിട്രേഷൻ ട്രിബ്യൂണലിൽനിന്ന് സ്റ്റേ സമ്പാദിച്ചു. നിലവിൽ ഈ വിഷയം ട്രിബ്യൂണലിന്റെ പരിഗണനയിലാണെന്നും മന്ത്രി എം.പി.യെ അറിയിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍