ബസ് കണ്ടക്ടറെ മർദിച്ചതും യാത്രക്കാരുമായി പോയിരുന്ന ബസിനെ മറ്റൊരു ബസ് ഉപയോഗിച്ച് അപായപ്പെടുത്താൻ ശ്രമിച്ച സംഭവത്തിലുമായി 3 പേരെ തൃശൂർ അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. പ്രശ്നമുണ്ടാക്കിയ ഇഷാൻ, കാർലോസ് എന്നീ ബസുകൾ പോലീസ് കസ്റ്റഡിയിലെടുത്തു. ബസ് ജീവനക്കാരായ മിഥുൻ, ഡിബിൻ, നിഖിൽ എന്നിവരെയാണ് അന്തിക്കാട് ഇൻസ്‌പെക്ടർ പി.കെ. ദാസ് അറസ്റ്റ് ചെയ്തത്.
യാത്രക്കാർക്ക് അപകടം വരുത്തും വിധമാണ് സ്വകാര്യ ബസുകൾ പലതും നിരത്തുകളിൽ തലങ്ങും വിലങ്ങും പായുന്നത്. ജനങ്ങളുടെ ജീവന് ഒട്ടും വിലകല്പിക്കാതെയുള്ള ഈ മരണപ്പാച്ചിലിന് അറുതി വരുത്തേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. സമയക്രമത്തെ ചൊല്ലി ബസ്സുകാർ തമ്മിലും ഇടക്കിടക്ക് വഴക്കും സംഘട്ടനങ്ങളും നിത്യ സംഭവങ്ങളാണ്.
തൃശൂർ- അന്തിക്കാട് റൂട്ടിലോടുന്ന സ്വകാര്യ ബസിലെ കണ്ടക്ടറെ മറ്റൊരു ബസിലെ കണ്ടക്ടർ മർദിച്ചതാണ് ആദ്യ സംഭവം. പെരിങ്ങോട്ടുകര നാലും കൂടിയ സെന്ററിൽ വച്ച് നിർത്തിയിട്ടിരുന്ന ജയറാം എന്ന ബസിലെ കണ്ടക്ടർ കാഞ്ഞാണി സ്വദേശി പുന്നപ്പിള്ളി ശ്രീരാഗിനെ സമയത്തെ ചൊല്ലിയുള്ള തർക്കത്തിൽ ഇതേ റൂട്ടിൽ സർവീസ് നടത്തുന്ന ഇഷാൻ എന്ന ബസ്സിലെ കണ്ടക്ടർ മുറ്റിച്ചൂർ സ്വദേശി തണ്ടിയേക്കൽ മിഥുൻ (26) ബസ്സിൽ കയറി മർദിക്കുകയായിരുന്നു. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
കാഞ്ഞാണി ബസ്സ്റ്റാൻഡ് പരിസരത്തു വച്ചാണ് രണ്ടാമത്തെ സംഭവം. ബസ് സ്റ്റാൻഡിൽ വച്ച് ആളെയിറക്കുന്ന സമയത്ത് ശ്രീശങ്കര എന്ന ബസിന്റെ ഡ്രൈവർ സീറ്റിനോട് ചേർന്ന് ഇതേ റൂട്ടിലോടുന്ന കാർലോസ് എന്ന ബസ് മനപ്പൂർവം കൊണ്ട് വന്ന് ഇടിപ്പിച്ചു. ഇത് കണ്ട് യാത്രക്കാർ ഭയചകിതരായി നിലവിളിച്ചു. കലിയടങ്ങാത്ത കാർലോസ് ബസിന്റെ ഡ്രൈവർ ശ്രീശങ്കര ബസിനെ പിന്തുടർന്ന് പാന്തോട് സ്റ്റോപ്പിൽ വച്ച് യാത്രക്കാരെ ഭയപ്പെടുത്തികൊണ്ട് ബസിൽ വീണ്ടും കൊണ്ട് വന്ന് ഇടിപ്പിച്ചു. ബസിന്റെ വശങ്ങൾ കേടുപറ്റി. സൈഡ് മിറർ തകർന്നു. കാർലോസ് ബസ്സിലെ ഡ്രൈവർ അന്തിക്കാട് സ്വദേശി തണ്ടിയേക്കൽ ഡിബിൻ (24), ഇയാളുടെ കൂട്ടാളി കാഞ്ഞാണി സ്വദേശി മനോല നിഖിൽ (24) എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തു.
ദേഹോപദ്രവം ഏൽപ്പിച്ച കേസിലും മനപ്പൂർവം വാഹനം ഇടിപ്പിച്ച് യാത്രക്കാരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിലുമാണ് ഇരു കൂട്ടരെയും അറസ്റ്റ് ചെയ്തത്. അന്തിക്കാട് ഇൻസ്‌പെക്ടർ പി.കെ. ദാസ്, എസ്ഐ മാരായ അരുൺ, വർഗീസ്. സി.പി.ഒ. സുഭാഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG






0 അഭിപ്രായങ്ങള്‍