അടാട്ട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ മഴക്കാലത്ത് വെള്ളക്കെട്ട് മൂലം ഉണ്ടാകുന്ന ദുരിതത്തിന് പരിഹാരമായി പുഴയ്ക്കൽ റെഗുലേറ്റർ കം ബ്രിഡ്ജ്. മുൻ കാലത്ത് കെ എൽ ഡി സി ബണ്ട് വരുന്നതിന് മുമ്പ്, പുഴയ്ക്കൽ പുഴ ഒഴുകിയിരുന്നത് അടാട്ട് വഴിയായിരുന്നു. ബണ്ട് നിർമ്മിച്ചപ്പോൾ, വെള്ളത്തിന്റെ സ്വാഭാവികമായ ഒഴുക്ക് അവിടെ തടസ്സപ്പെട്ടത്, വെള്ളക്കെട്ടിന് കാരണമായിരുന്നു. കനാലിൽ ജലനിരപ്പ് വളരെ ഉയർന്നിരിക്കുമ്പോഴും അടാട്ട് പാടത്തേയ്ക്ക് വെള്ളം ഒഴുകാൻ വഴിയുണ്ടായിരുന്നില്ല. അതിനാൽ മഴക്കാലത്ത് വെള്ളത്തിന്റെ സമ്മർദ്ദം ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത് തൃശ്ശൂർ - കുറ്റിപ്പുറം റോഡിന്റെ തെക്കുഭാഗത്ത്, കെ എൽ ഡി സി കനാൽ തുടങ്ങുന്നയിടത്ത് താണിക്കുടം - പുഴയ്ക്കൽ സംഗമിക്കുന്നിടത്താണ് .
വടക്കാഞ്ചേരി എം എൽ എ സേവ്യർ ചിറ്റിലപ്പിള്ളിയുടെ ശ്രമഫലമായി പുഴയ്ക്കൽ തോടിന്റെ വലതു ബണ്ടിൽ റെഗുലേറ്റർ കം ബ്രിഡ്ജ് നിർമ്മിച്ചു. കഴിഞ്ഞ തോരാമഴയിൽ ഇത് വളരെ ഫലപ്രദമായി അനുഭവപ്പെട്ടു. പുഴയ്ക്കൽ കെ എൽ ഡി സി കനാൽ പുഴയുമായി ചേരുന്ന ഭാഗത്തെ തടസ്സം നീക്കി സുഗമമായി വെള്ളം ഒഴുകാൻ അവസരമുണ്ടായപ്പോൾ കനത്ത മഴയിലും വെള്ളക്കെട്ടുണ്ടായില്ല.
കോൾപാടങ്ങളുടെ വികസനവുമായി ബന്ധപ്പെട്ട് കേരള നിയമസഭയിൽ 2021 നവംബറിൽ അവതരിപ്പിച്ച സബ്മിഷനിൽ പുഴയ്ക്കൽ റെഗുലേറ്റർ കം ബ്രിഡ്ജ് നിർമ്മാണം ആവശ്യപ്പെട്ടിരുന്നു. സബ്മിഷന് മറുപടിയായി കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് നൽകിയ ഉറപ്പ് യാഥാർത്ഥ്യമായി. റെഗുലേറ്റർ കം ബ്രിഡ്ജ് നിർമ്മിക്കാൻ 1.57 കോടി രൂപ അനുവദിച്ചു. നിർമ്മാണ പ്രവർത്തനം പുരോഗമിക്കവെ മെക്കാനിക്കൽ പ്രവൃത്തികൾക്കായി 70 ലക്ഷം കൂടി വകയിരുത്തി. ഈ മഴക്കാലം ആരംഭിച്ചതോടെ നിർമ്മാണം പൂർത്തീകരിക്കുകയും തദ്ഫലമായി സമീപ പ്രദേശങ്ങളിൽ മുൻ വർഷങ്ങളിലുണ്ടായ വെള്ളക്കെട്ടിന്റെ ദുരിതം ഉണ്ടായിട്ടുമില്ല.
കൂടാതെ, പൂങ്കുന്നം - കുറ്റൂർ റോഡിന് കിഴക്കുവശത്തായി തകർന്ന് കിടക്കുന്ന കല്ലായി ചീപ്പിന്റെ സ്ഥാനത്ത് പുതിയ റെഗുലേറ്റർ കം ബ്രിഡ്ജിനായി 1.43 കോടി രൂപയുടെ പദ്ധതി തയ്യാറാക്കി ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്ട്മെന്റ് മുഖേന നടപ്പിലാക്കുന്നതിനായി സമർപ്പിച്ചിട്ടുമുണ്ട്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG






0 അഭിപ്രായങ്ങള്‍