ജ്യോതിർഗമയ - ചരിത്രത്തിൽ ഇന്ന്, വർത്തമാനവും …

1198   മിഥുനം 27

ഭരണി / ദശമി

2023  ജൂലായ് 12, ബുധൻ


ഇന്ന്;

               ലോക പേപ്പർ ബാഗ്‌ ദിനം !

.                *********

[World Paper Bag Day; പേപ്പർ ബാഗുകളുടെ ഉപയോഗത്തിന്റെയും പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം ഒഴിവാക്കുന്നതിന്റെയും പ്രാധാന്യത്തെ കുറിച്ചുള്ള ബോധവത്കരണത്തിനാണ്‌ ഈ ദിനം ആചരിക്കുന്നത്. ]


             മലാല ( ജന്മ)ദിനം (Malala Day) !

            ************

.                 പി.കെ.വി ദിനാചരണം !


             ഗോക്കൾക്ക്‌ അഭിനന്ദന ദിനം !

                     *********

             [ National Cow Appreciation Day]

           

* ടോഗ: കിരീട അവകാശി

   രാജകുമാരന്റെ ജന്മദിനം !

* സാവോ ടോം ആൻഡ് പ്രിൻസിപ്പെ (പടിഞ്ഞാറ് ഇക്വറ്റോറിയൽ ആഫ്രിക്കൻ തീരത്തുള്ള ഗൾഫ് ഓഫ് ഗിനിയയിലെ ഒരു ദ്വീപു രാഷ്ട്രം),   കിരീബാസ് ((Kiribati)   പെസഫിക് മഹാസമുദ്രത്തിലെ ചെറു ദ്വീപു രാജ്യം) :  സ്വാതന്ത്ര്യ ദിനം !

* മംഗോളിയ : നാടേമിന്റെ രണ്ടാം ദിനം

  ( National Sports Day)

USA ;

National Different Colored Eyes Day

Etch A Sketch Day

National Simplicity Day

National Pecan Pie Day

New Conversations Day

Eat Your Jello Day

               ഇന്നത്തെ മൊഴിമുത്ത്

             ്്്്്്്്്്്്്്്്്്്്്്

''സ്നേഹിപ്പു നിന്നെഞാനെന്തിനെന്നില്ലാതെ

നേരമോർക്കാതെയും വേരുതേടാതെയും

ആത്മസങ്കീർണ്ണതയ്ക്കക്കരെച്ചെന്നെത്തി

ഞാനെന്ന ഭാവത്തിനപ്പുറം നിന്നിതാ

സ്നേഹിപ്പു നിന്നെഞാൻ സ്നേഹിപ്പു നിന്നെഞാൻ

സ്നേഹിപ്പു നിന്നെഞാൻ നേർക്കുനേരേ സഖീ

എന്തിന്നുനീട്ടണം,സ്നേഹിപ്പു നിന്നെഞാൻ

സ്നേഹിക്കയല്ലാതെയൊന്നിനും വയ്യാതെ.''

.              [ - പാബ്ലോ നെരൂദ ]


           **********


കൊച്ചി മെട്രോ, കൊങ്കൺ റെയിൽ‌വേ,  ഡൽഹി മെട്രോ, പാമ്പൻ ബ്രിഡ്ജ്  തുടങ്ങിയവയുടെ നിർമ്മാണത്തിനു നേതൃത്വം വഹിച്ച ഇ. ശ്രീധരന്റെയും (1932),


പെൺകുട്ടികൾ സ്കൂൾ വിദ്യാഭ്യാസം നേടുന്നതിനെതിരെയുള്ള താലിബാന്റെ നിരോധനത്തോടുള്ള പ്രതിക്ഷേധത്തിന്റേയും അതുമായി ബന്ധപ്പെട്ട സാമൂഹ്യ സക്രിയതയുടേയും പേരിൽ അറിയപ്പെടുന്ന സമാധാനത്തിനു നോബൽ പ്രൈസ് ലഭിച്ച മലാല യൂസഫ് സായിയുടേയും (1997),


ഗൂഗിളിന്റെ ഇപ്പോഴത്തെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (CEO) സുന്ദർ പിച്ചൈയുടെയും (1972),


ഇന്ത്യൻ അന്താരാഷ്ട്ര ക്രിക്കറ്റർ മുനാഫ് പട്ടേലിന്റെയും (1983),


ബൾഗേറിയൻ സോഷ്യലിസ്റ്റ് പാർട്ടിയുടെ  പ്രതിനിധിയായി രണ്ടു തവണ ബൾഗേറിയൻ പാർലമെന്റിനെ പ്രതിനിധീകരിച്ച മുൻ   യുനെസ്കോ  ഡയറക്ടർ ജനറൽ ഐറീന ബോകോവയുടെയും(1952),


അമേരിക്കകാരൻ പ്രൊഫഷണൽ ബോഡിബിൽഡർ കായ് ഗ്രീനിന്റെയും (1975 ),


1970കളിലും 1980കളിലും ലോകമെമ്പാടുമുള്ള സംഗീത പ്രേമികളെ ആവേശം കൊള്ളിച്ച യൂറോപ്യൻ സംഗീത വൃന്ദമായിരുന്ന ബോണി എമ്മിലെ മുഖ്യ ഗായിക  എലിസബത്ത് റബേക്കാ ലിസ് മിച്ചൽ എന്ന ലിസ് മിച്ചലിന്റെയും (1952), 


പരാദവിരകൾ വഴിയുണ്ടാകുന്ന റിവർ ബ്ലൈൻഡ്‌നസ് ( River Blindness ), മന്ത് ( Lymphatic Filariasis ) എന്നീ രോഗങ്ങൾ ചികിത്സിക്കാൻ'അവർമെക്ടിൻ' ( Avermectin ) എന്ന ഔഷധം വികസിപ്പിച്ചതിനു 2015 ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം വില്യം കാംബലിനൊപ്പം പങ്കിട്ട ജപ്പാനീസ് ഗവേഷകൻ സതോഷി ഒമുറയുടെയും (1935) ജന്മദിനം !

ഇന്നത്തെ പ്രധാന വാർത്തകൾ ചുരുക്കത്തിൽ …

്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്‌


*സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ സിനിമ ടൂറിസം പദ്ധതിക്ക് പിന്തുണയുമായി പ്രശസ്ത സിനിമാ സംവിധയകന്‍ മണിരത്‌നം.


പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസുമായി കോഴിക്കോട്ട് നടത്തിയ ചര്‍ച്ചയിലാണ് പദ്ധതിക്ക് മണിരത്‌നം പിന്തുണ അറിയിച്ചത്.


പ്രശസ്തമായ സിനിമകള്‍ ചിത്രീകരിച്ച സ്ഥലങ്ങളെ അവയുടെ ഓര്‍മ്മകളില്‍ നിലനിര്‍ത്തിക്കൊണ്ട് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന പദ്ധതിയാണ് സിനിമാ ടൂറിസം . മണിരത്‌നം സംവിധാനം ചെയ്ത് അരവിന്ദ് സ്വാമിയും മനീഷാ കൊയ് രാളയും അഭിനയിച്ച ബോംബെ എന്ന സിനിമ ചിത്രീകരിച്ച കാസര്‍കോട്ടെ ബേക്കല്‍ കോട്ടയെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബേക്കലിലെ പരിപാടിയില്‍ പങ്കെടുക്കാമെന്നും മണിരത്‌നം സമ്മതിച്ചു. ചിത്രത്തിലെ താരങ്ങളെയും ചടങ്ങില്‍ പങ്കെടുപ്പിക്കും.


*സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ; 3 ജില്ലകളിൽ യെല്ലോ അലർട്ട്


 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.


3 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. ബുധനാഴ്ച ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും വ്യാഴാഴ്‌ച എറണാകുളം, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലും വെള്ളി ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിലുമാണ് യെല്ലോ അലർട്ട്


*മുന്നണി നയപരമായി എടുക്കേണ്ട തീരുമാനങ്ങളില്‍ പോലും ചര്‍ച്ച നടക്കാത്തതില്‍ ഇടതുമുന്നണിയില്‍ അതൃപ്തി.


സിവില്‍ കോഡില്‍ സിപിഎം നിലപാട് പ്രഖ്യാപിച്ചെങ്കിലും മുന്നണിയുടെ പൊതു അഭിപ്രായം ഇതുവരെ ചര്‍ച്ച ചെയ്യുകയും വ്യക്തമാക്കുകയും ചെയ്തിട്ടില്ല. സിപിഐ അടക്കമുള്ള ഘടകകക്ഷികള്‍ക്ക് ഇക്കാര്യത്തില്‍ കടുത്ത അതൃപ്തിയുണ്ട്. മൂന്നുമാസത്തിനുശേഷം ഇടത് മുന്നണി യോഗം 22ന് ചേരും.

പ്രാദേശികം

*****


3000 രൂപ കൈക്കൂലിക്കേസിൽ

അറസ്റ്റിലായ ഡോക്ടറുടെ വീട്ടില്‍ നടത്തിയ റെയ്‌ഡില്‍ 15 ലക്ഷം രൂപ പിടിച്ചെടുത്തു.


അതിനിടെ, ഷെറി ഐസക് ചികിത്സ നല്‍കിയിരുന്നത് പണം നല്‍കുന്നവര്‍ക്ക് മാത്രമെന്ന് വിജിലന്‍സ് സംഘത്തിന്റെ അന്വേഷണത്തില്‍ കണ്ടെത്തി. ഓട്ടുപാറയിലെ ക്ലിനിക്കിന് സമീപത്തെ മെഡിക്കല്‍ ഷോപ്പ് വഴിയാണ് ഇയാള്‍ കൈക്കൂലിത്തുക ഉറപ്പിച്ചിരുന്നത്. ക്ലിനിക്കില്‍ ഡോക്ടറെ കാണാനുള്ള ബുക്കിങ്ങും മെഡിക്കല്‍ ഷോപ്പ് വഴിയായിരുന്നു. ഡോക്ടറുടെ ഫീസും ശസ്ത്രക്രിയയ്ക്ക് നല്‍കേണ്ട തുകയും മെഡിക്കല്‍ഷോപ്പ് ആണ് രോഗികളെ അറിയിച്ചിരുന്നതെന്നും വിജിലന്‍സ് പറയുന്നു.


കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് സംഘത്തിന്റെ പിടിയിലായ ഡോ. ഷെറി ഐസക്കിന്റെ സ്വത്തുക്കളില്‍ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റും വിജിലന്‍സ് സ്‌പെഷ്യല്‍ സെല്ലും അന്വേഷണം നടത്തും.


*മൂവാറ്റുപുഴയിൽ ന്യൂമാൻ കോളേജ് അധ്യാപകനായിരുന്ന പ്രൊഫ. ടി ജെ ജോസഫിന്റെ  കൈവെട്ടിയ കേസിൽ എൻഐഎ ഇന്ന് രണ്ടാംഘട്ട വിധി പറയും. സംഭവത്തിന്‍റെ മുഖ്യസൂത്രധാരനായിരുന്ന പോപ്പുലർ ഫ്രണ്ട് നേതാവ് എം കെ നാസർ, കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത സവാദ് ഉൾപ്പെടെ പതിനൊന്നു പ്രതികളുടെ വിചാരണയാണ് പൂർത്തിയായത്.


*നിലപാട് കര്‍ക്കശമാക്കി ഹൈക്കോടതി; പിവി അന്‍വര്‍ അനധികൃമായി കൈവശം വെച്ച ഭൂമി ഉടന്‍ തിരിച്ചു പിടിക്കണം 


സാവകാശം വേണമെന്ന സര്‍ക്കാറിന്റെ ആവശ്യം കോടതി തള്ളി.  കോടതിയലക്ഷ്യ ഹരജി ഇന്ന് പരിഗണനക്കെടുത്തപ്പോള്‍ 10 ദിവസമെങ്കിലും നടപടി റിപ്പോര്‍ട്ട് നല്‍കാന്‍ സാവകാശം വേണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ മിച്ചഭൂമി തിരിച്ചുപിടിക്കാന്‍ സ്വീകരിച്ച നടപടികള്‍ ഉള്‍പ്പെടുത്തി അടുത്ത  ചൊവ്വാഴ്ചയ്ക്കകം വിശദമായ സത്യാവങ്മൂലം നല്‍കണമെന്ന് ജസ്റ്റിസ് രാജ വിജയരാഘവന്‍ സര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കി.


*ഷോ കാണിക്കാൻ പോയതല്ല; ദുഃഖത്തിൽ ഇരിക്കുന്നവർ വൈകാരികമായി പ്രതികരിക്കുന്നത് സ്വാഭാവികം: പെരുമാതുറ സംഘർഷത്തിൽ ഫാ. യുജിൻ പെരേര


 സർക്കാരിനെതിരെ ലത്തീൻ അതിരൂപത വികാരി ജനറൽ യൂജിൻ പെരേര. സത്യം വിളിച്ചു പറയുന്നവരെ നിശബ്ദരാക്കുക എന്നതാണ് രീതിയെന്നും കേസ് നിയമപരമായി നേരിടുമെന്നും യുജിൻ പെരേര പറഞ്ഞു.  താൻ ഷോ കാണിക്കാൻ പോയതല്ലെന്നും മന്ത്രി തന്നോട് പറഞ്ഞത് ഷോ കാണിക്കരുതെന്നാണെന്നും അദ്ദേഹം പറഞ്ഞു. ഇടവേളയ്ക്കുശേഷം സർക്കാരും ലത്തീൻ സഭയും തുറന്ന പോരിലേക്ക് നീങ്ങുകയാണ്. പെരുമാതുറയിൽ മന്ത്രിമാരെ തടഞ്ഞതിന് യുജിൻ പെരേര അടക്കമുള്ളവർക്കെതിരെയാണ് സർക്കാർ കേസെടുത്തിരിക്കുന്നത്. ഇതോടെ വിഴിഞ്ഞം സമരത്തിന് ശേഷം സഭക്കെതിരെ സർക്കാർ നിലപാട് കടുപ്പിക്കുകയാണ്.


*മില്‍മയുടെ വിപണനം വിദേശ രാജ്യങ്ങളിലേക്കും: ആദ്യ ഘട്ടത്തില്‍ കയറ്റുമതി ചെയ്യുന്നത് നെയ്യ്


 നെയ്യ് കയറ്റുമതിയുടെ ഔദ്യോഗികി ഉദ്ഘാടനം പത്തനംതിട്ട ഡയറിയില്‍ മൃഗ സംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി നിർവ്വഹിച്ചു. പാല്‍ ഉല്‍പാദനത്തില്‍ സ്വയം പര്യാപ്ത സംസ്ഥാനമായി കേരളത്തെ മാറ്റിയെടുക്കുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നതെന്നും മന്ത്രി പറഞ്ഞു.


* സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങള്‍ക്ക് അമിതവില ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു.


 നിത്യോപയോഗ സാധനങ്ങളുടെ വിലയില്‍ വലിയ അന്തരം പലയിടത്തും ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.


എല്ലാ വ്യാപാര സ്ഥാപനങ്ങളുടെ മുന്നിലും വിലനിലവാര പട്ടിക നിര്‍ബന്ധമായും പ്രദര്‍ശിപ്പിക്കണം. കാര്യക്ഷമമായ ഇടപെടലിലൂടെ വില പിടിച്ചുനിര്‍ത്താന്‍ വകുപ്പുകൾ കൂട്ടായ പ്രവര്‍ത്തനം നടത്തണം. ലീഗല്‍ മെട്രോളജി വകുപ്പിന്റെ പരിശോധന കര്‍ശനമാക്കണം. പൂഴ്ത്തിവയ്പ്പ് പൂര്‍ണ്ണമായും ഒഴിവാക്കാനാവണം. ജില്ലയിലെ പ്രധാന മാര്‍ക്കറ്റുകളില്‍ കളക്ടറുടെ നേതൃത്വത്തിലുള്ള ടീം നേരിട്ട് പരിശോധനകള്‍ നടത്തണം. പോലീസിന്റെ ഇടപെടലും ഉണ്ടാകണം. നിത്യോപയോഗ സാധനങ്ങളുടെ വില പിടിച്ചുനിര്‍ത്തുന്നതില്‍ ഹോര്‍ട്ടി കോര്‍പ്പും കണ്‍സ്യൂമര്‍ഫെഡും സിവില്‍സപ്ലൈസും വിപണിയില്‍ കാര്യക്ഷമമായി ഇടപെടണം. സഹകരണ ബാങ്കുകളുടെ നേതൃത്വത്തില്‍ ഓണക്കാലത്തേക്കുള്ള മാര്‍ക്കറ്റുകള്‍ നേരത്തെ ആരംഭിക്കണം.


*കുസാറ്റിൽ എല്ലാ ക്യാമ്പസുകളിലും ജൻഡർ ന്യൂട്രൽ യൂണിഫോം


 കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ എല്ലാ ക്യാമ്പസുകളിലും ഇനി ജൻഡർ ന്യൂട്രൽ യൂണിഫോമുകൾ യാഥാർത്ഥ്യമാകുന്നു. കഴിഞ്ഞ മെയ്‌ 26ന് കുസാറ്റ് സ്‌കൂൾ ഓഫ് എഞ്ചിനീയറിംഗ് ക്യാമ്പസ്സിൽ ഈ ഉത്തരവ് നടപ്പിലാക്കിയതിനു പിന്നാലെയാണ് സർവ്വകലാശാല മുഴുവനായി ഇത് നടപ്പിലാക്കുന്നത്.


*പാലം നിർമാണ അഴിമതി: പാലാരിവട്ടം പാലം കരാർ കമ്പനി കരിമ്പട്ടികയിൽ


 പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിൽ കരാർ കമ്പനിയായ ആർഡി‌എസ് പ്രോജക്ടിനെ സർക്കാർ കരിമ്പട്ടികയിലാക്കി. കമ്പനിയുടെ എ ക്ലാസ് ലൈസൻസ് റദ്ദാക്കി പൊതുമരാമത്ത് സൂപ്രണ്ടിങ് എൻജിനീയറുടേതാണ് നടപടി. കരിമ്പട്ടികയിലായതോടെ കമ്പനിയുടെ പേരിലോ ബിനാമി പേരിലോ അഞ്ചുവർഷം സർക്കാർ ടെണ്ടറിൽ പങ്കെടുക്കാൻ  കമ്പനിക്കാകില്ല.


*രമാദേവി കൊലക്കേസ്‌: 17 വർഷത്തിനുശേഷംഭർത്താവ്‌ അറസ്‌റ്റിൽ


വീട്ടമ്മയുടെ കൊലപാതകം നടന്ന്‌ 17 വർഷങ്ങൾക്കുശേഷം ഭർത്താവ്‌ അറസ്‌റ്റിൽ. പത്തനംതിട്ട പുല്ലാട്‌ ചട്ടക്കുളത്ത് രമാദേവി (50) 2006ൽ കൊലപ്പെട്ട കേസിലാണ്  റിട്ട. പോസ്റ്റ്‌മാസ്റ്ററായ ഭര്‍ത്താവ് ജനാര്‍ദനൻനായരെ(71) ക്രൈംബ്രാഞ്ച്‌ അറസ്റ്റുചെയ്‌തത്‌. ചൊവ്വാഴ്ച തിരുവല്ലയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ വിളിച്ചുവരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളെ റിമാൻഡ്‌ചെയ്‌ത്‌ കൊട്ടാരക്കര സബ്‌ജയിലിലേക്ക്‌ മാറ്റി.


വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ്‌;  കെ.വിദ്യ  തയാറാക്കിയ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റിന്റെ പ്രിന്റ് കണ്ടെത്തി.


പാലാരിവട്ടത്തെ ഇന്റര്‍നെറ്റ് കഫേയില്‍ നിന്നുമാണ് അന്വേഷണ സംഘം പ്രിന്റ് കണ്ടെത്തിയത്. അട്ടപ്പാടി ഗവ. കോളജില്‍ ഗസ്റ്റ് ലക്ചറര്‍ അഭിമുഖത്തിന് വേണ്ടിയാണ് ഇത് തയ്യാറാക്കിയത്. ഗവേഷണ സാമഗ്രികളുടെ കേ‍ാപ്പി, ബൈൻ‌ഡിങ് എന്നിവ എസ്‌എഫ്‌ഐ മുൻ നേതാവ്

വിദ്യ പ്രധാനമായും ഇവിടെ നിന്നാണ് നിര്‍മ്മിച്ചതെന്ന് പോലീസ് പറഞ്ഞു. ഇന്റര്‍നെറ്റ് കഫേയുടെ ഉടമയുടെ മെ‍ാഴി അന്വേഷണസംഘം രേഖപ്പെടുത്തി. ജില്ലാ പോലീസിലെ സൈബര്‍ വിദഗ്ധന്റെ സഹായത്തേ‍ാടെ ആയിരുന്നു പരിശേ‍ാധന.

ദേശീയം

*****


*കനത്ത മഴ: ഹിമാചൽപ്രദേശിൽ വ്യാപക നാശനഷ്ടം; ഡല്‍ഹിയിലും ജാഗ്രത


ദിവസങ്ങളായി തുടരുന്ന കനത്തമഴയിൽ ഹിമാചൽപ്രദേശിൽ 4000 കോടിയുടെ നാശനഷ്ടം. മണ്ണിടിച്ചിലിലും വെള്ളക്കെട്ടിലും ജലവിതരണപദ്ധതികൾ താറുമാറായതോടെ ഷിംലയിൽ കുടിവെള്ളക്ഷാമം രൂക്ഷം. നിരവധി മലയാളികൾ ഹിമാചലിൽ കുടുങ്ങികിടക്കുന്നു. വിവിധ സംസ്ഥാനങ്ങളിൽ തുടരുന്ന പേമാരിയിൽ മരണം നൂറ്‌ കടന്നിട്ടുണ്ടാകുമെന്നാണ്‌ അനൗദ്യോഗിക കണക്ക്‌. ഉത്തർപ്രദേശിൽ മാത്രം 34 പേർ മരിച്ചു. ഹിമാചൽപ്രദേശിൽ 30 പേർ മരിച്ചതായാണ്‌ റിപ്പോർട്ട്‌. രാജസ്ഥാൻ, ഉത്തരാഖണ്ഡ്‌, ഡൽഹി, ജമ്മുകശ്‌മീർ, ഗുജറാത്ത്‌, പഞ്ചാബ്‌ എന്നിവിടങ്ങളിലും നിരവധിപേർ മരിച്ചിട്ടുണ്ട്‌


*എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്  ഡയറക്ടര്‍ സഞ്ജയ് കുമാര്‍ മിശ്രയുടെ കാലാവധി നീട്ടി നല്‍കിയ നടപടിയില്‍ കേന്ദ്ര സര്‍ക്കാരിന് തിരിച്ചടി.


 നടപടി നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി കണ്ടെത്തി. സഞ്ജയ് കുമാര്‍ മിശ്രയ്ക്ക് കാലാവധി മൂന്നാം തവണയും നീട്ടിനല്‍കിയത് നിയമവിരുദ്ധമാണെന്ന് വിധിച്ചെങ്കിലും ഈ മാസം 31 വരെ അദ്ദേഹത്തിന് സര്‍വീസില്‍ തുടരാമെന്നും കോടതി വ്യക്തമാക്കി. 15 ദിവസത്തിനകം പുതിയ ഇഡി ഡയറക്ടറെ നിയമിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു.


*ബ്രിജ്‌ഭൂഷൺ ലൈംഗികാതിക്രമം നടത്തി; ശിക്ഷ നൽകണം: കുറ്റപത്രവുമായി ഡൽഹി പൊലീസ്‌


 പ്രായപൂർത്തിയായ ഗുസ്‌തി താരങ്ങളെ ഗുസ്‌തി ഫെഡറേഷൻ മുൻ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ്‌ഭൂഷൺ ശരൺ സിങ്‌ ലൈംഗീകാതിക്രമത്തിന്‌ വിധേയമാക്കിയിട്ടുണ്ടെന്നും പ്രതി ശിക്ഷക്കപ്പെടാൻ അർഹനാണെന്നും ഡൽഹി പൊലീസ്‌. പ്രത്യേക കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ്‌ വിശദാംശമുള്ളത്‌. പൊലീസന്റെ ആവശ്യപ്രകാരം പ്രതിയെ കോടതി ജൂലൈ 17ന്‌ വിളിച്ചുവരുത്താൻ നോട്ടീസും നൽകിയിരുന്നു. ലൈംഗാതിക്രമം, ക്രമിനൽ  ഭീഷണി, പിന്തുടരൽ എന്നിവ ബിജെപി എംപി നടത്തി. 108 സാക്ഷികളിൽ 15പേർ താരങ്ങളുടെ ആരോപണങ്ങൾ ശരിവച്ചു. പരമാവധി അഞ്ചുവർഷം വരെ തടവ്‌ ലഭിക്കാവുന്ന കുറ്റങ്ങളാണിത്‌.  


*പ്രിയാ വർഗീസിന്റെ നിയമനം: സ്റ്റേ ആവശ്യപ്പെട്ട് യുജിസി സുപ്രീം കോടതിയിൽ


 കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിൽ പ്രിയാ വർഗീസിന്റെ നിയമനം ശരിവച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിക്കെതിരെ യുജിസി സുപ്രീംകോടതിയിൽ. ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി നൽകിയിട്ടുള്ളത്. 


ഹൈക്കോടതി വിധി യുജിസി റെഗുലേഷന് എതിരാണെന്നും യുജിസി ചട്ടത്തിൽ നിഷ്കർഷിക്കുന്ന എട്ട് വർഷത്തെ അധ്യാപന പരിചയത്തിൽ പഠനേതര ജോലികൾ കണക്കാക്കാൻ കഴിയില്ലെന്നും ഹർജിയിൽ പറയുന്നു. അതേസമയം ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ ഹർജി  വന്നാൽ തന്റെ വാദവും കേൾക്കണമെന്ന് ആവശ്യപ്പെട്ട് പ്രിയ വർഗീസ് മുൻകൂർ ഹർജി നൽകിയിട്ടുണ്ട്.

അന്തർദേശീയം

*******


*എവറസ്റ്റ് കൊടുമുടിക്ക് സമീപം ആറുപേരുമായി യാത്ര തിരിച്ച ഹെലികോപ്ടർ കാണാതായി, തിരച്ചിൽ തുടരുന്നു 


 കാഠ്മണ്ഡു: എവറസ്റ്റ് കൊടുമുടിക്ക് സമീപം അഞ്ച് മെക്‌സിക്കൻ പൗരന്മാരുൾപ്പെടെ ആറ് പേരുമായി സ്വകാര്യ ഹെലികോപ്റ്റർ കാണാതായതായി നേപ്പാൾ വ്യോമയാന അധികൃതർ അറിയിച്ചു. മനാംഗ് എയർ ചോപ്പർ 9N-AMV ഹെലികോപ്ടറാണ് കാണാതായത്. സുർകെ വിമാനത്താവളത്തിൽ നിന്ന് രാവിലെ 10:04 ന് കാഠ്മണ്ഡുവിലേക്ക് പുറപ്പെട്ടു. എന്നാൽ, 10:13 ന് 12,000 അടി ഉയരത്തിൽ വച്ച് ഹെലികോപ്ടറിന്റെ ബന്ധം നഷ്ടപ്പെട്ടതായി ത്രിഭുവൻ ഇന്റർനാഷണൽ എയർപോർട്ട് (ടിഐഎ) മാനേജർ ഗ്യാനേന്ദ്ര ഭുൽ പറഞ്ഞു.


*നാറ്റോ ഉച്ചകോടി ഇന്ന്: ഉക്രയ്‌ൻ മുഖ്യ അജൻഡയാകും


 ലിത്വാനിയ തലസ്ഥാനം വിൽനിയസിൽ ചൊവ്വാഴ്ച നടക്കുന്ന നാറ്റോ ഉച്ചകോടിയിൽ പ്രധാന അജൻഡ ഉക്രയ്‌ൻ തന്നെയായിരിക്കുമെന്ന്‌ സെക്രട്ടറി ജനറൽ ജെൻസ്‌ സ്‌റ്റോൾട്ടൻബർഗ്‌. ഉക്രയ്‌ന്‌ വർഷങ്ങൾ നീണ്ടുനിൽക്കുന്ന സഹായ പാക്കേജ്‌ അനുവദിക്കുന്നതിൽ അന്തിമരൂപമായേക്കും. നാറ്റോ- ഉക്രയ്‌ൻ കൗൺസിലിനെ ശക്തിപ്പെടുത്തും. ഭാവിയിൽ ഉക്രയ്‌ന്‌ അംഗത്വം കൊടുക്കുന്നത്‌ ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചയാകും -സ്‌റ്റോൾട്ടൻബർഗ്‌ പ്രാരംഭ പ്രസ്താവനയിൽ പറഞ്ഞു.


*പ്രിഗോഷിനുമായി പുടിൻ കൂടിക്കാ‌ഴ്‌ച നടത്തി


 സായുധകലാപശ്രമം പരാജയപ്പെട്ടശേഷം വാഗ്‌നർ മേധാവി യെവ്‌ഗേനി പ്രിഗോഷിൻ റഷ്യൻ പ്രസിഡന്റ്‌ വ്‌ലാദിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി. ജൂൺ 29നായിരുന്നു മൂന്നുമണിക്കൂർ നീണ്ട കൂടിക്കാഴ്ചയെന്ന്‌ ക്രെംലിൻ വക്താവ്‌ ദിമിത്രി പെസ്കോവ്‌ സ്ഥിരീകരിച്ചു. പ്രിഗോഷിൻ സേനയിലെ ഉന്നത കമാൻഡർമാരും സന്നിഹിതരായിരുന്നു. ഉക്രയ്നിലെ യുദ്ധമേഖലയിലെ പ്രിഗോഷിൻ സൈന്യത്തിന്റെ പ്രവർത്തനം, ജൂൺ 24ന്‌ അവർ മോസ്കോയിലേക്ക്‌ നടത്തിയ മാർച്ച്‌ എന്നിവയെപ്പറ്റിയുള്ള തന്റെ നിരീക്ഷണങ്ങൾ പുടിൻ പങ്കുവച്ചു. വാഗ്‌നർ സംഘത്തിന്റെ വിശദീകരണവും കേട്ടു. ഉക്രയ്‌നിൽ തുടർന്നും റഷ്യക്കായി പൊരുതാൻ വാഗ്‌നർ സംഘം സന്നദ്ധമായിട്ടുണ്ട്‌.

കായികം

****


*വീണ്ടും മിന്നിതിളങ്ങി മിന്നുമണി; 4 ഓവറില്‍ 9 റണ്‍സ് മാത്രം വിട്ടുനല്‍കി 2 വിക്കറ്റ്; ബംഗ്ലാദേശിനെതിരെ വിജയം


ബംഗ്ലാദേശിനെതിരായ രണ്ടാം ട്വന്‍റി 20 മത്സരത്തില്‍ ഇന്ത്യക്കായി തകര്‍പ്പന്‍ പ്രകടനവുമായി മലയാളി താരം മിന്നു മണി. നാല് ഓവര്‍ ബോള്‍ ചെയ്ത മിന്നു 9 റണ്‍സ് മാത്രം വഴങ്ങി നിര്‍ണായകമായ രണ്ട് വിക്കറ്റുകളും നേടി.  ഒരു മെയ്ഡന്‍ ഓവര്‍ അടക്കമായിരുന്നു മലയാളി താരത്തിന്‍റെ ഉജ്വല പ്രകടനം. ഇന്ത്യന്‍ വനിതകള്‍ ഉയര്‍ത്തിയ 98 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് ടീം 87 റണ്‍സ് എടുത്ത് പുറത്തായി. ഇതോടെ 8 റണ്‍സിന് ഇന്ത്യ വിജയം സ്വന്തമാക്കി. തുടര്‍ച്ചയായ രണ്ടാം ജയത്തോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയും ഇന്ത്യ നേടി.


*ഇഷാനും യശസ്വിക്കും അരങ്ങേറ്റം, മുകേഷിന് പകരം ഉനദ്ഘട്ട്, വിന്‍ഡീസിനെതിരായ ഇന്ത്യയുടെ സാധ്യതാ ടീം


ഡൊമനിക്ക: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിന് നാളെ ഡൊമനിക്കയിലെ വിന്‍സ്ഡര്‍ പാര്‍ക്കില്‍ തുടക്കമാകുമ്പോള്‍ ഇന്ത്യയുടെ അന്തിമ ഇലവനില്‍ ആരൊക്കെയുണ്ടാകുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. വിൻഡീസിനെതിരെ ആദ്യ പോരിനിറങ്ങുമ്പോൾ ഇന്ത്യയുടെ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് മത്സരങ്ങൾക്ക് കൂടിയാണ് തുടക്കമാവുന്നത് ഓരോ ടെസ്റ്റും നിര്‍മായകമാണെന്നതിനാല്‍ പ്ലേയിംഗ് ഇലവനില്‍ ആരൊക്കെ വേണമെന്ന കാര്യത്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും പരിശീലകന്‍ രാഹുല്‍ ദ്രാവിഡും തലപുകക്കുകയാണിപ്പോഴും. ഏറ്റവും ഒടുവില്‍ ലഭിക്കുന്ന സൂചനകള്‍ അനുസരിച്ച് യശസ്വി ജയ്‌സ്വാള്‍ നാളെ ഇന്ത്യക്കായി ടെസ്റ്റ് അരങ്ങേറ്റം കുറിക്കും. എന്നാല്‍ ഓപ്പണറായാണോ മൂന്നാം നമ്പറിലാണോ യശസ്വി ഇറങ്ങുകയെന്ന് ഇതുവരെ തീരുമാനമായിട്ടില്ല. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും യശസ്വിയുമാകും ആദ്യ മൂന്ന് സ്ഥാനങ്ങളില്‍.


വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍: രോഹിത് ശര്‍മ, യശസ്വി ജയ്‌സ്വാൾ, ശുഭ്മാൻ ഗിൽ, വിരാട് കോലി,അജിങ്ക്യ രഹാനെ ഇഷാൻ കിഷൻ,രവീന്ദ്ര ജഡേജ,രവിചന്ദ്രൻ അശ്വിൻ, ശാർദുൽ താക്കൂർ, ജയദേവ് ഉനദ്കട്ട്, മുഹമ്മദ് സിറാജ്.

വാണിജ്യം

****


*ജിഎസ്ടി കൗൺസിൽ യോഗം: ഓൺലൈൻ ഗെയിമിങ്ങിന് 28 ശതമാനം ജിഎസ്ടി , കാൻസർ മരുന്നിന് നികുതി കുറയും


ഓൺലൈൻ ഗെയിമിങ്, കുതിരപന്തയം, കാസിനോകൾ എന്നിവയ്ക്ക് 28 ശതമാനം ജി എസ് ടി ഈടാക്കാൻ തീരുമാനം. ഡൽഹിയിൽ ചേർന്ന 50-മത് ജിഎസ്ടി കൗൺസിൽ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ഗെയിമിംഗിന് കൂടുതൽ നികുതി ഈടാക്കാനുള്ള നീക്കത്തിനെതിരെ ഗോവ കടുത്ത എതിർപ്പ് ഉയർത്തിയെങ്കിലും തീരുമാനവുമായി മുന്നോട്ട് പോകാൻ യോഗം തീരുമാനിക്കുകയായിരുന്നു.


*വീഴ്ചയ്ക്കൊടുവിൽ വിശ്രമിച്ച് സ്വർണവില;


 ഇന്നലെ സ്വർണവിലയിൽ മാറ്റമില്ല.  ഒരു പവൻ സ്വർണത്തിന്  80 രൂപയാണ്  കുറഞ്ഞത്.  ഒരു പവൻ സ്വർണത്തിന്റെ ഇന്നലത്തെ വിപണി വില  43,560 രൂപയാണ്.


*ഇങ്ങനെ പോയാൽ അമേരിക്കയെ മറികടന്ന് ഇന്ത്യ രണ്ടാമത്തെ സാമ്പത്തിക ശക്തിയാകും'; പ്രവചനവുമായി ​ഗോൾഡ്മാൻസ് സാക്സ്


ദില്ലി: 2075ഓടെ ഇന്ത്യ അമേരിക്കയെ പിന്തള്ളി ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തിക ശക്തിയാകുമെന്ന് ആ​ഗോള ഫിനാൻഷ്യൽ സർവീസ് കമ്പനിയായ ​ഗോൾഡ്മാൻ സാക്സിന്റെ പ്രവചനം. 1.4 ബില്യൺ ജനസംഖ്യയുള്ള ഇന്ത്യയുടെ ജിഡിപി വികസിക്കുമെന്നും 2075 ഓടെ രാജ്യം ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്നുമാണ് ഗോൾഡ്മാൻ സാച്സിന്റെ കണ്ടെത്തൽ. 2075ഓടെ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ 52.5 ട്രില്യൺ ഡോളറായി ഉയരുകയും അമേരിക്കയെ പിന്തള്ളി ചൈനക്ക് പിന്നിൽ രണ്ടാമതാകുമെന്നും റിപ്പോർട്ടിൽ പറയുന്നു


*ആഴ്ചയുടെ രണ്ടാം ദിനമായ ഇന്ന് നേട്ടത്തിലേറി ഓഹരി വിപണി. തുടക്കം മുതൽ മികച്ച പ്രകടനം കാഴ്ചവച്ച ആഭ്യന്തര സൂചികകൾ നേട്ടത്തിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ സെൻസെക്സ് 274 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 65,617-ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 84 പോയിന്റ് നേട്ടത്തിൽ 19,439-ലാണ് അവസാനിപ്പിച്ചത്. ഇന്ത്യയിലെയും, യുഎസിലെയും പണപ്പെരുപ്പ കണക്കുകൾ നാളെ പുറത്തു വരാനിരിക്കെയാണ് ഈ മുന്നേറ്റം.

ഇന്നത്തെ സ്മരണ !!!

********


പി. കെ വാസുദേവൻ നായർ മ. (1926-2005)

എം.പി. പോൾ മ. (1904-1952)

രാജേന്ദ്രകുമാർ മ. (1929-1999)

ദാമോദരൻ കാളാശേരി മ. (1930-2019),

എം ജെ രാധാകൃഷ്ണൻ മ. (1957-2019),

എസ്‌.ആർ ചന്ദ്രൻ കാരന്തൂർ മ. (1931-2019)

ധാരാസിംഗ് മ. (1928  -2012)

പ്രാൺ മ. (1920-2013)

അമർ ഗോപാൽ ബോസ് മ. (1929 -2013)

ഇ. പി .ടൊറാൻസ് മ. (1915-2003)


ഒ.എം. ചെറിയാൻ ജ. (1874-1944 )

ഛബി ബിശ്വാസ്  ജ. (1900 -1962)

ഉമാശങ്കർ ജോഷി ജ. (1911-1988)

ഹെൻറി  തോറോ  ജ. (1817-1862)

ജോർജ്ജ് ഈസ്റ്റ്മാൻ ജ.( 1854-1932)

പാബ്ലോ നെരൂദ ജ. (1904-1973) 

ചരിത്രത്തിൽ ഇന്ന്…

********


1958 - കുട്ടനാട്ടിൽ 'ഒരണ സമരം' ആരംഭിച്ചു 


1961 - ഖദാഖ്‌വസ്‌ല, പാൻഷെറ്റ് ഡാമുകൾ തകരാറിലായതു കാരണം പൂനെ നഗരം വെള്ളത്തിനടിയിലായി. 2,000-ൽ അധികം ആളുകൾ മരിക്കുകയും 100,000 അധികം പേരെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തു.


1962 - ദ റോളിങ് സ്റ്റോൺസ് അവരുടെ ആദ്യ കൺസേട്ട് ലണ്ടനിലെ മാർക്യു ക്ലബ്ബിൽ നടത്തി.


1975 - സാവോ ടോം ആൻഡ് പ്രിൻസിപ്പെ പോർച്ചുഗലിൽ നിന്ന് സ്വതന്ത്രമായി.


1982 - മുംബൈ ആസ്ഥാനമായി 'നബാർഡ്' നിലവിൽ വന്നു


1990 - ഫിലിപ്പീൻസിൽ ശക്തമായ ഭൂചലനം.


1998 - ബ്രസീലിനെ തോൽപ്പിച്ച് ഫ്രാൻസ് ആദ്യമായി ലോകകപ്പ് ഫുട്ബോൾ ജേതാക്കളായി. 


2006 -  ലെബനൻ യുദ്ധം ആരംഭിച്ചു


2009 - മുൻ സോവിയറ്റ് റിപ്പബ്ലിക്കിൽപ്പെട്ട ലിത്വാനിയയിൽ പ്രഥമ വനിതാ പ്രസിഡണ്ടായി ഡാലിയ ഗ്രിബാസ്കൈറ്റ്  അധികാരമേറ്റു. 


2012 - നൈജീരിയയിലെ ഒരു ടാങ്ക് ട്രക്ക് സ്ഫോടനത്തിൽ നൂറിലധികം പേർ കൊല്ലപ്പെട്ടു.


2013 - ബ്രൂട്ടിഗ്നി-സർ-ഓർഗിൽ ഫ്രഞ്ച് പാസഞ്ചർ ട്രെയിൻ പാളം തെറ്റിയ സംഭവത്തിൽ ആറ് പേർ കൊല്ലപ്പെടുകയും 200 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.


2018 - ഇൻഫർമേഷൻ ടെക്നോളജി പോളിസി ഗോവ മന്ത്രിസഭ അംഗീകരിച്ചു


2018 - ന്യൂഡൽഹിയിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പുതിയ ആസ്ഥാനമായ ‘ധരോഹർ ഭവൻ’ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍