വാളയാർ-വടക്കഞ്ചേരി ദേശീയപാതയിൽ പുതുശ്ശേരിയിൽ കാർയാത്രക്കാരെ ആക്രമിച്ച് 4.50 കോടി രൂപയും കാറും കവർന്നു. ശനിയാഴ്ച പുലർച്ചെ മൂന്നരയോടെ ദേശീയപാത പുതുശ്ശേരി നരകംപുള്ളി പാലത്തിനടുത്തുവെച്ചായിരുന്നു കവർച്ച. ആക്രമണത്തിൽ കാർയാത്രികരായ മൂന്നുപേർക്ക് പരിക്കേറ്റു. മലപ്പുറം മേലാറ്റൂർ സ്വദേശികളായ മുഹമ്മദ് ആസിഫ് (40), മുഹമ്മദ് ഷാഫി (38), ഇബ്നു വഹ (24) എന്നിവർക്കാണ് പരിക്കേറ്റത്.
ഇവർ സഞ്ചരിച്ച കാറിനുകുറുകെ ലോറി നിർത്തിയിടുകയും മറ്റു രണ്ടു കാറുകളിലായെത്തിയ പതിനഞ്ചംഗസംഘം, മൂവരെയും കണ്ണുകെട്ടി കാറിൽ കയറ്റിക്കൊണ്ടുപോയി മർദിച്ചശേഷം തൃശൂർ ഭാഗത്ത് ഉപേക്ഷിച്ചെന്നുമാണ് പരാതി. പുലർച്ചെ ബെംഗളൂരുവിൽനിന്ന് മലപ്പുറത്തേക്ക് പോവുകയായിരുന്നു കാർയാത്രികർ. ഇതിനിടെയാണ് ടിപ്പർലോറി റോഡിനു കുറുകെയിട്ട് തടഞ്ഞത്. ഇതേസമയം, രണ്ട് കാറുകളിലെത്തിയ സംഘം മാരകായുധങ്ങളുമായി ഇവരെ ആക്രമിച്ചെന്നാണ് പരാതി. മൂന്നുപേരെയും കാറിലേക്ക് പിടിച്ചുകയറ്റി തൃശൂരിലേക്ക് പോയി. മാപ്രാണം താണാവ് ഭാഗത്തുവെച്ച് റോഡിലേക്ക് തള്ളിയിടുകയും അര കിലോമീറ്റർ അകലെ കാർ ഉപേക്ഷിക്കുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു. അക്രമികൾ പിന്നീട് വന്ന കാറുകളിൽ തന്നെയാണ് മടങ്ങിയത്.
ശനിയാഴ്ച രാത്രിയോടെയാണ് കാർയാത്രികർ കസബ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. ഇവരുടെ പരാതിയിൽ കസബ പോലീസ് അന്വേഷണം ആരംഭിച്ചു. കവർച്ച നടത്തിയത് കുഴൽപ്പണക്കവർച്ചാസംഘമാണെന്ന നിഗമനത്തിലാണ് പോലീസ്. അന്വേഷണത്തിന്റെ ഭാഗമായി വാളയാർ ടോൾ പ്ലാസയിലെയും ദേശീയപാതയിലെയും സി.സി.ടി.വി. ക്യാമറാദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു. അക്രമികളെത്തിയ കാറിന്റെ നമ്പറുകൾ വ്യാജമാണെന്നാണ് വിവരം.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍