ക്യാമറ ഓൺ ആയി അപകടമരണം കുറഞ്ഞതായി ഗതാഗത വകുപ്പിന്റെ വിലയിരുത്തൽ.



റോഡ് സുരക്ഷാ പദ്ധതിയുടെ ഭാഗമായി ക്യാമറകൾ പ്രവർത്തനം ആരംഭിച്ചതോടെ അപകട മരണങ്ങൾ കുറഞ്ഞതായി ഗതാഗത വകുപ്പിന്റെ വിലയിരുത്തൽ. പ്രതിദിനം 12 പേർ അപകടങ്ങളിൽ മരിച്ചിരുന്നത് 8 ആയി കുറഞ്ഞെന്ന് അധികൃതർ പറഞ്ഞു. റോഡ് ക്യാമറകൾ പ്രവർത്തനം ആരംഭിച്ച അഞ്ചാം തീയതി മുതൽ ഇന്നലെ വരെയുള്ള അപകടങ്ങളാണ് വിലയിരുത്തിയത്. കഴിഞ്ഞ വർഷം സംസ്ഥാനത്ത് 4,317 പേരാണ് റോഡ് അപകടങ്ങളിൽ മരിച്ചത്. 43,910 അപകടങ്ങളിൽ 49,307പേർക്ക് പരുക്കുപറ്റി.

റോഡ് നിയമം ലംഘിക്കുന്നവരുടെ എണ്ണവും കുറയുകയാണെന്ന് മോട്ടർ വാഹനവകുപ്പ് പറയുന്നു. അഞ്ചാം തീയതി രാവിലെ എട്ടു മണിക്കാണ് ക്യാമറകൾ പ്രവർത്തിച്ചു തുടങ്ങിയത്. അന്നേദിവസം രാത്രി 12 മണിവരെയുള്ള കണക്കനുസരിച്ച് 63,849 നിയമലംഘനങ്ങളാണ് പിടികൂടിയത്. ആറാം തീയതി–1,21,681, എഴാം തീയതി –87,675, എട്ടാം തീയതി– 79,525. ചലാനുകൾ കിട്ടിത്തുടങ്ങുന്നതോടെ ഒരു മാസംകൊണ്ട് നിയമലംഘനങ്ങൾ വലിയ രീതിയിൽ കുറയുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. ക്യാമറകൾ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിച്ചപ്പോൾ 4 ലക്ഷം നിയമലംഘനങ്ങൾ കണ്ടെത്തിയ ദിവസമുണ്ടായിരുന്നു.

സീറ്റ് ബെൽറ്റ് ധരിക്കാതെ യാത്ര ചെയ്താൽ വാഹന ഉടമയ്ക്ക് പിഴത്തുക വ്യക്തമാക്കി രണ്ട് ചലാനുകൾ ലഭിക്കും. മോട്ടർവാഹന നിയമം അനുസരിച്ച് ഡ്രൈവറും മുന്നിലെ സഹയാത്രികനും സീറ്റ് ബെൽറ്റ് ധരിക്കണം. റോഡ് ക്യാമറ വരുന്നതിനു മുൻപ് നേരിട്ടുള്ള പരിശോധനകളിൽ ഉദ്യോഗസ്ഥർ ഡ്രൈവർക്ക് മാത്രം പിഴ ഈടാക്കി സഹയാത്രികനെ ഒഴിവാക്കാറുണ്ടായിരുന്നു. ഇനി മുതൽ ഇളവ്  ഉണ്ടാകില്ല. ഹെൽമറ്റ്  ധരിക്കാതെ രണ്ടുപേർ യാത്ര ചെയ്താൽ 500 രൂപ വീതം രണ്ട് ചലാനുകൾ വാഹന ഉടമയ്ക്ക് ലഭിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍