വടക്കാഞ്ചേരി നഗരസഭ 2023 - 24 ബജറ്റ് അവതരണം നടന്നു.

വടക്കാഞ്ചേരി നഗരസഭയുടെ 2022-23 വര്‍ഷത്തെ 84,55,68,500 രൂപ വരവും, 84,00,02,000 രൂപ ചിലവും, 6,69,91,304 രൂപ നീക്കിയിരിപ്പും ഉളള പരിഷ്ക്കരിച്ച ബജറ്റും 2023-24 വര്‍ഷത്തെ 15,92,199000 രൂപ വരവും , 1590620000 രൂപ ചെലവും 6,85,70,304 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന മതിപ്പ് ബജറ്റും കൗണ്‍സില്‍ അംഗീകരിച്ചു.   

ബഡ്ജറ്റ് അവതരണത്തിന്‍റെ സ്ഥിരം രീതികളില്‍ നിന്നും മാറി പുതിയ മാതൃകയിലാണ് ഈ ബഡ്ജറ്റ് ഇന്ന് അവതരിപ്പിക്കുന്നത്. ബഡ്ജറ്റിലെ കണക്കിനും അതിന്‍റെ വിവരണങ്ങള്‍ക്കും മറ്റു വിഷയ മേഖലകളിലും യാതൊരു മാറ്റവും വരുത്തുന്നില്ല എന്നാല്‍ ഈ ബഡ്ജറ്റ് വിഭാവനം ചെയ്യുന്നത് സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ആശയ സാക്ഷാത്ക്കാരത്തിലാണ്. അതായത് ഈ ബഡ്ജറ്റിന്‍റെ തീം എന്നത് സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍ സുദ്യഢമാണ്.

2015 ല്‍ ഐക്യരാഷ്ട്രസഭ മെച്ചപ്പെട്ടതും സുസ്ഥിരവുമായ ഭാവി എല്ലാവര്‍ക്കും കൈവരിക്കുന്നതിനുളള മാതൃകയായി രൂപകല്പനചെയ്യപ്പെട്ട ആഗോളതലത്തിലുളള പരസ്പര ബന്ധിതമായ 17 ലക്ഷ്യങ്ങളുടെ ശേഖരമാണ് സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ (SUSTAINABLE DEVELOPMENT GOALS) 2030 ഓടെ ഈ ലക്ഷ്യങ്ങള്‍ കൈവരിക്കാനുളള പ്രത്യാശയിലാണ് ലോകം.

സുസ്ഥിര വികസന ലക്ഷ്യങ്ങളിലെ ഒന്നാം ലക്ഷ്യമായ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനംڈ എന്ന ലക്ഷ്യത്തിലേക്ക് നമ്മുടെ നഗരസഭ വളരെ വേഗത്തില്‍ അടുക്കുകയാണ്.സംസ്ഥാന ഗവണ്‍മെന്‍റ് ആവിഷ്കരിച്ച അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതിക്ക് കീഴില്‍  91 ഗുണഭോക്തൃ കുടുംബങ്ങള്‍ക്ക് അതിജീവനപദ്ധതി നടപ്പിലാക്കുകയാണ്. ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തുകൊണ്ടും അടിസ്ഥാന രേഖകള്‍ നല്കി കൊണ്ടും, അലോപ്പതി, ആയുര്‍വേദ ക്യാമ്പുകള്‍ നടത്തികൊണ്ടും,തൊഴിലവസരങ്ങള്‍ ഒരുക്കി കൊണ്ടും, തൊഴില്‍ ഉപകരണങ്ങള്‍ നല്കി കൊണ്ടും, വീടുകള്‍ പുനരുദ്ധരിച്ചു കൊണ്ടും, മരുന്നുകളും ചികിത്സാസഹായങ്ങളും നല്കികൊണ്ടും നിരാലംബരായവരെ സര്‍ക്കാര്‍ അഗതിമന്ദിരങ്ങളില്‍ പ്രവേശിപ്പിച്ചു കൊണ്ടുംഅതിജീവന പദ്ധതികള്‍ നഗരസഭ തുടരുകയാണ്.

2025 വര്‍ഷത്തില്‍ ഈ കൗണ്‍സില്‍ കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ ഈ നഗരസഭയില്‍ അതിദരിദ്രരായി ആരും തന്നെ ഉണ്ടാകരുതെന്ന ലക്ഷ്യമാണ് ഈ കൗണ്‍സിലിന്‍റെ പ്രധാന അജണ്ട. അതിദാരിദ്ര്യ അതിജീവന പദ്ധതികള്‍ക്കായി 2 കോടി രൂപ ബഡ്ജറ്റില്‍ വകയിരുത്തുന്നു. ശേഷിക്കുന്ന വീടുകളുടെ പുനരുദ്ധാരണം, തൊഴില്‍ അധിഷ്ഠിത കിയോസ്കുകള്‍ നല്‍കല്‍ തുടങ്ങി മൈക്രോ പ്ലാന്‍ പൂര്‍ത്തീയാക്കുന്നതിന് കൂടി ഈ തുക വിനിയോഗിക്കും.

കുടുംബശ്രീയുടെ 25-ാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍ കൂടുതല്‍ സംരംഭങ്ങള്‍ക്ക് അവസരം ഒരുക്കുന്നതിന് നഗരസഭ പദ്ധതി തയ്യാറാക്കും. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ കുടുംബശ്രീ വഴി നടപ്പിലാക്കുന്നതിന് 1 കോടി രൂപ പ്ലാന്‍ ഫണ്ട്, തനത് ഫണ്ട്, സംസ്ഥാനാവിഷ്ക്യതഫണ്ട് എന്നിവയില്‍ നിന്നും തുല്യമായി വകയിരുത്തുന്നു. കുടുംബശ്രീ ഷോപ്പി, കുടുംബശ്രീ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവയ്ക്ക് തുക വകയിരുത്തുന്നു. 

വഴിയോര കച്ചവടക്കാര്‍ക്ക് അതിജീവനത്തിനായി വെന്‍റിംഗ് കിയോസ്കുകള്‍ നഗരസഭ നിര്‍മ്മിച്ച് നല്കും.

സുസ്ഥിരവികസന ലക്ഷ്യങ്ങളില്‍ രണ്ടാമത്തെതാണ്ڈവിശപ്പുരഹിത നഗരം. വനിതഘടകപദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ട് ജനകീയ ഹോട്ടലുകള്‍ കൂടി പുതിയതായി ആരംഭിക്കുന്നതിന് 30 ലക്ഷം രൂപ വകയിരുത്തുകയാണ്. അതിദരിദ്രര്‍ക്കും, ആശ്രയ അഗതികള്‍ക്കും നല്കുന്ന ഭക്ഷ്യകിറ്റുകളുടെ വിതരണം നഗരസഭ പുനരാരംഭിക്കും.

സുസ്ഥിരവികസന ലക്ഷ്യങ്ങളില്‍അടുത്തത് നല്ല ആരോഗ്യവും ക്ഷേമവും എന്നതാണ്. ആരോഗ്യകരമായ ജീവിതം എല്ലാവര്‍ക്കും ഉറപ്പാക്കുക, എല്ലാ പ്രായത്തിലുമുളളവരുടെ ക്ഷേമം ഉറപ്പാക്കുക എന്നതാണ് നഗരസഭയുടെ ലക്ഷ്യം.മുനിസിപ്പാലിറ്റികളുടെ അനിവാര്യ ചുമതലകളില്‍ നിര്‍ണ്ണയിക്കപ്പെട്ട അധികാരങ്ങള്‍  പ്രയോഗത്തില്‍ വരുത്താന്‍ ഈ ബഡ്ജറ്റ് ലക്ഷ്യമിടുന്നു. നഗരസഭയുടെ പൊതുആരോഗ്യ പരിപാടികള്‍ ശുചിത്വ പരിപാടികള്‍ എന്നിവയെല്ലാം  ഇതിന്‍റെ ഭാഗമാണ്. ആരോഗ്യ ശുചിത്വ  പരിപാടികള്‍  സമഗ്രമായി നടത്തുന്നതിന് പി എച്ച് സി കളുടെ വികസനത്തിനായി 30 ലക്ഷം രൂപ വകയിരുത്തുന്നു. നഗരസഭയില്‍ പി എച്ച് സി കള്‍, സബ്സെന്‍ററുകള്‍ എന്നിവ തമ്മില്‍ നെറ്റ്വര്‍ക്ക് സംവിധാനം നടപ്പില്‍ വരുത്തും. നഗരസഭ ആരംഭിച്ച സ്കൂള്‍ ഫോര്‍ ഹെല്‍ത്തി എയ്ജിങ്ങ് പദ്ധതിക്കായി ഈ വര്‍ഷം 20 ലക്ഷം രൂപ വകയിരുത്തുന്നു.  കെയര്‍ ഗിവര്‍ പരിശീലനകേന്ദ്രം ആരംഭിക്കുന്നതിനായി 15 ലക്ഷം രൂപ വകയിരുത്തുന്നു. സോഷ്യല്‍ റിഹാബിലിറ്റേഷന്‍ സെന്‍റര്‍ ആര്യംപാടം പകല്‍ വീട്ടില്‍ ആരംഭിക്കും. ആരോഗ്യ രംഗത്ത് നഗരസഭയുടെ മുന്നണി പോരാളികളായ ആശാപ്രവര്‍ത്തകര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷക്കായി 4 ലക്ഷം രൂപ വകയിരുത്തുന്നു. 



 ഗുണനിലവാരമുളളവിദ്യാഭ്യാസം എന്നലക്ഷ്യത്തില്‍ നഗരസഭ ഏറെ മുന്നോട്ട് പോയിട്ടുണ്ട്. നവകേരള മിഷന്‍ 2.0 ല്‍ തുടരുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യത്നം ഏറെ ഭംഗിയായി തന്നെ വടക്കാഞ്ചേരി നഗരസഭ തുടരുന്നു. ലോകനിലവാരത്തില്‍ നമ്മുടെ നാട്ടിലെ വിദ്യാര്‍ത്ഥികളും എത്തട്ടെ എന്നതാണ് നഗരസഭയുടെ ലക്ഷ്യം.

 അനിവാര്യ വകയിരുത്തലായ എസ് എസ് എ ഫണ്ടിന് പുറമെ സ്കൂളുകളുടെ റിപ്പയറിംഗ്,ഫര്‍ണീച്ചറുകള്‍ എന്നിവയ്ക്കായി  50 ലക്ഷം രൂപ മാറ്റി വയ്ക്കുന്നു. സ്കൂളുകളില്‍ സോളാര്‍ വൈദ്യുതി പ്ലാന്‍റുകള്‍ക്കായി 50 ലക്ഷം രൂപ വകയിരുത്തുന്നു. 

മുകുന്ദരാജ സാംസ്ക്കാരിക ഉത്സവം നടത്തുന്നതിനും മുകുന്ദരാജ സ്മാരകം സ്ഥാപിക്കുന്നതിനും തുക വകയിരുത്തുന്നു. 

നഗരസഭയിലെ വായനശാലകള്‍ക്ക് ഡിജിറ്റലൈസേഷന്‍ നടപ്പിലാക്കുന്നതിന് പദ്ധതി തുക വകയിരുത്തും. വളരെ സമ്പന്നമായ സാംസ്ക്കാരിക പാരമ്പര്യ ഭൂമികയാണ് വടക്കാഞ്ചേരിയുടേത്. വടക്കാഞ്ചേരിയുടെ ചരിത്രം സാംസ്ക്കാരിക പാരമ്പര്യം എന്നിവ ഡോക്യുമെന്‍റ് ചെയ്ത് സൂക്ഷിക്കുന്നതിനും പ്രദര്‍ശിപ്പിക്കുന്നതിനും നഗരസഭയില്‍ വായനശാലകളുടെ സഹായത്തോടെ ആര്‍ട്ട് സെന്‍റര്‍ സ്ഥാപിക്കും. 

വിദ്യാഭ്യാസം സാര്‍വ്വത്രീകമാകുന്നതിനും നഗരസഭയിലെ എല്ലാവരും പ്രായഭേദമന്യേ പത്താംക്ലാസ്സ് പാസ്സായിരിക്കണം എന്ന ലക്ഷ്യത്തോടെ തുടര്‍ സാക്ഷരത പ്രവര്‍ത്തനങ്ങള്‍ക്കായി 20 ലക്ഷം രൂപ വകയിരുത്തുന്നു. വിദ്യാഭ്യാസത്തോടൊപ്പം കായികക്ഷമത വര്‍ദ്ധിപ്പിക്കാനുളള പദ്ധതികളും നടപ്പാക്കും. സ്കൂള്‍ പാര്‍ലിമെന്‍റ് മത്സരം സംഘടിപ്പിക്കും. സ്കൂളുകള്‍ കേന്ദ്രീകരിച്ച് മികച്ച ഫുട്ബോള്‍ താരങ്ങളെ തെരഞ്ഞെടുത്ത് വടക്കാഞ്ചേരി ഫുട്ബോള്‍ അക്കാദമി( വി എഫ് എ) രൂപീകരിക്കും.


ലിംഗസമത്വം എന്നതിലൂടെ ലക്ഷ്യമിടുന്നത് പ്രധാനമായും സ്ത്രീകള്‍ക്കെതിരെയുളള വിവേചനം അവസാനിപ്പിക്കുകയും സ്ത്രീകളെയും പെണ്‍കുട്ടികളെയും ശാക്തീകരിക്കുകയും ചെയ്യുക എന്നതാണ്. ഇതിന് മുന്നോടിയായി ശിശു സൗഹൃദ നഗരസഭ, സ്ത്രീ സൗഹൃദ നഗരസഭ എന്നീ സ്റ്റാറ്റസുകള്‍ നേടിയെടുക്കുന്നതിനായി വിവിധ സ്റ്റേക്ക് ഹോള്‍ഡേഴ്സ് തലത്തില്‍  മൂന്ന് ക്യാമ്പുകള്‍ നഗരസഭ നടത്തുകയുണ്ടായി. ഈക്യാമ്പുകളുടെ അവസാനം ഉരുത്തിരിഞ്ഞ പദ്ധതികളുടെ സംഗ്രഹം നഗരസഭയില്‍ ഉണ്ട്. സ്ത്രീകള്‍ക്കായുളള ഫെസിലിറ്റേഷന്‍ സെന്‍റര്‍ പദ്ധതി ഇതിലൊന്നാണ്. ജാഗ്രതാ സമിതികള്‍ക്ക് മേഖലാതലത്തില്‍ ഓഫീസുകള്‍ സ്ഥാപിച്ചുകൊണ്ടും  ജന്‍റര്‍ ക്ലബുകള്‍ വാര്‍ഡുതലങ്ങളില്‍ ആരംഭിച്ചുകൊണ്ടും ലിംഗസമത്വമെന്ന ലക്ഷ്യത്തിലേക്ക് നഗരസഭ നടന്നടുക്കുകയാണ്.നഗരപ്രദേശങ്ങളില്‍ സ്ത്രീകള്‍ കൂടുതല്‍ എത്തിചേരുന്ന ഇടങ്ങളില്‍ സ്ത്രീകള്‍ക്കെതിരെ ഉണ്ടായേക്കാവുന്ന ആക്രമങ്ങള്‍ തടയുന്നതിന് വടക്കാഞ്ചേരി പോലീസിന്‍റെ സഹായത്തോടെ സര്‍വലൈന്‍സ് സിസ്റ്റം സ്ഥാപിക്കും.

അഭ്യസ്ഥ വിദ്യരായ സ്ത്രീകള്‍ക്ക് തൊഴില്‍ നേടുന്നതിനായി കേരള നോളജ് മിഷന്‍റെ  തൊഴില്‍ അരങ്ങത്തേക്ക് പദ്ധതി ഊര്‍ജ്ജിതമായി നടപ്പിലാക്കും.



ശുദ്ധജലവും ശുചിത്വവും എന്ന ലക്ഷ്യം നഗരസഭയുടെ പ്രധാന മേഖലകളില്‍ ഒന്നാണ്. 20 കോടി  രൂപയുടെ പ്രോജക്ടാണ് അമൃത് പദ്ധതിയിലൂടെ ശുദ്ധജല വിതരണത്തിനായി നഗരസഭ തയ്യാറാക്കികൊണ്ടിരിക്കുന്നത്. CWRDM   മായി ചേര്‍ന്നുളള ഡി പി ആര്‍ പുരോഗതിയിലാണ്. 2025 ആവുമ്പോഴെക്കും വടക്കാഞ്ചേരി നഗരത്തില്‍ എല്ലാവര്‍ക്കും ശുദ്ധജലം എന്ന ലക്ഷ്യം സാക്ഷാത്കരിക്കാന്‍ നഗരസഭയ്ക്ക് സാധിക്കും.ഹയര്‍ സെക്കണ്ടറി സ്കൂളുകള്‍ കേന്ദ്രീകരിച്ച് ജലഗുണനിലവാര പരിശോധന ലാബ് തയ്യാറാക്കും. കുടുംബശ്രീ എന്‍ യു എല്‍ എം പദ്ധതിയുമായി ചേര്‍ന്ന് റിവേഴ്സ് ഓസ്മോസിസ് പ്ലാന്‍റുകള്‍ തദ്ദേശീയമായി സ്ഥാപിക്കും. പുതിയ കുടിവെളള പൈപ്പ് ലൈനുകള്‍ സ്ഥാപിക്കാന്‍ പദ്ധതിയില്‍ തുക വകയിരുത്തുന്നു. നഗരസഭയിലെ എല്ലാ പൊതുകിണറുകളും ശുചിയായി സൂക്ഷിക്കുന്നതിന് 25 ലക്ഷം രൂപ വകയിരുത്തുന്നു. ഭൂഗര്‍ഭജല പോഷണത്തിന് നിലവില്‍ തുടരുന്ന കിണര്‍ റീചാര്‍ജ്ജിംഗ് പദ്ധതി വ്യാപകമാക്കും. കിണര്‍ റീചാര്‍ജ്ജ് നടപ്പിലാക്കുന്ന വീടുകള്‍ക്ക് നികുതിയില്‍ ഇളവ് നല്കും.


   

ശുചിത്വവുമായി ബന്ധപ്പെട്ട് നിലവിലുളള പദ്ധതികളില്‍ നഗരസഭ നടപ്പിലാക്കുന്ന മലംഭൂതം - സെപ്റ്റിക്ടാങ്ക് പുനര്‍സ്ഥാപിക്കല്‍ പദ്ധതി നഗരസഭയില്‍ വ്യാപിപ്പിക്കും. ശുചിത്വമിഷന്‍റെ സാമ്പത്തിക സഹായത്തോടെ 1 കോടി രൂപ ഇതിനായി വകയിരുത്തുന്നു.ശുചിത്വവുമായി ബന്ധപ്പെട്ട് നിലവിലുളള പദ്ധതികള്‍ ഊര്‍ജജിതമാക്കും വീടുകളിലും സ്ഥാപനങ്ങളില്‍ ഉറവിടമാലിന്യ ഉപാധികളുടെ പ്രചരണവും പ്രയോഗവും ശക്തമാക്കും ഹരിതകര്‍മ്മസേനയെ ഉപയോഗിച്ച് എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും മാലിന്യസംസ്കരണ ഓഡിറ്റിങ്ങ് നടത്തും. നിലവിലുളള ആര്‍ ആര്‍ എഫുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കും. നഗരസഭയുടെ മാലിന്യസംസ്കരണ പദ്ധതിയായ ഡി-വാട്ടേഡ് കമ്പോസ്റ്റിംഗ് സിസ്റ്റം മുഖേന ഉത്പാദിപ്പിക്കുന്ന വളത്തിന് തദ്ദേശീയമായ വിപണി കണ്ടെത്തുന്നതിനും നഗരസഭ പദ്ധതിയിടുന്നു.ഇതിനായി ബയോഫാര്‍മസി ആരംഭിക്കും.മാലിന്യസംസ്കരണ പ്ലാന്‍റിലേക്കായി ഇനോക്കുലം നിര്‍മ്മിക്കുന്നതിന് ലാബ് സൗകര്യം ഏര്‍പ്പെടുത്തും. അഴുക്കുചാലുകള്‍ ക്ലീന്‍ ചെയ്യുന്നതിന് യന്ത്ര സൗകര്യം ഏര്‍പ്പെടുത്തുന്നതിനായി 50 ലക്ഷം വകയിരുത്തുന്നു. സി &ഡി വേയ്സ്റ്റ് പ്ലാന്‍റ് നിര്‍മ്മിക്കുന്നതിന് P P P  മോഡലില്‍ പ്രവാസികള്‍ക്ക് മുന്‍ഗണന നല്കും. ഒരു വര്‍ഷം 300 ടണോളം പ്ലാസ്റ്റിക് മാലിന്യമാണ് നഗരസഭ ശേഖരിച്ച് കയറ്റി അയക്കുന്നത്. ഇതിനനുസൃതമായ സാധ്യതയില്‍ ബയോ സി എന്‍ ജി പ്ലാന്‍റ് സ്ഥാപിക്കുന്നതിന് ഈ നഗരസഭ ലക്ഷ്യമിടുന്നു. നഗരസഭയിലെ പ്രധാന സഹകരണ സ്ഥാപനങ്ങളുടെ ധനസഹായത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുക. സമീപ പഞ്ചാത്തുകളില്‍ നിന്നും പ്ലാന്‍റിലേക്കുളള പ്ലാസ്റ്റിക്കും ശേഖരിക്കുന്നതാണ്. ബയോ സി എന്‍ ജി പ്ലാന്‍റുകള്‍ക്കുളള ഡി പി ആര്‍ തയ്യാറാക്കുന്നതിന് എസ് ബി എം ഫണ്ടില്‍ നിന്നും 30 ലക്ഷം രൂപ വകയിരുത്തുന്നു.



മലിനജല സംസ്ക്കരണ പ്ലാന്‍റ് വികേന്ദ്രികൃത അടിസ്ഥാനത്തില്‍ സ്ഥാപിക്കും. വടക്കാഞ്ചേരിയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകത ഉപയോഗപ്പെടുത്തിയാണ് പ്ലാന്‍റുകള്‍ ഡിസൈന്‍ ചെയ്യുന്നത്. 

നിലവില്‍ ഏറെ പ്രശ്നമുളള കക്കൂസ് മാലിന്യങ്ങള്‍ സംസ്കരിക്കുന്നതിന് ഫീക്കല്‍ സ്ലഡ്ജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റ് സ്ഥാപിക്കുന്നതിന് 1 കോടി രൂപ ബഡ്ജറ്റില്‍ വകയിരുത്തുന്നു. മാലിന്യ സംസ്ക്കരണ പദ്ധതികള്‍ വ്യാപിപ്പിക്കുന്നതിന് സ്ഥലം ഏറ്റെടുക്കുന്നു. 

ഊര്‍ജ്ജ മേഖലയില്‍ സോളാര്‍ പാനല്‍ അധിഷ്ഠിത ഊര്‍ജ്ജ പദ്ധതികള്‍ ആവിഷ്കരിക്കും. സ്കൂളുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കും. നഗരസഭ ഓഫീസില്‍സോളാര്‍ പാനലുകള്‍ സ്ഥാപിക്കും. നഗരസഭയില്‍ സ്ട്രീറ്റ് മെയിന്‍ ഇല്ലാത്ത പ്രദേശങ്ങളില്‍ സ്ട്രീറ്റ് മെയിന്‍ സ്ഥാപിക്കുന്നതിന് പദ്ധതി തയ്യാറാക്കും.നഗരസഭയിലെ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ഉപയോഗിക്കുന്ന വൈദ്യുത ഉപകരണങ്ങളുടെ ഊര്‍ജ്ജ ക്ഷമത ഉറപ്പ് വരുത്തുന്നതിന് കെ എസ് ഇ ബി യുമായി ചേര്‍ന്ന് പദ്ധതി തയ്യാറാക്കുന്നു.

സുസ്ഥിരമായ സാമ്പത്തിക വളര്‍ച്ചയ്ക്ക് സ്ഥിരവും വരുമാനദായകവുമായ തൊഴില്‍സമൂഹം അനിവാര്യമാണ്. നഗരസഭയുടെ പ്രദേശിക വികസനത്തെ സഹായിക്കുന്നതിന് ആവശ്യമായ തൊഴില്‍ സംസ്കാരം രൂപപ്പെടുത്തുന്നതിന് ഈ ബഡ്ജറ്റ് ലക്ഷ്യമിടുന്നു. ആയിരത്തില്‍ 5 പേര്‍ക്ക് തൊഴില്‍ എന്ന സംസ്ഥാന സര്‍ക്കാരിന്‍റെ പദ്ധതിയും ഒരുലക്ഷം സംരംഭങ്ങള്‍ എന്ന പദ്ധതിയും ഊര്‍ജ്ജിതമായി നടപ്പിലാക്കാന്‍ നഗരസഭ ആഗ്രഹിക്കുന്നു. വ്യവസായ വകുപ്പിന്‍റെ കീഴില്‍ ഇന്‍റേണ്‍സ് ആയി സേവനമനുഷ്ഠിക്കുന്നവരുടെ നേത്യത്വത്തില്‍ 300 ല്‍ പരം തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ സാധിച്ചിട്ടുണ്ട്. കേരളത്തില്‍ ആദ്യം തൊഴില്‍ സഭ നടത്തി പൂര്‍ത്തീകരിക്കുകയും അതിന്‍റെ അടിസ്ഥാനത്തില്‍ ڇവൈഭവ് വടക്കാഞ്ചേരിڇ എന്ന പരിശീലന പരിപാടി സംസ്ഥാനത്ത് ആദ്യമായി ആരംഭിച്ചതും വടക്കാഞ്ചേരിയിലാണ്. തൊഴില്‍സഭയെ തുടര്‍ന്ന് നടത്തിയ തൊഴില്‍ മേളയില്‍ വടക്കാഞ്ചേരി നഗരസഭ പരിധിയിലെ 251 പേര്‍ക്ക് തൊഴില്‍ ഉറപ്പ് നല്കാനായിഎന്നത് നഗരസഭയെ സംബന്ധിച്ച് അഭിമാനാര്‍ഹമായ നേട്ടമാണ്. വൈഭവ് വടക്കാഞ്ചേരി എന്ന പരിശീലന പരിപാടിക്കായി 10 ലക്ഷം രൂപ വകയിരുത്തുന്നു.6 മാസം ഇടവേളകളില്‍ തൊഴില്‍സഭകള്‍ ചേരുന്നതിന് ഈ ബഡ്ജറ്റ് ലക്ഷ്യമിടുന്നു. അതിനാവശ്യമായ തുക വകയിരുത്തുന്നു. 



വടക്കാഞ്ചേരിയുടെപ്രധാന സവിശേഷത ഏറിയ പങ്കും കാര്‍ഷിക മേഖലയായിരുന്നിട്ടു പോലും ഇവിടെയുളള വ്യവസായ മേഖലയുടെ വ്യാപനമാണ്. അത്താണിയിലും മുണ്ടത്തിക്കോടും കേന്ദ്രീകരിച്ചുളള വ്യവസായ മേഖലയ്ക്ക് പ്രദേശിക ഭരണകൂടം എന്ന നിലയില്‍ നല്കാന്‍ കഴിയുന്ന പിന്തുണ നഗരസഭ നല്കുന്നതാണ്. നഗരസഭ പരിധിയിലുളള വ്യവസായ സ്ഥാപനങ്ങളിലേക്ക് ആവശ്യമായ മനുഷ്യവിഭവശേഷി നഗരസഭ പരിധിയില്‍ നിന്നു തന്നെ നല്കുന്നതിന് ലക്ഷ്യമിടുന്നു. വ്യവസായവത്കരണത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി വാര്‍ഷിക പദ്ധതിയില്‍ തുക വകയിരുത്തുന്നു. വര്‍ക്ക് നിയര്‍ ഹോം പ്രോത്സാഹിപ്പിക്കുന്നതിന് അടിസ്ഥാന സൗകര്യങ്ങള്‍ നഗരസഭ നിര്‍മ്മിച്ച് നല്കുന്നതാണ്.  സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇന്നൊവേഷന്‍ ഫണ്ട് നല്കാന്‍ വാര്‍ഷികപദ്ധതിയില്‍ തുക വകയിരുത്തുന്നു. വ്യവസായ മേഖലയിലേക്ക് കടന്നുവരുന്ന പ്രവാസികള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കുമായി ഹെല്‍പ്പ്ഡസ്കും  കൗണ്‍സലിംഗ് കേന്ദ്രവും ആരംഭിക്കും. 

വിവിധങ്ങളായ സാമൂഹിക പശ്ചാത്തലമുളളവര്‍, വിവിധങ്ങളായ ജീവിത രീതിയിലുളളവര്‍,വിവിധങ്ങളായ ആരോഗ്യ മാനസികാവസ്ഥയിലുളളവര്‍ എന്നിങ്ങനെ വൈജാത്യങ്ങളില്‍ അധിഷ്ഠിതമായ നമ്മുടെ സമൂഹത്തില്‍ ആരും വിവേചനങ്ങള്‍ക്ക് ഇരയാകരുതെന്ന് നഗരസഭ ആഗ്രഹിക്കുന്നു. അതിനായി പാര്‍ശ്വവത്കരിക്കപ്പെട്ട ഏതൊരു സമൂഹത്തേയും ഉയര്‍ത്തി കൊണ്ടുവരാന്‍ നഗരസഭ പദ്ധതി തയ്യാറാക്കുയാണ്. സ്പെഷ്യല്‍ കംപോണന്‍റ് പ്ലാനില്‍ ഉള്‍പ്പെടുത്തി പി എം എ വൈ - ലൈഫ് വീടുകള്‍ക്ക് നിലവിലുളള ഡി പി ആര്‍ ഉടന്‍ നടപ്പിലാക്കും.നഗരസഭയിലെ വീടില്ലാത്ത എല്ലാ പട്ടികജാതി കുടുംബങ്ങള്‍ക്കും വീട് നല്കുന്നതിന് നഗരസഭ നവകേരള മിഷന്‍ 2.0 പ്രകാരം പദ്ധതി തയ്യാറാക്കും.പട്ടികജാതി വിഭാഗങ്ങള്‍ക്ക് നിലവിലുണ്ടായിരുന്ന ഭൂമി സംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഈ കൗണ്‍സിലിന് സാധിച്ചു എന്നത് വലിയൊരു നേട്ടമായി ഉയര്‍ത്തികാട്ടുന്നു. പഠനമുറിയും വീട് പുനരുദ്ധാരണവും ലാപ്ടോപ്പും തുടങ്ങി വ്യക്തിഗത ആനുകൂല്യങ്ങള്‍ സ്പെഷ്യല്‍ കംപോണന്‍റ് പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് വിതരണം ചെയ്യും.പട്ടികജാതി യുവാക്കള്‍ക്ക് വിദേശത്ത് തൊഴിലിന് പോകുന്നതിന് ധനസഹായം നല്കും. മത്സരപരീക്ഷാ പരിശീലനങ്ങള്‍ക്ക് ധനസഹായം നല്കും. പട്ടികജാതി കുടിവെളള പദ്ധതികളുടെ വൈദ്യുതി ചാര്‍ജ്ജ് അടയ്ക്കുന്നതിന് 5 ലക്ഷം രൂപ നഗരസഭ വകയിരുത്തുന്നു. 

ഭിന്നശേഷിക്കാര്‍ക്കായി ബഡ്സ് സ്കൂള്‍ സ്ഥാപിക്കും. ഭിന്നശേഷി സൗഹൃദ നഗരസഭയാക്കാന്‍ ആവശ്യമായപശ്ചാത്തലസൗകര്യങ്ങള്‍ ഒരുക്കും. വയോജനങ്ങളുടെ സാമൂഹിക ജീവന നിലവാരം മെച്ചപ്പെടുത്തുന്നതിനാവശ്യമായ പിന്തുണാ പരിപാടികള്‍ ആവിഷ്ക്കരിക്കും. 

നഗരത്തിന്‍റെ ആധുനിക വത്കരണമാണ് നഗരസഭ ലക്ഷ്യമിടുന്നത്. നഗരസഭയിലെ കുട്ടികള്‍ക്ക് പോലും അടിസ്ഥാന സേവനങ്ങള്‍ ലഭ്യമാകുന്നതിന് ആവശ്യമായ നഗര ഇടങ്ങള്‍ സൃഷ്ടിക്കാന്‍ നഗരസഭ പദ്ധതി തയ്യാറാക്കും. നഗരസഭ പരിധിയിലെ സംസ്ഥാന ഹൈവേ,മറ്റ് പ്രധാന റോഡുകള്‍ എന്നിവ മറ്റു തദ്ദേശസ്ഥാപനങ്ങളുമായി അതിര്‍ത്തി പങ്കുവയ്ക്കുന്ന ഇടങ്ങളില്‍ സ്വാഗത ഉദ്യാനങ്ങള്‍ സൃഷ്ടിക്കുന്നതിന് ബഡ്ജറ്റ് ലക്ഷ്യമിടുന്നു. റസിഡന്‍ഷ്യല്‍ അസോസിയേഷനുകള്‍ കാര്യക്ഷമമാക്കുന്നതിന് അവര്‍ക്കാവശ്യമായ പിന്തുണാസംവിധാനങ്ങള്‍ ഉറപ്പുവരുത്തുന്നതിന്  പദ്ധതിതയ്യാറാക്കും. ഈ കൗണ്‍സില്‍ ആരംഭിച്ച കാലത്തെ ആദ്യ ബഡ്ജറ്റില്‍ നമ്മുടെ നഗരസഭയുടെ സിറ്റി പ്ലാനിംഗ്, സാറ്റലൈറ്റ് സിറ്റി ഡവലപ്പ്മെന്‍റിനെ അടിസ്ഥാനമാക്കിയാണെന്ന് സൂചിപ്പിച്ചിട്ടുളളതാണ്. അതെ നയം തുടരുന്നതിന് ഈ ബജറ്റില്‍ തുക വകയിരുത്തുന്നു.നഗരസഭയ്ക്കായി ടൗണ്‍ഹാള്‍ ബി ഒ ടി മാതൃകയില്‍ ആരംഭിക്കും.വടക്കാഞ്ചേരി നഗരം കേന്ദ്രീകരിച്ച് ജെറിയാട്രിക് പാര്‍ക്ക് സ്ഥാപിക്കും.ഉദ്യാനപാത റോഡ് വികസനത്തെ തുടര്‍ന്ന് നിലച്ചിരിക്കുകയാണ്. ഉദ്യാനപാത പുനരാരംഭിക്കുന്നതിനും നിലനിര്‍ത്തുന്നതിനും 10 ലക്ഷം രൂപ വകയിരുത്തുന്നു. നമ്മുടെ നഗരസഭയിലെ ജനവാസകേന്ദ്രങ്ങളും ചെറുനഗരകേന്ദ്രങ്ങളും വികസിക്കുന്നതിന് ആവശ്യമായ പശ്ചാത്തലം ഉറപ്പുവരുത്താന്‍ നമ്മള്‍ തയ്യാറാക്കിയിട്ടുളള മാസ്റ്റര്‍പ്ലാന്‍ വിവക്ഷിച്ചിരിക്കുന്നു. മാസ്റ്റര്‍ പ്ലാന്‍ പ്രാബല്യത്തില്‍ വരുന്ന മുറയ്ക്ക് സുസ്ഥിര നഗരവത്കരണ ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാകും . 52 സ്ക്വയര്‍ കി.മീറ്റര്‍ വിസൃതിയുളള നമ്മുടെ നഗരസഭയിലെ പ്രധാന സവിശേഷത നിരവധി ആരാധാനാലയങ്ങളോട് അനുബന്ധിച്ചുളള ഉത്സവങ്ങളും കൂടിചേരലുകളുമാണ്. ഇങ്ങനെയുളള ആരാധനാലയങ്ങളനുബന്ധിച്ചുളള ഏതൊരു ആഘോഷത്തിലും എത്തിചേരുന്ന ജനസമൂഹത്തിന്‍റെ ക്ഷേമം ഉറപ്പ് വരുത്താന്‍ നഗരസഭ പ്രതിജ്ഞാബദ്ധമാണ്. അതിനായുളള നടപടികള്‍ ഈ ബഡ്ജറ്റ് ഉറപ്പ് വരുത്തുന്നു. ലോകശ്രദ്ധ ആകര്‍ഷിച്ച ഉത്രാളിക്കാവ് പൂരം അടക്കമുളള എല്ലാ മതസ്ഥരുടെയും ആരാധാനാലയങ്ങളോടു ചേര്‍ന്ന പൂരങ്ങള്‍, ഉത്സവങ്ങള്‍,പളളി പെരുന്നാളുകള്‍ എന്നീ ആഘോഷങ്ങള്‍ ഇന്‍ഷൂര്‍ ചെയ്യുന്നതിന് ഈ ബഡ്ജറ്റില്‍ 25 ലക്ഷം രൂപ വകയിരുത്തുന്നു. 

നമ്മുടെ ആവശ്യങ്ങള്‍ക്കനുസരിച്ച പരിസ്ഥിതി  സൗഹൃദമായ ഉത്പാദന വ്യവസ്ഥ നിലവില്‍ വരേണ്ടതാണ്. അല്ലാത്തപക്ഷം ധാരാളിത്ത ഉത്പാദനം സൃഷ്ടിക്കുന്ന അമിത വിഭവങ്ങള്‍ മാലിന്യമായി തീരുന്ന അനുഭവമാണ് നമ്മുടെ മുന്നിലുളളത്. 3 R  അധിഷ്ഠിതമായ ജീവിത രീതി നാം പാലിക്കേണ്ടിയിരിക്കുന്നു. നഗരസഭയുടെ നിലവിലുളള അടിസ്ഥാന സൗകര്യം ഉപയോഗപ്പെടുത്തി സ്വാപ് ഷോപ്പുകള്‍ മേഖല അടിസ്ഥാനത്തില്‍ആരംഭിക്കും. ഇതിനായി 10 ലക്ഷം രൂപ വകയിരുത്തുന്നു.

കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കേവലചര്‍ച്ചയില്‍ ഒതുങ്ങുന്ന ഒന്നല്ല. കാലാവസ്ഥ വ്യതിയാനത്തിന്‍റെ തിക്ത ഫലങ്ങള്‍ നാം അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം സ്ഥാപിക്കുന്നതിനുളള പദ്ധതിക്കായി 2022-23 വാര്‍ഷികപദ്ധതിയില്‍ 5 ലക്ഷം രൂപ വകയിരുത്തുകയും അതിനായി കെ എസ് ഡി എം എ യുമായി  പ്രാഥമികതല ചര്‍ച്ചകള്‍ നടത്തി വരികയും ചെയ്തിട്ടുളളതുമാണ്.ഈ ബഡ്ജറ്റ് വര്‍ഷത്തില്‍കാലാവസ്ഥ നിരീക്ഷണ കേന്ദ്രം സ്ഥാപിക്കുന്നതാണ്. 2023-24 വാര്‍ഷിക പദ്ധതി  കാര്‍ബണ്‍ ഫൂട്ട് പ്രിന്‍റിന് വിധേയമായി തയ്യാറാക്കും. കാര്‍ബണ്‍ ക്രഡിറ്റ് ഫ്രെയിം വര്‍ക്ക് നടപ്പാക്കും. വണ്‍ ലോക്കല്‍ ബോഡി വണ്‍ ഐഡിയڈ പദ്ധതിയുമായി ബന്ധപ്പെട്ട് നമ്മുടെ നഗരസഭയിലെ മണ്ണിടിച്ചില്‍ പ്രശ്നബാധിത പ്രദേശങ്ങളില്‍ പരിഹാര മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തും. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് ക്ലൈമറ്റ് ആക്ഷന്‍ ഗ്രൂപ്പുകള്‍ രൂപീകരിക്കും.



നമ്മുടെ നീര്‍ത്തടങ്ങള്‍ സംരക്ഷിക്കുക എന്നത് നമ്മുടെ നിലനില്പിന്‍റെ അനിവാര്യമായ ആവശ്യമാണ്. നീര്‍ത്തടങ്ങള്‍, ജലാശയങ്ങള്‍, തോടുകള്‍, പുഴകള്‍ എന്നിവ ഉപജീവനത്തിന്‍റെ മാര്‍ഗങ്ങള്‍ കൂടിയാണ്. ഇവയെല്ലാം മലിനമാക്കാതെ സംരക്ഷിക്കുന്നതിന് സമഗ്രപദ്ധതി ഈ ബഡ്ജറ്റില്‍ വകയിരുത്തുന്നു.വടക്കാഞ്ചേരി പുഴ സംരക്ഷിക്കുന്നതിന് പുഴയുടെ നിശ്ചിത അളവില്‍ ഏരിയ സ്പോണ്‍സര്‍ ചെയ്യുന്നതിന് സന്നദ്ധസംഘടനകളെ ക്ഷണിക്കുന്നു.ഇപ്രകാരം സ്പോണ്‍സര്‍ ചെയ്യുന്ന അളവിലുളള പുഴ ഭാഗം അതത് സംഘടനകള്‍ സംരക്ഷിക്കേണ്ടതാണ്. പുഴ വ്യത്തിയായി സൂക്ഷിക്കു എന്ന ചുമതല മാത്രമെ ഇത്തരം സംഘടകള്‍ക്കുളളു.മറ്റ് അവകാശങ്ങള്‍ ഉണ്ടായിരിക്കുന്നതല്ല.ഈ പദ്ധതിയുടെ നടത്തിപ്പ് ചെലവുകള്‍ക്കായി 1 ലക്ഷം രൂപ വകയിരുത്തുന്നു.ڇതെളിനീരൊഴുക്കും നവകേരളം എന്ന പദ്ധതിയുടെ തുടര്‍ച്ചയെന്നോണം ശുചിത്വമിഷനുമായി ബന്ധപ്പെട്ട സാമ്പത്തിക സഹായത്തോടെ വിവിധ പദ്ധതികള്‍ വരുന്ന പദ്ധതി വര്‍ഷത്തില്‍ നടപ്പാക്കുന്നതാണ്.വടക്കാഞ്ചേരി പുഴയുടെ ആഴവും വീതിയും കൂട്ടുന്നതിനുളള പദ്ധതി രൂപികരിക്കും.

നമ്മുടെ നിലനില്പിനും ആവാസത്തിനും ജീവനോപാധിക്കും ഭൂമിമാത്രമാണ് നമ്മുടെ ആശ്രയം.ഈ ഭൂമി മലിനമാകാതെയും തരിശിടാതെയും സംരക്ഷിക്കുക എന്നത് നമ്മുടെ ആവാസത്തിന് അനിവാര്യമാണ്. വനനശീകരണം തടയുകയും പരിസ്ഥിതി നാശം ഒഴിവാക്കുകയും ചെയ്തു കൊണ്ടുളള ഒരു ഗ്രീന്‍ഹരിത കാഴ്ചപ്പാട് ഈബഡ്ജറ്റിനുണ്ട്. കാര്‍ഷിക മേഖലയില്‍ വിവിധങ്ങളായ വൈവിധ്യവത്കരണം ഈ ബഡ്ജറ്റ് ലക്ഷ്യമിടുന്നു.നഗരസഭയുടെ ജൈവവൈവിധ്യ രജിസ്റ്റര്‍ പുതുക്കുന്നതിന് 2 ലക്ഷം രൂപ വകയിരുത്തുന്നു.  നഗരസഭ തലത്തില്‍ ബയോഡൈവേഴ്സിറ്റി മാനേജ്മെന്‍റ് കമ്മിറ്റിയുടെ മുന്‍ഗണന പ്രകാരം പ്രദേശിക ജൈവവൈവിധ്യ സംരക്ഷണം നടത്തുന്നവര്‍ക്കും തദ്ദേശിയ കാര്‍ഷിക ജൈവവിളകള്‍ സംരക്ഷിക്കുന്നവര്‍ക്കും വൈവിധ്യമാര്‍ന്ന കാര്‍ഷിക രീതികള്‍ തുടരുന്നവര്‍ക്കും പ്രതിവര്‍ഷ ഗ്രാന്‍റ് ഗ്രീന്‍ റോയല്‍റ്റി എന്ന ഇനത്തില്‍ നല്കുന്നതിന് ഉത്പാദനമേഖലയില്‍ 20 ലക്ഷം രൂപ വകയിരുത്തുന്നു.വടക്കാഞ്ചേരിയിലെ തനത് കാര്‍ഷിക അറിവുകള്‍, വിത്തുകള്‍, വിളകള്‍ എന്നിവ സംരക്ഷിക്കാനും കാര്‍ഷിക ഉപകരണങ്ങള്‍ പ്രദര്‍ശിപ്പിക്കാനും വേണ്ടി കാര്‍ഷിക നാട്ടറിവ് മ്യൂസിയം സ്ഥാപിക്കുന്നതിന് 10 ലക്ഷം രൂപ വകയിരുത്തുന്നു. നഗരസഭയില്‍ ബഡ്ജറ്റ് വര്‍ഷത്തില്‍ 501 ഹരിതഭവനങ്ങള്‍ വിഭാവനം ചെയ്യുന്നു. ഹരിതഭവനങ്ങളില്‍ മാലിന്യ സംസ്കരണ സംവിധാനവും അടുക്കള കൃഷിയും ശുദധജലസംവിധാനവും,സോളാര്‍ വൈദ്യുതീകരണവും തുടങ്ങി ഹരിത ജീവിതത്തിനുളള പിന്തുണ ഉറപ്പ് വരുത്താന്‍ നഗരസഭ പദ്ധതി തയ്യാറാക്കും. പാടശേഖര സമിതികള്‍ക്ക് സോളാര്‍  പമ്പുകള്‍ സ്ഥാപിച്ച് നല്കും. 

ഭൂമിയിലെ നമ്മുടെ ഉപഭോഗവസ്തുകള്‍ ഇന്നുളള പോലെ തന്നെ നിലനില്ക്കേണ്ടത് മനുഷ്യവര്‍ഗ്ഗത്തിന്‍റെ നിലനില്പിന് ആവശ്യമാണ്. ഈ നിലനില്പാണ് നഗരസഭയുടെ ലക്ഷ്യവും അതിനായി കാര്‍ഷിക രംഗത്തെ വര്‍ദ്ധനവിനും, മൃഗസംരക്ഷണം, ക്ഷീരവികസനം തുടങ്ങിയ മേഖലകളിലെ അടിസ്ഥാന പ്രോജക്ടുകള്‍ക്ക് എല്ലാം ഈ ബഡ്ജറ്റില്‍ സ്ഥാനമുണ്ട്. നഗരസഭയുടെ ചില പ്രദേശങ്ങള്‍ വനവുമായി അതിര്‍ത്തി പങ്കിടുന്നുണ്ട്. ഇത്തരം പ്രദേശങ്ങളില്‍ സംഭവിച്ചേക്കാവുന്ന വന്യമൃഗ ആക്രമണങ്ങള്‍ ഒഴിവാക്കുന്നതിന് ഫെന്‍സിങ്ങ് നിര്‍മ്മിക്കാന്‍ 20 ലക്ഷം രൂപ വകയിരുത്തുന്നു. 


സമാധാന പൂര്‍ണ്ണമായ ജീവിതവും നീതിയും ഉറപ്പ് വരുത്തുന്നതിന് ജനകീയ പോലിസിങ്ങ് പദ്ധതി പോലീസിന്‍റെ സഹായത്തോടെ നടപ്പിലാക്കുന്നതിന് തുക വകയിരുത്തും. എല്ലാവര്‍ക്കും തുല്യ നീതി ഉറപ്പ് വരുത്തുന്നതിനായി ലീഗല്‍ സര്‍വ്വീസ് സൊസൈറ്റിയുമായി ചേര്‍ന്ന് നിയമ സാക്ഷരതാ ക്ലാസുകള്‍ക്കായി  തുക വകയിരുത്തുന്നു. 

അറിവ്, വൈദ്ധക്ത്യം, സാങ്കേതികവിദ്യ, സാമ്പത്തിക സഹായം എന്നിവ പരസ്പരം പങ്കിട്ടുകൊണ്ടുളള ഒരു മള്‍ട്ടി സ്റ്റേക്ക് ഹോള്‍ഡര്‍ പങ്കാളിത്ത സമീപനം നഗരസഭ ലക്ഷ്യമിടുന്നു. ഒരു തദ്ദേശ സ്ഥാപനം ഒരു ആശയം ( OLOI ) എന്ന സര്‍ക്കാര്‍ പദ്ധതി പറഞ്ഞിരിക്കുന്ന വൈഞ്ജാനിക സമൂഹ സൃഷ്ടിയുടെ ഉപോത്പനം തന്നെയാണ് ലക്ഷ്യവും നഗരസഭയിലെ വിവിധ മേഖലയിലെ വികാസത്തിന് ഉപകരിക്കുന്ന വിവിധ പദ്ധതികള്‍ അവയ്ക്കായുളള സാമ്പത്തിക സഹായത്തിന് നഗരസഭയിലെ തന്നെ സഹകരണ സ്ഥാപനങ്ങളെ പങ്കാളികളാക്കുന്നതിന് നഗരസഭ ലക്ഷ്യമിടുന്നു. 

മാലിന്യസംസ്കരണ പദ്ധതികള്‍ സുഗമമായും സുസ്ഥിരമായും നടത്തുന്നതിന് ഹരിതകര്‍മ്മസേന അടക്കമുളള സംവിധാനങ്ങളെ ഏകോപിപ്പിച്ച് സഹകരണ സംഘം രൂപീകരിക്കും .

നഗരസഭയിലെ കുടിവെളള പദ്ധതികളെ ഏകോപിപ്പിച്ച് സഹകരണ സംഘത്തിന് കീഴില്‍ കൊണ്ടുവരും.

നഗരസഭയിലെ വയോജനങ്ങളുടെ ഉന്നമനത്തിനായി സഹകരണ സംഘം രൂപീകരിക്കും

2030 വര്‍ഷത്തോടുകൂടി വടക്കാഞ്ചേരി നഗരസഭയെ സുസ്ഥിര വികസനത്തിന്‍റ ദ്യഷ്ടാന്തമായി ഉയര്‍ത്തികാട്ടുക എന്നതാണ് ഈ ബഡ്ജറ്റ് ലക്ഷ്യമിടുന്നത്. നഗരവികസനത്തെ കുറിച്ചുളള നാളിതുവരെയുളള കാഴ്ചപാടില്‍ നിന്നും നവീന ആശയങ്ങളെയാണ് നമ്മള്‍ സ്വീകരിക്കുന്നത്. ബഡ്ജറ്റ് പ്രഖ്യാപനങ്ങള്‍ പതിവാക്കാനുളളതല്ല നടപ്പാക്കി കാണിക്കാനുളളതാണ് എന്ന് കഴിഞ്ഞ നമ്മുടെ പ്രവര്‍ത്തനങ്ങള്‍തെളിയിക്കുന്നു.

2030 വര്‍ഷത്തോടെ വടക്കാഞ്ചേരിയുടെ എല്ലാ മേഖലകളിലും സുസ്ഥിരവും സമഗ്രവുമായ വികസനമാണ് ഈ ബഡ്ജറ്റ് ലക്ഷ്യമിടുന്നത്. ഇത് തുടക്കമാണ്. കേരളത്തില്‍ ആദ്യമായാണ് നഗരങ്ങള്‍ക്കായി സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ ആധാരമാക്കി കൊണ്ടുളള  സമ്പൂര്‍ണ്ണ സുസ്ഥിര വികസന ബഡ്ജറ്റ് അവതരിപ്പിക്കപ്പെടുന്നത്. 


പ്രൊഫ:മധുസൂദനന്‍ നായരുടെ കവിതയോടുകൂടി നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ ഷീല മോഹന്‍ ബജറ്റ്  അവതരിപ്പിച്ചു.  

യോഗത്തില്‍ നഗരസഭ ചെയര്‍മാന്‍ പി.എന്‍.സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം.ആര്‍.അനൂപ് കിഷോര്‍, പി.ആര്‍.അരവിന്ദാക്ഷന്‍, സി.വി.മുഹമ്മദ് ബഷീര്‍, സ്വപ്ന ശശി, ജമീലാബി എ എം, നഗരസഭാ കൗണ്‍സിലര്‍മാര്‍, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍, സിഡിഎസ് ചെയര്‍പേഴ്സണ്‍മാര്‍, നഗരസഭ എഞ്ചിനിയര്‍ സുജിത്ത് ഗോപിനാഥ്, നഗരസഭ സെക്രട്ടറി കെ.കെ.മനോജ് എന്നിവര്‍ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍