🟣*വടക്കാഞ്ചേരി മണ്ഡലത്തിലെ റോഡുകളുടെ അറ്റകുറ്റപ്പണികൾക്ക് 84 ലക്ഷം: സേവ്യർ ചിറ്റിലപ്പിള്ളി. എം.എൽ.എ.*🟣

വടക്കാഞ്ചേരി മണ്ഡലത്തിലെ വിവിധ റോഡുകളുടെ അറ്റകുറ്റപ്പണികൾക്കായി 84 ലക്ഷം രൂപ അനുവദിച്ചതായി സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അറിയിച്ചു.

ആകെ 24.315 കിലോമീറ്റർ പൊതുമരാമത്ത് റോഡുകളിലാണ് 83.88 ലക്ഷം രൂപ ചെലവഴിച്ച് അറ്റകുറ്റപ്പണികൾ ചെയ്യുന്നത്. ഭരണാനുമതി ലഭിച്ച റണ്ണിംഗ് കോൺട്രാക്ട് പ്രവൃത്തിക്ക് സാങ്കേതികാനുമതിക്കായുള്ള നടപടികൾ പുരോഗമിക്കുകയാണ്.
കൊടുങ്ങല്ലൂർ - ഷൊർണ്ണൂർ സംസ്ഥാനപാതയിൽ കെൽട്രോൺ മുതൽ മദർ തെരേസ കപ്പേള വരെയും പാർളിക്കാട് ബസ് സ്റ്റോപ്പ് മുതൽ പരുത്തിപ്ര വരെയും രണ്ട് ചെയിനേജുകളിലായി ആകെ 6.045 കിലോമീറ്റർ ദൂരമാണ് റണ്ണിംഗ് കോൺട്രാക്ടിൽ ഉൾപ്പെടുന്നത്. വാഴാനി റോഡ് 8 കിലോമീറ്റർ ദൂരവും, അത്താണി - മെഡിക്കൽ കോളേജ് റോഡ് 5.5 കിലോമീറ്റർ ദൂരവും, പഴയ മെഡിക്കൽ കോളേജ് റോഡ് 0.75 കിലോമീറ്റർ ദൂരവും, വേലൂർ ചുങ്കം - തയ്യൂർ - കുമ്പളങ്ങാട് റോഡ് 3.7 കിലോമീറ്റർ ദൂരവും, ഓട്ടുപാറ ടി.ബി. റോഡ് 0.32 കിലോമീറ്റർ ദൂരവും പ്രവൃത്തിയിൽ ഉൾപ്പെടുത്തി അറ്റകുറ്റപണികൾ നിർവ്വഹിക്കും.
വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷന് മുൻപിൽ സംസ്ഥാനപാതയിൽ റോഡ് ബ്ലീഡ് ചെയ്ത് ബൾജായി രൂപപ്പെട്ട ഉയർച്ച താഴ്ച്ചകളിൽ ഏറ്റവും മോശമായ ഭാഗത്ത് അറ്റകുറ്റപണികൾക്കായി 18 ലക്ഷം രൂപ വിനിയോഗിക്കും.
റോഡിൻ്റെ വശങ്ങളിലെ ചെടിപടലങ്ങൾ നീക്കം ചെയ്യൽ, മര ചില്ലകൾ നീക്കം ചെയ്യൽ, കൾവെർട്ടുകളിലെ തടസ്സം നീക്കൽ, റോഡിൽ രൂപപ്പെടുന്ന മൺതിട്ടകൾ നീക്കം ചെയ്യൽ, റോഡിലെ കുഴികൾ അടയ്ക്കുന്നതിന് ചിപ്പിംഗ് കാർപ്പെറ്റ് റോഡ് പാച്ചിംഗ്, ബി.സി. റോഡ് പാച്ചിംഗ്, തകരാറിലായ ഡ്രെയിൻ കവർ സ്ലാബുകൾ പുന:സ്ഥാപിക്കൽ, എമർജൻസി റോഡ് സേഫ്‌റ്റി ബോർഡുകൾ സ്ഥാപിക്കൽ, മാഞ്ഞുപോയ ലൈൻ മാർക്കിങ്ങുകൾ വീണ്ടും വരയ്ക്കൽ, സൈൻ ബോർഡുകൾ വൃത്തിയാക്കൽ ഉൾപ്പെടെയുള്ള മെയിൻ്റെനൻസ് പ്രവൃത്തികളാണ് റണ്ണിംഗ് കോൺട്രാക്ടിൽ പ്രധാനമായും ഉൾപ്പെടുന്നത്.
പ്രവൃത്തിക്ക് അടിയന്തരമായി സാങ്കേതികാനുമതി ലഭ്യമാക്കി ടെൻഡർ ചെയ്യാൻ ആവശ്യമായി നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ വ്യക്തമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍