വടക്കാഞ്ചേരിയിലെ വിദ്യാർത്ഥികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിന് വേണ്ടിയുള്ള സ്റ്റുഡന്റ്സ് ട്രാവലിംഗ് ഫെസിലിറ്റി കമ്മിറ്റി വിളിച്ച് ചേർക്കാത്ത മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റിന്റെ നടപടി പ്രതിഷേധാർഹം: എസ് എഫ് ഐ
സ്കൂളുകളും കോളേജുകളും ആരംഭിച്ച് ആഴ്ചകൾ കഴിഞ്ഞിട്ടും വിദ്യാർത്ഥികളുടെ യാത്രാ കൺസഷനുമായി ബന്ധപ്പെട്ട് ഉയർന്നു വരുന്ന വിഷയങ്ങളിൽ ഇടപെടാനും പരിഹരിക്കാനും വേണ്ടിയുള്ള ഒരു ഇടപെടലും ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്ത് നിന്നും ഉണ്ടാവാത്തത് പ്രതിഷേധാർഹമാണ്. സ്കൂളുകളും കോളേജുകളും ആരംഭിക്കുന്നതിനു മുൻപ് തന്നെ വിദ്യാർത്ഥികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനു വേണ്ടിയും കേരളത്തിൽ സുരക്ഷിതമായ ഗതാഗതം ഉറപ്പാക്കാനും റോഡപകടങ്ങൾ ഒഴിവാക്കാനുമായി കേരള പോലീസും മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റും സംയുക്തമായി വിളിച്ചു ചേർക്കേണ്ട യോഗം ഇത് വരെ വിളിച്ചു ചേർക്കാൻ സാധിച്ചിട്ടില്ല. സ്കൂൾ ആരംഭിച്ചതിനു ശേഷം വടക്കാഞ്ചേരി ബസ് സ്റ്റാൻഡിൽ വിദ്യാർത്ഥികളെ ബസിൽ കയറ്റാതെ വന്ന വിഷയങ്ങൾ കേരളം മുഴുവൻ ചർച്ച ചെയ്തതാണ്. ഇതിനെതിരെ എസ്എഫ്ഐ സമരം ചെയ്തതുമാണ്. ഏരിയക്കകത്തെ പ്രധാനപ്പെട്ട ക്യാമ്പസായ വ്യാസ കോളേജിലെ വിദ്യാർത്ഥികളെ നിരന്തരം ബസിൽ കയറ്റാത്തതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുമുണ്ട്. എന്നാൽ, ഇതെല്ലാം പരിഹരിക്കേണ്ട ബന്ധപ്പെട്ട പോലീസും മോട്ടോർ വെഹിക്കിൾ ഡിപ്പാർട്മെന്റും നിലവിൽ ചേരിതിരിഞ്ഞ് തമ്മിലടിക്കുന്ന കാഴ്ചയാണ് മാധ്യമങ്ങളിലൂടെ കാണാൻ കഴിയുന്നത്. നിരവധി പരാതികൾ ഉയർന്നുവന്ന ഘട്ടത്തിൽ ജില്ലാതല യോഗം ചേർന്നുവെങ്കിലും അതിന് ശേഷം വിളിച്ചു ചേർക്കേണ്ട സോണൽ യോഗങ്ങൾ വിളിച്ച് ചേർക്കാൻ ഇതുവരെയും മോട്ടോർ വാഹനവകുപ്പ് തയ്യാറായിട്ടില്ല. വിദ്യാർത്ഥികളുടെ യാത്രാപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടിയുള്ള ഒരു ശ്രമവും നടത്താതെ അതിനെതിരെ മുഖം തിരിക്കുന്നത് വിദ്യാർത്ഥി അവകാശങ്ങൾക്ക് നേരെയുള്ള വെല്ലുവിളിയാണെന്നും, നിലവിൽ +1 വിദ്യാർത്ഥികളുടെ ക്ലാസ്സ് ആരംഭിച്ചതും, അടുത്ത ദിവസങ്ങളിലായി ക്യാമ്പസിലെ ഒന്നാം വർഷ വിദ്യാർത്ഥികൾ വരുന്ന സാഹചര്യത്തിലും അടിയന്തിരമായി യോഗം വിളിച്ച് വിദ്യാർത്ഥികളുടെ ആശങ്കകളും പ്രയാസങ്ങളും പരിഹരിക്കണമെന്ന് എസ്എഫ്ഐ വടക്കാഞ്ചേരി ഏരിയ കമ്മിറ്റിയ്ക്ക് വേണ്ടി സെക്രട്ടറി കെ. എം. അൻഷാദ്, പ്രസിഡന്റ് എം. എ. അഖിൻ, ജോയിന്റ് സെക്രട്ടറിമാരായ കെ. ബി. ഷിഫാസ്, അതുല്യ ചന്ദ്രൻ, ഇ. ആര്യ തുടങ്ങിയവർ പങ്കെടുത്തുകൊണ്ട് പ്രസ്താവനയായി ആവശ്യപ്പെട്ടു.
0 അഭിപ്രായങ്ങള്‍