കളഞ്ഞുകിട്ടിയ രണ്ടര പവൻ്റെ സ്വർണ്ണമാല ഉടമയ്ക്ക് സമ്മാനിച്ച് ഗുരുവായൂർ ദേവസ്വം ജീവനക്കാർ സത്യസന്ധമായ സേവനത്തിന് മാതൃകയായി.
ക്ഷേത്ര ദർശനത്തിനെത്തിയവർ താമസിച്ച മുറിയിൽ നിന്നും കളഞ്ഞുകിട്ടിയ രണ്ടര പവൻ തൂക്കം വരുന്ന സ്വർണ്ണമാല ഉടമയ്ക്ക് തിരികെ നൽകി ഗുരുവായൂർ ദേവസ്വം റെസ്റ്റ് ഹൗസ് ജീവനക്കാർ മാതൃകയായി. ക്ഷേത്രം കിഴക്കേ നടയിലെ ഗുരുവായൂർ സത്യാഗ്രഹ സ്മാരക മന്ദിരത്തിലെ ( ജി എസ് എസ് എം) ജീവനക്കാരാണ് സത്യസന്ധമായ സേവനത്തിന് ഉദാഹരണമായത്. തലശ്ശേരി പാറാൽ വലിയ പറമ്പത്ത് അബിൻ വി. പി. യുടെ കുടുംബത്തിനാണ് നഷ്ടപ്പെട്ടെന്നു കരുതിയ സ്വർണമാല തിരികെ ലഭിച്ചത്. ജൂൺ ആറാം തീയതി ക്ഷേത്ര ദർശനത്തിനെത്തിയ കുടുംബം കൗസ്തുഭം വളപ്പിലെ സത്യാഗ്രഹ സ്മാരക മന്ദിരത്തിൽ മുറിയെടുത്തു. ദർശനം പൂർത്തിയാക്കി ഏഴിന് പുലർച്ചെ മടങ്ങി. മുറി വൃത്തിയാക്കുന്നതിനിടെ ദേവസ്വം ജീവനക്കാരി സജിത വേണുഗോപാലിനാണ് കുളിമുറിയുടെ ഡോർ ലോക്കിൽ കൊളുത്തിയിട്ട നിലയിൽ സ്വർണമാല കളഞ്ഞുകിട്ടിയത്. ഉടൻ കൗസ്തുഭം അസി. മാനേജർ അനിതകുമാരിയെയും, അതിഥി മന്ദിര ചുമതലയുള്ള ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ കെ.ഗീതയെയും വിവരം അറിയിച്ചു. തുടർന്ന് അതിഥികളുടെ താമസ രജിസ്റ്റർ പരിശോധിച്ച് അബിൻ വി. പി. യെ വിവരം അറിയിച്ചു. അടയാളങ്ങൾ സഹിതം വ്യക്തമാക്കിയപ്പോൾ ഉടമ തന്നെയെന്ന് ഉറപ്പിച്ചു. ലക്ഷങ്ങൾ വിലവരുന്ന മാല നഷ്ടപ്പെട്ട വേദനയിലായിരുന്ന ആ കുടുംബം ആഹ്ളാദത്തിലായി. തിരികെ ഗുരുവായൂരിലെത്തിയ കുടുംബത്തിന് ദേവസ്വം ജീവനക്കാരുടെ സാന്നിധ്യത്തിൽ മാലതിരികെ നൽകി. ദേവസ്വത്തെയും ജീവനക്കാരെയും നന്ദിയും കടപ്പാടും സ്നേഹവും അറിയിച്ചായിരുന്നു കുടുംബത്തിൻ്റെ മടക്കം.
0 അഭിപ്രായങ്ങള്‍