മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തില്‍ മരിച്ച വെന്നൂര്‍ പറക്കുണ്ടില്‍ സുദര്‍ശനന് ( 54 ) ജന്മനാട് വിടയേകി.
പോസ്റ്റുമോര്‍ട്ടം നടപടിക്രമങ്ങള്‍ വേഗത്തിലാക്കി ചൊവ്വാഴ്ച രാത്രി 10.30 ഓടെ മൃതദേഹം വീട്ടിലെത്തിച്ചു. 30 വര്‍ഷമായി വെടിക്കെട്ട് തൊഴിലിലേര്‍പ്പെട്ട് വരികയായിരുന്നു സുദര്‍ശനന്‍. നെന്മാറ-വല്ലങ്ങി, കാവശേരി, തൃശൂര്‍ പൂരം തുടങ്ങിയ കേരളത്തിലെ പ്രസിദ്ധമായ വെടിക്കെട്ടുകളുടെ ഭാഗമായി. വെന്നൂര്‍ രാധാകൃഷ്ണന്റെ കീഴിലായിരുന്നു കൂടുതല്‍ കാലവും ജോലിയെടുത്തിരുന്നത്. ബുധനാഴ്ച പകല്‍ 11ന് സംസ്‌കാര ചടങ്ങുകള്‍ ആരംഭിച്ചു. മൂത്ത മകന്‍ സുബിന്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. തുടര്‍ന്ന് പാമ്പാടി ഐവര്‍മഠം പൊതുശ്മശാനത്തിലെത്തിച്ച് സംസ്‌കാരം നടത്തി.
സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം കെ. രാധാകൃഷ്ണന്‍ എം.പി., സംസ്ഥാന കമ്മിറ്റിയംഗം എ. സി. മൊയ്തീന്‍ എംഎല്‍എ, ജില്ലാ കമ്മിറ്റിയംഗം പി. എ. ബാബു, ഏരിയ സെക്രട്ടറി ടി. ഗോകുലന്‍, ലോക്കല്‍ സെക്രട്ടറി എന്‍. അരവിന്ദാക്ഷന്‍,
ഏരിയ കമ്മിറ്റിയംഗങ്ങളായ ഒ. എസ്. സജി, കെ. എം. അസീസ്, പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പ്രശാന്തി, പഴയന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി എന്നിവര്‍ വീട്ടിലെത്തി അന്തിമോപചാരമര്‍പ്പിച്ചു. യു. ആര്‍. പ്രദീപ് എംഎല്‍എ ബന്ധുക്കളെ ഫോണില്‍ വിളിച്ച് ആശ്വസിപ്പിച്ചു.
0 അഭിപ്രായങ്ങള്‍