🟣 ലഹരി വിരുദ്ധ ബോധവൽക്കരണവുമായി അധ്യാപകൻ. 🟣

ലഹരിവിരുദ്ധ ബോധവൽക്കരണവുമായി അധ്യാപകൻ

സ്കൂൾ വിദ്യാർത്ഥികളെ ലഹരിയിൽ നിന്ന് പിന്തിരിപ്പിക്കാനും ലഹരിക്കെതിരെ പോരാടുന്ന സന്നദ്ധ ഭടന്മാരായി അവരെ മാറ്റുന്നതിന് വേണ്ടിയും മറ്റം സെൻറ് ഫ്രാൻസിസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനും 24 കേരള ബറ്റാലിയൻ അസോസിയേറ്റഡ് എൻ.സി. സി. ഓഫീസറുമായ മേജർ പി. ജെ. സ്റ്റൈജു വിവിധ പരിപാടികളുമായി രംഗത്തെത്തി. 
വടക്കാഞ്ചേരി സെൻറ് പയസ് യു. പി. സ്കൂളിൽ നടന്ന ചടങ്ങിൽ വിദ്യാർത്ഥികൾക്ക് ലഹരിക്കെതിരെ പോരാടാൻ ഫൈറ്റര്‍ വിഭാഗത്തിലുള്ള മീൻകുഞ്ഞും അക്വാറിയവും നൽകിയാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. എഴുത്തും വായനയും ശീലമാക്കണമെന്ന സന്ദേശം ഉൾക്കൊണ്ട് പുസ്തകവും പേനയും ഉയർത്തിപ്പിടിച്ച് വിദ്യാർഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. 
സ്കൂൾ പ്രധാന അധ്യാപിക സിസ്റ്റർ റോസ് പോൾ  ഉദ്ഘാടനം ചെയ്ത സെമിനാറിൽ സ്റ്റാഫ് സെക്രട്ടറി എയ്ഞ്ചൽ റോസ് മുഖ്യപ്രഭാഷണം നടത്തി. ലോക പഞ്ചഗുസ്തി താരവും സ്കൂൾ അധ്യാപികയുമായ പ്രിൻസി ടീച്ചർക്ക് അക്വാറിയം നൽകി കൊണ്ടാണ് ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. 
വരും ദിവസങ്ങളിലും തൃശൂർ ജില്ലയിലെ വിവിധ യു.പി. വിദ്യാലയങ്ങളിൽ ബോധവത്ക്കരണ പരിപാടികൾ നടത്തുമെന്ന് മേജർ പി. ജെ. സ്റ്റൈജു അറിയിച്ചു. വിദ്യാർത്ഥികളായ രുദ്ര, നോയൽ, സുസ്മിത, നിത്യശ്രീ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. മുൻവർഷങ്ങളിൽ ജില്ലയിലെ നൂറ്റിനാല് യു. പി. സ്കൂളുകളിൽ ലഹരിക്കെതിരെ പുസ്തക ചങ്ങാത്ത പദ്ധതി വഴി അയ്യായിരത്തോളം പുസ്തകങ്ങൾ സൗജന്യമായി മാസ്റ്റർ വിതരണം ചെയ്തിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍