ക്ഷയരോഗമുക്തമായ കേരളം യാഥാർഥ്യമാക്കുക എന്ന പദ്ധതിയുടെ ഭാഗമായി കടങ്ങോട് ഗ്രാമപഞ്ചായത്തിലെ ക്ഷയ രോഗികൾക്ക് പോഷകാഹാര കിറ്റുകൾ വിതരണം ആരംഭിച്ചു. രോഗിയുടെ പ്രതികരണശേഷി വർധിപ്പിക്കുന്നതിനും മതിയായ പോഷകാഹാരം ഉറപ്പാക്കുന്നതിനുമാണ് വാർഷികപദ്ധതിയുടെ ഭാഗമായി പോഷകാഹാര കിറ്റ് വിതരണം ചെയ്യുന്നത്. ഈന്തപ്പഴം, നെയ്യ്, റാഗിപ്പൊടി, അരി, അണ്ടിപ്പരിപ്പ്, വെളിച്ചെണ്ണ, ചെറുപയർ, കടല, പാൽപ്പൊടി, ആട്ട, നിലക്കടല, ഉഴുന്നുപരിപ്പ് എന്നിങ്ങനെ പന്ത്രണ്ടിനങ്ങൾ കിറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു രോഗിക്ക് ആറു മാസത്തേക്കാണ് പോഷകാഹാര കിറ്റ് വിതരണം ചെയ്യുന്നത് . രോഗമുക്തി ഉണ്ടാകാത്ത സാഹചര്യത്തിൽ തുടർന്നും പോഷകാഹാരം അനുവദിക്കേണ്ടതുണ്ടെങ്കിൽ മെഡിക്കൽ ഓഫീസറുടെ നിർദേശപ്രകാരം വീണ്ടും 15 മാസത്തേക്കോ അല്ലെങ്കിൽ ചികിത്സ അവസാനിക്കുന്നതുവരെയോ കിറ്റ് നൽകാം. മെഡിക്കൽ ഓഫീസർ ഡോ. പി നിയാസ് മുഹമ്മദ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മീന സാജൻ പദ്ധതി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ബീന രമേഷ് ആശംസകൾ നേർന്ന് കൊണ്ട് സംസാരിച്ചു. ജെഎച്ച്ഐ പി കെ പ്രസന്നൻ സ്വാഗതവും ജെഎച്ച്ഐ പി ആർ അനുമോൾ നന്ദിയും പറഞ്ഞു.
0 അഭിപ്രായങ്ങള്‍