വടക്കാഞ്ചേരിയുടെ കാർഷിക മേഖലയ്ക്ക് പുത്തൻ ഊർജ്ജം; സ്മാർട്ട് കൃഷിഭവൻ ഉദ്ഘാടനം ഇന്ന് മന്ത്രി പി. പ്രസാദ് നിർവ്വഹിക്കും.

വടക്കാഞ്ചേരിയുടെ കാർഷിക മേഖലയ്ക്ക് പുതിയ ഉണർവ് നൽകിക്കൊണ്ട് സ്മാർട്ട് കൃഷിഭവൻ ഇന്ന് പ്രവർത്തന സജ്ജമാകും. ഇന്ന് (ഒക്ടോബർ 24, 2025) വൈകിട്ട് 4 മണിക്ക് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പുതിയ കൃഷിഭവൻ കെട്ടിടം ഉദ്ഘാടനം ചെയ്യും.വടക്കാഞ്ചേരി എംഎൽഎ സേവ്യർ ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ആലത്തൂർ എംപി  കെ. രാധാകൃഷ്ണൻ മുഖ്യാതിഥിയാകും. തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്  വി.എസ്. പ്രിൻസ്, വടക്കാഞ്ചേരി നഗരസഭ ചെയർമാൻ പി.എൻ. സുരേന്ദ്രൻ, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.വി. നഫീസ തുടങ്ങി നിരവധിപേർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. വടക്കാഞ്ചേരി കൃഷിഭവൻ്റെ ശോചനീയാവസ്ഥ പരിഹരിച്ച് അത്യാധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടം നിർമ്മിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച എംഎൽഎ സേവ്യർ ചിറ്റിലപ്പിള്ളിക്കും, നഗരസഭയ്ക്കും കർഷകർ നന്ദി അറിയിച്ചു. സ്മാർട്ട് കൃഷിഭവൻ പ്രവർത്തന സജ്ജമാകുന്നതോടെ കൂടുതൽ സേവനങ്ങളും പുതിയ കാർഷിക അറിവുകളും കർഷകരിലേക്ക് മെച്ചപ്പെട്ട രീതിയിൽ എത്തിക്കാൻ കൃഷി വകുപ്പിനും, സർക്കാരിനും സാധിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് ഇന്ന് ഉച്ചയ്ക്ക് 2 മണി മുതൽ കൃഷി വകുപ്പിൻ്റെ സഞ്ചരിക്കുന്ന മണ്ണ് പരിശോധന ലാബ്, മണ്ണ് പരിശോധന കാമ്പയിൻ, RADICO യുടെ കാർഷിക ഉപകരണങ്ങളുടെ പ്രദർശനം, കാർഷിക സേവന കേന്ദ്രത്തിൻ്റെ സ്റ്റാൾ, കുടുംബശ്രീ മൂല്യവർധിത ഉൽപ്പന്നങ്ങളുടെയും കർഷക ഉൽപന്നങ്ങളുടെയും പ്രദർശനവും വിൽപനയും, കലാപരിപാടികൾ, വാദ്യമേളം തുടങ്ങി നിരവധി പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. കർഷക സുഹൃത്തുക്കളും നാട്ടുകാരും പരിപാടിയിൽ പങ്കെടുക്കണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍