ജിഎസ്ടി നിരക്കുകൾ കുറച്ചതിൽ തെറ്റില്ല. എന്നാൽ നികുതി കുറഞ്ഞതിൻ്റെ ഗുണഫലം ഉപയോക്താക്കൾക്ക് കിട്ടുന്നുവെന്ന് ഉറപ്പുവരുത്തണം. അതല്ലാതെ കമ്പനികൾക്ക് നേട്ടമുണ്ടാകുന്ന സാഹചര്യമുണ്ടാകരുത്.
പുതിയ നിരക്കുകൾ നിലവിൽ വരുമ്പോഴുണ്ടാകുന്ന വരുമാന നഷ്ടം നികത്തണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യത്തോട് കേന്ദ്രം മുഖംതിരിച്ചു. യോഗത്തിൽ ഇക്കാര്യം ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഒരുറപ്പും കേന്ദ്രം നൽകിയില്ല. എതിർപ്പുണ്ടെങ്കിൽ വോട്ടിലേക്ക് നീങ്ങിക്കോളൂ എന്ന ധിക്കാരപരമായ സമീപനമാണ് കേന്ദ്രം സ്വീകരിച്ചത്. ജിഎസ്‌ടി കൗൺസിൽ എന്നത് പാർലമെൻ്റോ നിയമസഭയോ പോലുള്ള വേദിയല്ല. അതിൽ ഭരണപക്ഷവും പ്രതിപക്ഷവുമില്ല. കേന്ദ്രവും സംസ്ഥാനങ്ങളുമാണുള്ളത്. സമവായമാണ് വേണ്ടത്. എന്നാൽ അത്തരമൊരു സമീപനമല്ല കേന്ദ്രം സ്വീകരിച്ചത്. ആരുടെയോ നിർദേശം പോലെ തീരുമാനം അടിച്ചേൽപ്പിച്ചു. അതിൽ പ്രതിഷേധം ശക്തമായി രേഖപ്പെടുത്തി.
പേപ്പർ ലോട്ടറിയുടെ ജിഎസ്‌ടി 28 ശതമാനമായി തന്നെ തുടരണമെന്ന ആവശ്യവും അംഗീകരിച്ചില്ല. ചൂതാട്ടത്തിനും മറ്റും സമാനമായി കണക്കാക്കി പേപ്പർ ലോട്ടറിയെയും 40 ശതമാനം സ്ലാബിലേക്ക് മാറ്റി. കേരളത്തിൽ ഭാഗ്യക്കുറി മേഖല രണ്ടു ലക്ഷത്തോളം പേരുടെ ഉപജീവന മാർഗമാണെന്ന് ചൂണ്ടിക്കാട്ടിയെങ്കിലും കേന്ദ്രം നിലപാട് മാറ്റിയില്ല.
പുതിയ നിരക്കുകൾ നിലവിൽ വരുന്നതോടെ രാജ്യത്താകെയുണ്ടാകുന്ന വരുമാനനഷ്‌ടം രണ്ടര ലക്ഷം കോടിയോളം രൂപയാണ്. കേരളത്തിൽ ഓട്ടോമൊബൈൽ, സിമൻ്റ്, ഇലക്ട്രോണിക്‌സ്, ഇൻഷുറൻസ് എന്നീ നാല് മേഖലകളിലായി മാത്രം 2500 കോടിയുടെ വരുമാനനഷ്‌ടമുണ്ടാകും. ആകെ പതിനായിരം കോടിയുടെ നഷ്ടം ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഇത് നികത്തിയില്ലെങ്കിൽ സംസ്ഥാനത്തിന്റെ മുന്നോട്ടുപോക്ക് പ്രതിസന്ധിയിലാകും. പെൻഷൻ അടക്കമുള്ള സാമൂഹികക്ഷേമ പദ്ധതികൾക്ക് പണം കണ്ടെത്തണം.
ജിഎസ്ടിക്ക് പുറമെ സെസ് ചുമത്തുന്നത് തുടരുമെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഒരു ലക്ഷം കോടിയോളം രൂപയുടെ വരുമാനം ഇതിൽ നിന്നുണ്ടാകും. ഇത് സംസ്ഥാനങ്ങളുമായി പങ്കുവെയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടും കേന്ദ്രം തയ്യാറായിട്ടില്ല. ബിജെപി സംസ്ഥാനങ്ങൾ അടക്കം അമർഷത്തിലാണ്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia
0 അഭിപ്രായങ്ങള്‍