ബിജെപി നേതാവ് പി. കെ. കൃഷ്ണദാസ് വടക്കാഞ്ചേരിയിൽ നടത്തിയ രാഷ്ട്രീയ ദുഷ്ടലാക്കോടെയുള്ള സന്ദർശന നാടകം പരിഹാസ്യമാണെന്ന് സിപിഐ എം വടക്കാഞ്ചേരി ഏരിയ കമ്മിറ്റി. പി. കെ. കൃഷ്ണദാസ് നിലവിൽ റെയിൽവേയുമായി ബന്ധപ്പെട്ട ഒരു ചുമതലകളും അധികാരങ്ങളും വഹിക്കുന്നില്ല. 2023 ജൂലായ് മാസത്തിൽ അവസാനിച്ച പാസഞ്ചേഴ്സ് അമനിറ്റീസ് കമ്മിറ്റി ചെയർമാൻ പദവിയുടെ പേര് പറഞ്ഞാണ് വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷനും, മാരാത്തുകുന്നും സന്ദർശിച്ച് രാഷ്ട്രീയ ദുഷ്ടലാക്കോടെ കുപ്രചരണങ്ങൾ നടത്തിയിരിക്കുന്നത്.
വടക്കാഞ്ചേരിയിലെ ജനങ്ങൾ നേരിടുന്ന റെയിൽവേ യാത്രാ ബുദ്ധിമുട്ടുകൾ നിരവധി തവണ അധികൃതരുടെ ശ്രദ്ധയിൽ എംപിയും എംഎൽഎയും ചൂണ്ടികാട്ടിയിട്ടും മതിയായ ഇടപെടലുകൾ കേന്ദ്ര സർക്കാരിൻ്റെ ഭാഗത്തുനിന്നും നാളിതുവരെ ഉണ്ടായിട്ടില്ല. ഷൊർണ്ണൂരിൽ സ്റ്റോപ്പില്ലാത്ത പാലക്കാട് വഴിയുള്ള ദീർഘദൂര ട്രെയിനുകൾക്ക് വടക്കാഞ്ചേരിയിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യത്തോട് അനുകൂല സമീപനം സ്വീകരിക്കാൻ റെയിൽവേ തയ്യാറായിട്ടില്ല. ഏപ്രിൽ മാസത്തിലാണ് മാരാത്ത്കുന്ന് റെയിൽവേ മേൽപ്പാലം നിർമ്മാണം റെയിൽവേയുടെ നിർദ്ദേശപ്രകാരം കെ-റെയിൽ കോർപ്പറേഷനെ ഏൽപ്പിച്ച് സംസ്ഥാന സർക്കാർ ഉത്തരവായത്. അന്നുമുതൽ കെ-റെയിലും, ജനപ്രതിനിധികളും മാരാത്ത്കുന്ന് റെയിൽവേ മേൽപ്പാലം യാഥാർത്ഥ്യമാക്കാനുള്ള തുടർച്ചയായ ജോലികളിൽ ഏർപ്പെട്ടിരിക്കുന്നത് ജനങ്ങൾക്ക് നേരിട്ട് ബോധ്യമുള്ളതാണ്. ഈ ശ്രമങ്ങളെ മറച്ചുപിടിക്കാനുള്ള നീക്കം അപലപനീയമാണ്. മുൻപ് കെ-റെയിൽ പദ്ധതിയെ 'ഉടായിപ്പ് തരികിട പദ്ധതി' എന്ന് അവഹേളിച്ച പി. കെ. കൃഷ്ണദാസ് ഇപ്പോൾ കെ-റെയിൽ കോർപ്പറേഷനെ അധിക്ഷേപിക്കുകയാണ്. മേൽപ്പാലത്തിനായി ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കേണ്ടത് കേന്ദ്ര നിയമപ്രകാരമാണ്. ഏറെ സങ്കീർണ്ണവും സമയമെടുക്കുന്നതുമാണ് കേന്ദ്ര നിയമപ്രകാരമുള്ള ഈ ഭൂമി ഏറ്റെടുക്കൽ പ്രക്രിയ.
2023ൽ അവസാനിച്ച പാസഞ്ചേഴ്സ് അമനിറ്റീസ് കമ്മിറ്റി ചെയർമാൻ പദവിയുടെ പേരിൽ ബി.ജെ.പി.ക്കായി രാഷ്ട്രീയ പ്രചരണത്തിന് ഇറങ്ങിയിരിക്കുകയാണ് പി കെ കൃഷ്ണദാസ്. പാസഞ്ചേഴ്സ് അമനിറ്റീസ് കമ്മിറ്റി എന്നത് റെയിൽവേ യാത്രക്കാരുടെ യാത്രാ സൗകര്യങ്ങൾ ഉറപ്പാക്കാനായി രൂപീകരിച്ച ശുപാർശ സമിതിയാണ്. റെയിൽവേ അധികൃതർക്ക് ശുപാർശകൾ സമർപ്പിക്കാൻ മാത്രമാണ് ഈ സമിതിക്ക് അധികാരം. രണ്ട് വർഷം മുൻപേ ചെയർമാൻ പദവി അവസാനിച്ച പി കെ കൃഷ്ണദാസിന് വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷനിലും മാരാത്തുകുന്നിലും പുരോഗമിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ പരിശോധിക്കാനോ നിർദ്ദേശങ്ങൾ നൽകാനോ ഒരു അധികാരവുമില്ലെന്നിരിക്കെ, സന്ദർശനമെന്ന പേരിൽ അദ്ദേഹം നടത്തിയ പൊറാട്ട് നാടകം പരിഹാസ്യമാണ്. ജനപ്രതിനിധികളുടെ നിരന്തരമായ ഇടപെടലുകളിലൂടെ ആരംഭിച്ച നിർമ്മാണ പ്രവർത്തനങ്ങൾ രാഷ്ട്രീയമായി ഹൈജാക്ക് ചെയ്യാനാണ് ബിജെപി ശ്രമമെന്നും, ഇത്തരം നീക്കങ്ങളെ വടക്കാഞ്ചേരിയിലെ ജനങ്ങൾ അർഹിക്കുന്ന അവജ്ഞയോടെ തള്ളികളയുമെന്നും സിപിഐഎം ഏരിയ സെക്രട്ടറി കെ. ഡി. ബാഹുലേയൻ മാസ്റ്റർ പറഞ്ഞു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia
0 അഭിപ്രായങ്ങള്‍