സുരേഷ് ഗോപി എം .പി.യുടെ തൃശ്ശൂരിലെ ഓഫീസിലെ ബോർഡിൽ കരിയോയിൽ ഒഴിച്ചതിൽ പ്രതിഷേധിച്ചാണ് ബിജെപി സിപിഐ (എം) ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചത്. സംഘർഷ സാധ്യത മുന്നിൽക്കണ്ട് പൊലീസ് കർശന സുരക്ഷ ഒരുക്കിയിരുന്നു. സിപിഐ (എം) ജില്ലാ കമ്മിറ്റി ഓഫീസിന് 100 മീറ്റർ മുൻപ് ബിജെപി പ്രതിഷേധ ജാഥ പൊലീസ് തടഞ്ഞു. ഇരുഭാഗത്തും ചേരി തിരിഞ്ഞു നിന്ന ബിജെപി സിപിഐ(എം) പ്രവർത്തകർ പരസ്പരം വെല്ലുവിളിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. പ്രതിഷേധക്കാർ ഏറ്റുമുട്ടുന്ന അവസ്ഥയുണ്ടായപ്പോൾ പൊലീസ് ലാത്തി വീശി. ലാത്തി ചാർജിൽ ബിജെപി സിറ്റി ജില്ലാ പ്രസിഡൻറ് ജസ്റ്റിൻ ജേക്കബിന് പരിക്കേറ്റു. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി പികെ ബാബു, തൃശ്ശൂർ ഈസ്റ്റ് മണ്ഡലം ജനറൽ സെക്രട്ടറി നിമേഷ്. അജിത്ത് മൂത്തേരി എന്നിവർക്കും പരിക്കേറ്റു.സംഘർഷത്തിനിടെ ഒരു സിപിഐ (എം) പ്രവർത്തകനും പരിക്കേറ്റു. പ്രവർത്തകർ തമ്മിൽ കല്ലെറിയുകയും ചെയ്തു. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇരു പാർട്ടികളുടെയും ഓഫീസുകൾക്ക് പോലീസ് സുരക്ഷ ഏർപ്പെടുത്തി.
അതേസമയം എംപിയുടെയും എംഎൽഎയുടെയും ഓഫീസിലേക്ക് രാഷ്‌ട്രീയ പാർട്ടികൾ മാർച്ച് നടത്തുന്നത് ജനാധിപത്യപരമായ പ്രതിഷേധത്തിന്റെ ഭാഗമാണെന്ന് സിപിഐ (എം) ജില്ലാ സെക്രട്ടറി കെ വി അബ്ദുൾ ഖാദർ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. പ്രതിഷേധത്തിന്റെ ഭാഗമായി ഒരു രാഷ്ട്രീയ പാർട്ടി മറ്റൊരു പാർട്ടിയുടെ ഓഫീസിലേക്ക് മാർച്ച് നടത്താറില്ല. അത് രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ള ജനാധിപത്യപരമായ ധാരണയുടെ ഭാഗമാണ്. സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് ബിജെപി നടത്തിയ മാർച്ച് പ്രതിഷേധാർഹമാണ്. ഇതിന് വിരുദ്ധമായാണ് ബിജെപി സിപിഐ എം ഓഫീസിലേക്ക് മാർച്ച് നടത്തിയത് എന്നും ജില്ലാ സെക്രട്ടറി പ്രസ്താവനയിൽ പറഞ്ഞു.
സുരേഷ് ഗോപിയുടെ ക്യാമ്പ് ഓഫീസ് അക്രമിച്ച സിപിഐഎമ്മിന്റെ നടപടി അത്യന്തം അപലപനീയമാണെന്നും. കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ സിപിഐഎമ്മും കോണ്‍ഗ്രസും ചേര്‍ന്ന് നടത്തുന്ന വ്യാജ പ്രചാരണങ്ങള്‍ എല്ലാ ജനാധിപത്യ മര്യാദകളും ലംഘിക്കുന്നതാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രസ്താവനയിലൂടെ മുന്നറിയിപ്പ് നല്‍കി. കേന്ദ്ര മന്ത്രിയുടെ ക്യാമ്പ് ഓഫീസ് ആക്രമിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ബുധനാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും ബിജെപി അധ്യക്ഷൻ അറിയിച്ചു.
സംഘര്‍ഷത്തിന്റെ ഭാഷയിലേക്ക് ജനാധിപത്യപരമായ പ്രതിഷേധങ്ങളെ മാറ്റാന്‍ ശ്രമിച്ചാല്‍ ഉത്തരവാദിത്വം സിപിഐഎമ്മിന് മാത്രമായിരിക്കും. ജനാധിപത്യപരമായ സമരങ്ങളെ ബിജെപി അംഗീകരിക്കും, അതിന്റെ മറവില്‍ അക്രമം അഴിച്ചുവിടാനാണ് സിപിഐ (എം) ശ്രമിക്കുന്നതെങ്കില്‍ സിപിഐ എമ്മിന്റെ യഥാര്‍ത്ഥ മുഖം സംസ്ഥാനത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ബിജെപി തുറന്നുകാട്ടും. രാഹുല്‍ ഗാന്ധി തുറന്നുവിട്ട നുണപ്രചാരണം ഏറ്റുപിടിച്ച് ബിജെപിക്കെതിരെ കായികപരമായ അക്രമം നടത്താനുള്ള ശ്രമമാണ് നടക്കുന്നതെങ്കില്‍ അതനുവദിക്കില്ല. കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ വലിയ ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ച തൃശൂരിലെ വോട്ടര്‍മാരെയാണ് സിപിഐഎമ്മും കോണ്‍ഗ്രസും അപമാനിക്കുന്നത്. ഇത്തരം പ്രതിഷേധ നാടകങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ബിജെപിക്കും ജനാധിപത്യ മാര്‍ഗ്ഗത്തില്‍ പ്രതിഷേധിക്കേണ്ടിവരും. കേരളത്തിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുറ്റപ്പെടുത്തി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia
0 അഭിപ്രായങ്ങള്‍