ക്രമസമാധാന പാലനത്തിനായി 400 പോലീസ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. ഡ്രോൺ നിരീക്ഷണവും, DANSAF സർവൈലൻസും, 24 മണിക്കൂർ കൺട്രോൾ റൂം സംവിധാനവുമെല്ലാം ഒരുക്കിയിട്ടുണ്ട്.
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി B കൃഷ്ണകുമാർ IPS ന്റെ നേതൃത്വത്തിൽ സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി ബിജോയ്. പി. ആർ, ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി സുരേഷ്. കെ. ജി, കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി രാജു.വി.കെ എന്നിവരുടെ മേൽനോട്ടത്തോട്ടിൽ ശക്തവും പഴുതടച്ചതുമായ സുരക്ഷാ സംവിധാനങ്ങളാണ് ഭക്തർക്ക് സുരക്ഷിതമായി നാലമ്പല ദർശനം നടത്തുന്നതിനായി ഒരുക്കിയിരിക്കുന്നത്. രാമായണ മാസത്തിലെ നാലമ്പല തീര്‍ത്ഥാടന ത്തോടനുബന്ധിച്ച് ക്രമസമാധാന പാലനത്തിനായി 400 പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ച് കൊണ്ട് തൃശ്ശൂർ റൂറൽ പോലീസ് കർശന സുരക്ഷയൊരുക്കുന്നു.
തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ തുടങ്ങി ഇരിങ്ങാലക്കുട കൂടല്‍മാണിക്യം, മൂഴിക്കുളം ലക്ഷ്മണ പെരുമാൾ ക്ഷേത്രം, പായമ്മല്‍ ശത്രുഘ്ന ക്ഷേത്രം വഴി തൃപ്രയാറില്‍ തന്നെ അവസാനിക്കുന്നതാണ് നാലമ്പല ദർശനം. ശ്രീരാമന്‍, ഭരതന്‍, ലക്ഷ്മണന്‍, ശത്രുഘ്നന്‍ എന്നിവരുടെ ക്ഷേത്രങ്ങളാണവ. രാമായണ മാസമായ കര്‍ക്കിടകത്തില്‍ നാലമ്പല ദര്‍ശനത്തിന് പ്രാധാന്യമേറെയാണ്. ഇതിൽ മൂന്ന് ക്ഷേത്രങ്ങൾ തൃശ്ശൂർ റൂറൽ പോലീസിന്റെ പരിധിയിലാണുള്ളത്. തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രം വലപ്പാട് പോലീസ് സ്റ്റേഷൻ പരിധിയിലും കൂടല്‍മാണിക്യം ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ പരിധിയിലും പായമ്മൽ ക്ഷേത്രം കാട്ടൂർ പോലീസ് സ്റ്റേഷൻ പരിധിയിലുമാണുള്ളത്. 2025-ലെ നാലമ്പല ദർശനം ജൂലൈ 17-ാം തീയതി മുതൽ ഓഗസ്റ്റ് 16-ാം തീയതി വരെയാണ് ആചരിക്കപ്പെടുന്നത്. ക്ഷേത്ര പരിസരം മുഴുവൻ അസാധാരണമായ തിരക്ക് അനുഭവപ്പെടുന്ന ആചാരപരമായ ചടങ്ങുകളാണ് നടന്നു വരുന്നത്. ആകയാൽ ഭക്തിയോടെ ചടങ്ങിനായി വിവിധ ജില്ലകളിൽ നിന്നും എത്തുന്ന ഭക്തർക്ക് ബുദ്ധിമുട്ടുകൾ നേരിടാത്ത വിധത്തിൽ തിരക്ക് നിയന്ത്രിക്കുന്നതിനും, ആചാരപരമായ ചടങ്ങുകളിൽ പങ്കു കൊള്ളുന്നതിനും, ദർശന സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനും തൃശ്ശൂർ റൂറൽ പോലീസ് ജാഗരൂകരാണ്. മഴ കൊള്ളാതെ വരി നില്‍ക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വരിയില്‍ നിന്നുകൊണ്ട് തന്നെ വഴിപാട് കഴിക്കാനും സാധിക്കും.
ക്ഷേത്രങ്ങളിൽ എത്തിച്ചേരുന്ന അനേകായിരം ഭക്ത ജനങ്ങൾക്ക് വാഹനപാർക്കിംഗിനായി പ്രത്യേകം സൗകര്യങ്ങൾ ഹൈവേ അതോറിട്ടിയുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയിട്ടുണ്ട്. വാഹനപാർക്കിംഗ് സൗകര്യങ്ങളുടെ അപാകതകൾ റൂറൽ പോലീസിന്റെ മൊബൈൽ & ബൈക്ക് പെട്രോളിംഗ് സംവിധാനം തൽസമയം നിരീക്ഷിക്കുന്നതാണ്. മാല മോഷണം, പോക്കറ്റടി മറ്റു സാമൂഹ്യവിരുദ്ധ പ്രവർത്തികൾ എന്നിവ തടയുന്നതിന് ക്ഷേത്രപരിസരമാകെ ഡ്രോൺ ഉൾപ്പെടെയുള്ള നിരീക്ഷണ സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. സുരക്ഷയ്ക്കായി തൃശ്ശൂർ റൂറൽ പോലീസിന്റെ പ്രധാന സംവിധാനങ്ങൾ:
* 24 മണിക്കൂർ പോലീസ് കൺട്രോൾ റൂം.
* CCTV സർവൈലൻസ്.
* മൊബൈൽ, ബൈക്ക് പട്രോളിംഗ്.
* മഫ്തി പോലീസ്.
* സ്ത്രീ സുരക്ഷയ്ക്കായി പിങ്ക് പോലീസ്.
* ആൻറി ഡ്രഗ്സ് സർവൈലൻസിനായി DANSAF ടീം.
സ്ഥിരം കുറ്റവാളികളെ നിരീക്ഷിക്കുന്നതിനായും അനധികൃത മദ്യവിൽപ്പന , ലഹരി വിപണനം ഉപയോഗം എന്നിവ തടയുന്നതിനായാണ് DANSAF നെയും മഫ്തി പോലീസിനെയും നിയോഗിച്ചിട്ടുള്ളത്.
സ്ത്രീകൾ, കുട്ടികൾ എന്നിവരുടെ സുരക്ഷയ്ക്കായി സ്കീമിൽ പ്രത്യേകം ശ്രദ്ധ കൊടുത്തിട്ടുള്ളതും വനിത പോലീസ് ഉദ്യോഗസ്ഥരെ അധികമായി നിയോഗിച്ചിട്ടുള്ളതും അതിനോടൊപ്പം തൃശ്ശൂർ റൂറൽ പിങ്ക് പോലീസിന്റെ സേവനവും ഭക്തർക്ക് ലഭിക്കുന്നതാണ്.
തൃശ്ശൂർ റൂറൽ പോലീസിനോടൊപ്പം, തൃശ്ശൂർ സിറ്റി, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ നിന്നും പോലീസ് ഉദ്യോഗസ്ഥരെ അധികമായി നിയോഗിച്ചു കൊണ്ട് ശക്തമായ സുരക്ഷാ സംവിധാനമാണ് ക്രമസമാധാന പാലനത്തിനായി ഉള്ളത്.
24 മണിക്കൂറും പ്രവർത്തിക്കുന്ന പോലീസ് സംവിധാനത്തിന് പുറമേ, 24 മണിക്കൂറും ലഭ്യമാകുന്ന ആംബുലൻസ് സംവിധാനവും, മെഡിക്കൽ ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന ക്രമീകരണങ്ങൾ എന്നിവ ഇത്തവണയും തൃശ്ശൂർ റൂറൽ പോലീസ് ഒരുക്കിയിട്ടുണ്ട്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍