1999ൽ ബെന്റില ഡിക്കോത്ത ഇന്ത്യൻ വനിതാ ടീമിൽ ഇടം നേടിയതിനു ശേഷം ടീമിലെത്തുന്ന ആദ്യ മലയാളിയാണ് 21 വയസ്സുകാരി മാളവിക. തായ്‌ലന്റിൽ നടന്ന ഏഷ്യ കപ്പ് യോഗ്യത മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച മാളവിക ഇന്ത്യക്കായി ഗോളും നേടി. 2026ൽ ഓസ്ട്രേലിയയിൽ നടക്കുന്ന എഎഫ്സി ഏഷ്യൻ കപ്പിന് ഇന്ത്യ യോഗ്യത നേടി. ഇതാദ്യമായാണ് ക്വാളിഫയർ മത്സരങ്ങൾ കളിച്ച് ഇന്ത്യ ഏഷ്യൻ കപ്പിന് യോഗ്യത നേടുന്നത്. 2003 ലാണ് അവസാനമായി ഇന്ത്യ ഏഷ്യൻ കപ്പ് കളിച്ചത്, എന്നാൽ അന്ന് യോഗ്യതാ റൗണ്ട് മത്സരങ്ങൾ ഉണ്ടായിരുന്നില്ല. ഏഷ്യൻ കപ്പിൽ ഇന്ത്യക്ക് 1980ലും 1983ലും രണ്ടുതവണ റണ്ണറപ്പായ ചരിത്രവുമുണ്ട്.കേരള ഫുട്‌ബോൾ അസോസിയേഷന്റെ കഴിഞ്ഞ സീസണിലെ മികച്ച വനിതാ താരത്തിനുള്ള പുരസ്‌കാരം മാളവികക്കായിരുന്നു. കഷ്ടപ്പാടുകളെയും പരിമിതികളെയും മറികടന്നാണ് മാളവികയുടെ ഈ മുന്നേറ്റം. അച്ഛൻ പ്രസാദിന്റെ കൈപിടിച്ച് ഫുട്ബോളിന്റെ പടവുകൾ കയറുന്നതിനിടെ അദ്ദേഹം വിടവാങ്ങിയെങ്കിലും മകളുടെ സ്വപ്നങ്ങൾക്ക് അമ്മ മിനി തളരാതെ തണലൊരുക്കി. അയൽക്കാരനായ പരിശീലകൻ നിധീഷ് ബങ്കളമാണ് മാളവികയിലെ പ്രതിഭയെ കണ്ടെത്തിയതും, വളർത്തിയെടുത്തതും. 2027ൽ ബ്രസീലിൽ നടക്കുന്ന വനിതാ ലോകകപ്പിലേക്കുള്ള യോഗ്യതാ ടൂർണമെന്റാണ് ഏഷ്യൻ കപ്പ്. 2026 ലെ ഏഷ്യ കപ്പിന് യോഗ്യത നേടിയതോടെ മാളവികയ്ക്കും ടീം ഇന്ത്യയ്ക്കും ഇനി ലോകകപ്പ് അരങ്ങേറ്റവും സ്വപ്നം കാണാം.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍