കണ്ണൂർ ജില്ലയിലെ മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രം വിശ്വ പ്രസിദ്ധമായതെങ്ങനെ ?

1983 ൽ പാലക്കാട് വഴിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ വിഗ്രഹത്തിനൊപ്പം ഒരു കുറിപ്പ് കൂടി ഉണ്ടായിരുന്നു. "ഇത് മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിലെ വിഗ്രഹം ആണ് ഇതുമായി യാത്ര ചെയ്യാൻ ഞങ്ങൾക്ക് ആകുന്നില്ല. ഇത് ഞങ്ങൾ ഇവിടെ ഉപേക്ഷിക്കുകയാണ്. ഇത് യഥാസ്ഥാനത്ത് തിരിച്ചെത്തിക്കണം".എന്നതായിരുന്നു ആ കുറിപ്പിൽ എഴുതിയിരുന്നത്. 'വിഗ്രഹം തിരിച്ചു കൊണ്ടുവന്ന് പുന പ്രതിഷ്ഠ നടത്തി.


കുറച്ച് വർഷങ്ങൾ കഴിഞ്ഞു. ക്ഷേത്രത്തിൽ വീണ്ടും മോഷണം നടന്നു. ഇത്തവണ വിഗ്രഹം  ക്ഷേത്രത്തിന്റെ പടിഞ്ഞാറു ഭാഗത്ത് ഇരുന്നൂറ് മീറ്റർ വരെയേ കൊണ്ടുപോകാൻ സാധിച്ചുള്ളൂ. വീണ്ടും പുനഃപ്രതിഷ്ഠ നടന്നു. കുറച്ചു കാലത്തിന് ശേഷം ക്ഷേത്രത്തിൽ വീണ്ടും മോഷണം നടന്നു. വിഗ്രഹവുമായി കടന്ന മോഷ്ടാക്കാൾ കൽപ്പറ്റയിൽ വച്ച് പോലീസിനെ വിവരം അറിയിച്ച് വിഗ്രഹം തിരിച്ചേൽപ്പിച്ചു.

വിഗ്രഹം മോഷ്ടിച്ച് കൊണ്ടു പോകുന്നവർ അത് എന്തുകൊണ്ടാണ് വഴിയിൽ ഉപേക്ഷിക്കുന്നത് എന്ന് വിശ്വാസികളുടെയും, പോലീസിന്റെയും മുന്നിൽ ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിച്ചു. മോഷണം നടത്തിയവർ മറ്റ് കേസുകളിൽ പെട്ട് അകത്തായപ്പോൾ ആണ് ഇതിന്റെ ചുരുളഴിഞ്ഞത്. വിഗ്രഹം കടത്തിക്കൊണ്ടു പോയപ്പോൾ സ്ഥലകാലബോധം നഷ്ടപ്പെട്ടുവെന്നും, പെട്ടെന്നു മലമൂത്ര വിസർജനം നടത്തേണ്ടി വന്നുവെന്നും, ബോധം നശിക്കുന്ന അവസ്ഥ ഉണ്ടായെന്നും മോഷ്ടാക്കൾ പറഞ്ഞു. അലക്സാണ്ടർ ജേക്കബ് ഐ. പി. എസ് ഈ കാര്യം വെളിപ്പെടുത്തിയതോടു കൂടി ക്ഷേത്രം ലോകശ്രദ്ധയിലേക്ക് വന്നു. കണ്ണൂർ ജില്ലയിലെ മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തെ പറ്റിയാണ് പറയുന്നത്. പരശുരാമൻ സ്ഥാപിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന കേരളത്തിലെ 108 ദുർഗ്ഗാ ക്ഷേത്രങ്ങളിൽ ഒന്നായ ഈ ക്ഷേത്രം പണ്ടുകാലം മുതലേ പ്രസിദ്ധമായിരുന്നു.ചേര രാജാവായിരുന്ന ഭാസ്ക്കര രവിവർമ്മന്റെ തിരുനെല്ലി ചെപ്പേടിൽ മുഴക്കുന്നിനെ പറ്റിയുള്ള വിവരങ്ങൾ ഉണ്ട്. മലബാറിലെ കോട്ടയം രാജവംശത്തിന്റെ കുലദേവത ആയിരുന്നു മൃദംഗശൈലേശ്വരി ദേവി. ക്ഷേത്രത്തിൽ നിന്ന് അൽപ്പം പടിഞ്ഞാറ് മാറി പോർക്കലി ഗുഹാ ക്ഷേത്രത്തിൽ ആരാധന നടത്തിയിട്ടാണ് പഴശി രാജാവ് യുദ്ധത്തിന് പോയിരുന്നത്. കേരളത്തിലെ പോർക്കലി ക്ഷേത്രങ്ങളുടെ മൂലസ്ഥാനമായ ഇവിടം ടിപ്പുവിന്റെ കാലത്ത് തകർക്കപ്പെട്ടു. നാശോൻമുഖമായി കിടന്ന മൃദംഗശൈലേശ്വരി ക്ഷേത്രം കോട്ടയം രാജാക്കൻമാർ 1907ൽ മദ്രാസ് സർക്കാരിലേക്ക് നൽകി. ഈ അടുത്തകാലം വരെ ക്ഷേത്രത്തിലെ നിത്യപൂജകൾക്ക് പോലും മുടക്കം വന്നു. അങ്ങനെയിരിക്കെ കർണ്ണാടക സ്വദേശിയായ സത്യനാരായണഭട്ട് എന്ന പൂജാരിയെ കൊണ്ടുവന്ന് ഇവിടെ പൂജ നടത്താൻ തുടങ്ങി. ദേവസ്വം ബോർഡിൽ നിന്ന് കൊടുക്കുന്ന തുച്ഛമായ പണം ശമ്പളത്തിന് തികയാതെ വന്നപ്പോൾ നാട്ടുകാർ പിരിവെടുത്ത് ശമ്പളം നൽകാൻ തുടങ്ങി. ഇതിലേക്ക് ഫണ്ട് സ്വരൂപിക്കാനായി 2014 മെയ് 1ന് ഒരു ലക്ഷദീപ സമർപ്പണം നടത്താൻ നാട്ടുകാർ തീരുമാനിച്ചു. വിളക്കുകൾ കത്തിച്ചു തീരുന്നതിനു മുന്നെ അതിശക്തമായ വേനൽ മഴ ഉണ്ടായി. ഈ ദുർ നിമിത്തങ്ങളെ തുടർന്ന് ദേവപ്രശ്നം നടത്താൻ നാട്ടുകാർ തീരുമാനിച്ചു. ഇരിങ്ങാലക്കുട സ്വദേശിയായ പദ്മനാഭശർമ്മ ആയിരുന്നു ദൈവഞ്ജൻ. ക്ഷേത്രത്തിന് മുന്നിൽ കാടുകയറി നാശോൻമുഖമായി കിടക്കുന്ന കുളം പുനർനിർമ്മിച്ച് എടുത്താൽ ക്ഷേത്രം പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തുമെന്ന് അദേഹം പ്രവചിച്ചു. നാട്ടുകാരുടെ ശ്രമഫലമായി കുളം പുനരുദ്ധാരണം ചെയ്തതോടെ പ്രവചനം സത്യമായി. ലോകം അറിയപ്പെടുന്ന ഒരു മഹാക്ഷേത്രമായി മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രം മാറി. രണ്ടു നിലയിലുള്ള ചതുര ശ്രീകോവിലിൽ പിറകിലുള്ള രണ്ട് കൈകളിൽ ശംഖും, ചക്രവുമേന്തി, ഇടതുകൈ അരയിൽ കു ത്തിപ്പിടിച്ച്, വലതുകൈ അഭയമുദ്രയോടുകൂടി നിൽക്കുന്ന രൂപത്തിൽ മാലോകർക്ക് അഭയം നൽകി കാക്കുന്ന ലോകാംബികയായ ദുർഗാ ഭഗവതിയുടെ അത്ഭുത തേജസുള്ള വിഗ്രഹ മാണ് ഇവിടെ. ക്ഷേത്രം പ്രസിദ്ധമായതോടുകൂടി വലിയ വികസനപ്രവർത്തനങ്ങൾ ഇവിടെ നടന്നുവരുന്നു. കൊടിമരം സ്ഥാപിച്ച് മീനമാസത്തിലെ പൂരം ആറാട്ടായി ഉൽസവം ആരംഭിച്ചു. ചുറ്റുമതിൽ, ഗോപുരം, ഊട്ടുപുര, സരസ്വതി മണ്ഡപം തുടങ്ങി ഒരു മഹാക്ഷേത്രമായി മാറുകയാണ് ഇവിടം. രണ്ടുനേരം വിളക്കുവച്ച് പൂജ നടത്താൻ പോലും സാധിക്കാതിരുന്നിടത്ത് ഇന്ന് നിത്യവും ഭക്തർക്ക് അന്നദാനം നടത്തുവാൻ പറ്റുന്ന രീതിയിലുള്ള ക്ഷേത്രമായി മുന്നേറാൻ കഴിഞ്ഞു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍