മാരാത്തുകുന്ന് ലെവൽക്രോസ്സ് നമ്പർ 7 റെയിൽവേ മേൽപ്പാലം നിർമ്മിക്കുന്നതിന് കെ-റെയിൽ കോർപ്പറേഷനെ ചുമതലപ്പെടുത്തിയതായും, ജനറൽ അറേയ്ഞ്ച്മെന്റ് ഡ്രോയിങ് തയ്യാറാക്കുന്നതിനുള്ള നടപടികൾ കെ-റെയിൽ ആരംഭിച്ചതായും സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ. അറിയിച്ചു. 'ലെവൽ ക്രോസ്സുകൾ ഇല്ലാത്ത കേരളം' പദ്ധതിയുടെ ഭാഗമായി റെയിൽവേ മേൽപ്പാലം നിർമ്മാണത്തിന്റെ ഭൂമി ഏറ്റെടുക്കുന്നതിന് മുഴുവൻ തുകയും സംസ്ഥാന സർക്കാർ വഹിക്കുകയും, സിവിൽ വർക്കുകളുടെ 50% തുക റെയിൽവേയും 50% തുക സംസ്ഥാന സർക്കാരും വഹിക്കുന്ന രീതിയിൽ റെയിൽവേ മേൽപ്പാലങ്ങളും അണ്ടർ പാസുകളും നിർമ്മിക്കുന്നതിനുള്ള പണം കിഫ്ബി മുഖേന സംസ്ഥാന സർക്കാർ വകയിരുത്തിയിരുന്നു.
റെയിൽവേ വർക്ക് പ്രോഗ്രാമിൽ ഉൾപ്പെടുത്തിയിരുന്ന മാരാത്തുകുന്ന് ആർ.ഓ.ബി.യുടെ ഏജൻസിയായി ആർ.ബി.ഡി.സി.കെ.യെ നിശ്ചയിക്കുകയും, എം.എൽ.എ. യുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും ആർ.ബി.ഡി.സി.കെ. ഉദ്യോഗസ്ഥരും 17. 01. 2025 ന് മാരാത്തുകുന്ന് ലെവൽ ക്രോസ് പരിസരം സന്ദർശിച്ച് പ്രൊപ്പോസൽ തയ്യാറാക്കിയിരുന്നു.
എന്നാൽ റെയിൽവേ നയത്തിൽ മാറ്റം വന്നതിനെത്തുടർന്ന്, സംസ്ഥാന സർക്കാരിന്റെയും റെയിൽവേയുടെയും സംയുക്‌ത സംരംഭമായ കെ-റെയിലിനെ നിർവ്വഹണ ഏജൻസിയായി നിശ്ചയിച്ചാൽ പ്രവർത്തിയുടെ ഫണ്ട് പൂർണ്ണമായും റെയിൽവേ വഹിക്കാമെന്ന് തത്വത്തിൽ ധാരണയായി. സംസ്ഥാന സർക്കാർ ഇത് അംഗീകരിച്ചു കൊണ്ട് 38 ആർ.ഓ.ബി.കളുടെ നിർമ്മാണ ചുമതല ഏറ്റെടുത്ത് നിർവ്വഹണ ഏജൻസിയായി കെ-റെയിൽ കോർപ്പറേഷനെ നിയമിച്ച് 26. 03. 2025 ന് ഉത്തരവിറക്കി. ഈ ഉത്തരവ് പ്രകാരം ആർ.ബി.ഡി.സി.കെ. നടപടികൾ ആരംഭിച്ചതും റെയിൽവേ ഫീസിബിളായി കണ്ടതുമായ ലെവൽ ക്രോസ് നമ്പർ 7 മാരാത്തുകുന്ന് ആർ.ഓ.ബി.യുടെ നിർമ്മാണം കെ-റെയിലിന് കൈമാറി.
ഈ സാഹചര്യത്തിൽ മാരാത്തുകുന്ന് റെയിൽവേ മേൽപ്പാലം ജി.എ.ഡി. തയ്യാറാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ 28. 04. 2025 നു നടന്ന വടക്കാഞ്ചേരി സി.എം.ടി. യോഗത്തിൽ ധാരണയായിരുന്നു. മണ്ണ് പരിശോധനയ്ക്കായി കെ-റെയിൽ അധികൃതർ ടെൻഡർ വിളിച്ചു. മണ്ണ് പരിശോധന പൂർത്തിയാക്കി ജനറൽ അറേയ്ഞ്ച്മെന്റ് ഡ്രോയിങ് തയ്യാറാക്കി റെയിൽവേയുടെ അംഗീകാരത്തിനായി സമർപ്പിക്കും. വടക്കാഞ്ചേരി ബൈപ്പാസ്സിന്റെ ഡി.പി.ആർ. തയ്യാറാക്കുന്ന കെ.ആർ.എഫ്.ബി.യുമായി കൂടിയാലോചിച്ച് വേണം മാരാത്തുകുന്ന് റെയിൽവേ മേൽപ്പാലത്തിന്റെ ഡ്രോയിങ് തയ്യാറാക്കേണ്ടതെന്ന് കെ-റെയിൽ അധികൃതരോട് സി.എം.ടി. യോഗത്തിൽ എം.എൽ.എ നിർദ്ദേശിച്ചു. റെയിൽവേയും സംസ്ഥാന സർക്കാരും കെ.ആർ.ഡി.സി.എല്ലും തമ്മിൽ എഗ്രിമെന്റ് ഉണ്ടാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ വേഗത്തിലാക്കാൻ കെ. രാധാകൃഷ്ണൻ എം.പി.യുടെ സഹായത്തോടെ ഇടപെടലുകൾ തുടരുമെന്ന് എം.എൽ.എ. വ്യക്തമാക്കി.
ലെവൽക്രോസ് നമ്പർ 8 എങ്കക്കാട് മേൽപ്പാലം നിർമ്മാണം റെയിൽവേ വർക്ക് പ്രോഗ്രാമിൽ ഉൾപ്പെടുത്തണം എന്നാവശ്യപ്പെട്ടുകൊണ്ട് സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ സംസ്ഥാന സർക്കാരിന് കത്ത് സമർപ്പിച്ചിരുന്നു. ഇതിന്റെ ഫലമായി പ്രസ്തുത ആവശ്യം ഉന്നയിച്ചു കൊണ്ട് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി, സതേൺ റെയിൽവേ ചീഫ് ബ്രിഡ്ജ് എഞ്ചിനീയർക്ക് കത്ത് നൽകിയിട്ടുണ്ടെന്നും എം.എൽ.എ. കൂട്ടിച്ചേർത്തു.
വടക്കാഞ്ചേരി നിയോജകമണ്ഡലത്തിൽ 4 റെയിൽവേ മേൽപ്പാലങ്ങളാണ് ഇത്തരത്തിൽ വിവിധ ഘട്ടങ്ങളിൽ പുരോഗമിക്കുന്നത്. തിരൂർ - പോട്ടോർ വേലുകുട്ടി ഗെയ്റ്റ്, അമല സമാന്തര ആർ.ഓ.ബി., വടക്കാഞ്ചേരി ബൈപാസിന്റെ അവസാനഭാഗത്തുള്ള അകമല കാട്ടിലെ ഗെയ്റ്റ്, മാരാത്തുകുന്ന് ആർ.ഓ.ബി. തുടങ്ങിയവയാണ് വിവിധ ഘട്ടങ്ങളിൽ ഉള്ളത്.
0 അഭിപ്രായങ്ങള്‍