തൃശൂരിൽ പെർമിറ്റ് ഇല്ലാതെ സർവീസ് നടത്തുകയായിരുന്ന ബസ് മോട്ടർ വാഹന വകുപ്പ് പിടിച്ചെടുത്തു.

തൃശൂർ: എട്ടു മാസത്തിലേറെയായി പെർമിറ്റ് ഇല്ലാതെ സർവീസ് നടത്തുകയായിരുന്ന ബസ് മോട്ടർ വാഹന വകുപ്പ് പിടിച്ചെടുത്തു. 8750 രൂപ പിഴ ചുമത്തി. തൃശൂർ-കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തിയിരുന്ന ഹെക്‌ടർ എന്ന ബസ് ആണ് ആർ.ടി.ഒ എൻഫോഴ്സസ്മെൻ്റ് വിഭാഗം പിടിച്ചത്. കഴിഞ്ഞ സെപ്റ്റംബർ മുതൽ പെർമിറ്റ് ഇല്ലാതെയാണ് ബസ് സർവീസ് നടത്തിയിരുന്നത്. ബസിന്റെ ഉടമയായ സി.ജെ. റിജോയ്ക്ക് മോട്ടർ വാഹന വകുപ്പിൽ ബന്ധുവുണ്ടെന്ന് ആരോപണമുണ്ടായിരുന്നു. ഈ രീതിയിൽ രാവിലെ വ്യാപകമായി വാർത്ത പ്രചരിച്ചിരുന്നു. എന്നാൽ, വൈകീട്ടോടെ മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്‌ഥർ ഇക്കാര്യം നിഷേധിച്ചു.

അതേസമയം, ബസിൻ്റെ ഉടമസ്‌ഥാവകാശം സംബന്ധിച്ച് മറ്റൊരു കൂട്ടരും രംഗത്തെത്തിയിട്ടുണ്ട്. ജനുവരിയിൽ പെർമിറ്റിനായി അപേക്ഷ നൽകിയിരുന്നെങ്കിലും ഉടമസ്‌ഥാവകാശം സംബന്ധിച്ച തർക്കം കൊണ്ടാണ് പെർമിറ്റ് അവനുവദിക്കാതിരുന്നത് എന്നാണ് സൂചന. ഇന്നലെ പുലർച്ചെ 5.45ന് തൃശൂരിൽ നിന്ന് 25 യാത്രക്കാരുമായി പുറപ്പെട്ട ബസ് കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് പരിസരത്തുവെച്ച്  തടഞ്ഞാണ് ഉദ്യോഗസ്‌ഥർ പരിശോധന നടത്തിയത്. എം.വി.ഐ പി.വി.ബിജു, എ.എം.വി.ഐ കെ.വിപിൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പെർമിറ്റ് ഇല്ല എന്ന് കണ്ടെത്തി. കണ്ടക്ടർക്ക് ലൈസൻസ് ഉണ്ടായിരുന്നില്ല. ഇവ   കണക്കിലെടുത്താണ്  പിഴ ചുമത്തിയത്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍