ചേലക്കര : ജയം എല്ലാ മുന്നണികളും ഉറപ്പാക്കിയെങ്കിലും വലിയ ഭൂരിപക്ഷമുണ്ടാകില്ലെന്നാണ് വിലയിരുത്തല്‍. ഇതുവരെ നടന്നതിനെക്കാള്‍ വലിയ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇക്കുറി നടന്നത്. കഴിഞ്ഞ നിയമസഭാ മത്സരത്തിലെ വലിയ ഭൂരിപക്ഷമാണ് എല്‍.ഡി.എഫിന് ഇക്കുറിയും ജയം ഉറപ്പെന്ന ആത്മവിശ്വാസം നല്‍കുന്നത്. പാർട്ടി പ്രവർത്തകരില്‍ ഏറെ സ്വീകാര്യനായ സ്ഥാനാർത്ഥിയാണ് മറ്റൊരു ഘടകം. പ്രതിച്ഛായ ഒട്ടും കുറയാത്ത വ്യക്തി വീണ്ടും സ്ഥാനാർത്ഥിയാകുമ്പോൾ വോട്ടുനിലയിലും ഭൂരിപക്ഷത്തിലും തെല്ലും ഭയമില്ലെന്ന ആത്മവിശ്വാസത്തിലാണ് മുന്നണി.
ആത്മവിശ്വാസം ഉണ്ടെങ്കിലും ജാഗ്രത വേണമെന്നായിരുന്നു അവസാന ഘട്ടത്തിലെ വിലയിരുത്തല്‍. അതിനാല്‍, വൻ ഭൂരിപക്ഷം ഉണ്ടാകുമോ എന്ന കാര്യത്തില്‍ എല്‍.ഡി.എഫിന് അല്‍പ്പം ആശങ്കയുണ്ട്. ഭരണവിരുദ്ധ വികാരവും തിരഞ്ഞെടുപ്പ് കാലത്ത് സി.പി.എം മുന്നണി നേരിട്ട ആരോപണങ്ങളും പ്രതിസന്ധികളും ഒട്ടുംതന്നെ ഉറച്ച വോട്ടുകളെ ബാധിക്കില്ലെന്നും അവലോകനത്തില്‍ കണ്ടെത്തി. കാലങ്ങളായി മുന്നണിക്കൊപ്പം നിന്ന മണ്ഡലത്തില്‍ ചാഞ്ചാട്ടമുണ്ടാകില്ലെന്നും എൽ.ഡി.എഫ് വിലയിരുത്തി.
തിരഞ്ഞെടുപ്പിന് നാലുമാസം മുന്നേ നടത്തിയ പ്രചാരണ മുന്നൊരുക്കങ്ങള്‍ മാത്രം മതി വിജയം ഉറപ്പിക്കാനെന്നാണ് യു.ഡി.എഫ് പറയുന്നത്. തിരഞ്ഞെടുപ്പ് കഴിഞ്ഞ് നടത്തിയ അവലോകനത്തില്‍ യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യാ ഹരിദാസ് നല്ല ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നാണ് വിലയിരുത്തല്‍. ഭരണവിരുദ്ധ വികാരവും മണ്ഡലത്തില്‍ പുതുതായി ചേർത്ത വോട്ടുകളും തങ്ങള്‍ക്ക് അനുകൂലമാകുമെന്നും യു.ഡി.എഫ് ഉറപ്പിക്കുന്നു.
പുതുതായി വോട്ടർ പട്ടികയില്‍ ഇടംപിടിച്ച 9,000പേരില്‍ 6,000പേരെ തങ്ങളാണ് ചേർത്തതെന്ന് യു.ഡി.എഫ് അവകാശപ്പെടുന്നു. ബി.ജെ.പിക്ക് മുൻതൂക്കമുള്ള തിരുവില്വാമല പഞ്ചായത്തിലെ 1,055 പുതിയ വോട്ടർമാരില്‍ 1,044പേരെ ചേർത്തതും യു.ഡി.എഫ് ആണെന്ന് അവകാശപ്പെടുന്നുണ്ട്. പോളിംഗ് ദിവസം ബൂത്തിലേക്ക് ഒഴുകിയെത്തിയ സ്‌ത്രീസാന്നിദ്ധ്യം രമ്യയ്‌ക്ക് മാത്രം അനുകൂലമാണെന്നാണ് വിലയിരുത്തല്‍
തൃശൂരില്‍ സുരേഷ് ഗോപി നേടിയ വിജയത്തെ ആധാരമാക്കിയാണ് എൻ.ഡി.എ സ്ഥാനാർത്ഥി വിജയം ഉറപ്പാക്കുന്നത്. തൃശൂരിലെ അതേ രീതിയിലുള്ള പ്രവർത്തനമാണ് ചേലക്കരയിലും ഉണ്ടായത്. സ്‌ത്രീകള്‍ ധാരാളമായി വോട്ട് ചെയ്യാനെത്തിയത് തങ്ങള്‍ക്ക് അനുകൂലമെന്നാണ് എൻ.ഡി.എ വിലയിരുത്തല്‍. ഉറച്ച 30,000 വോട്ട് മണ്ഡലത്തിലുണ്ടെന്നും ഇത്തവണ 35,000 വോട്ട് കടക്കുമെന്നുമാണ് ബിജെപിയുടെ അവകാശവാദം.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG






0 അഭിപ്രായങ്ങള്‍