മാലിന്യമുക്തം നവകേരളം പദ്ധതിയുമായി ബന്ധപ്പെട്ടു വടക്കാഞ്ചേരി നഗരസഭയിലെ വിദ്യാലയങ്ങളും കലാലയങ്ങളും മാലിന്യമുക്തമാക്കുന്നതിനായി നഗരസഭ പരിധിയിലെ വിദ്യാലയങ്ങളിലെ അധ്യാപക പ്രതിനിധികളുടെ പ്രത്യേക യോഗം നഗരസഭയിൽ വെച്ച് ചേർന്നു.
മാലിന്യ മുക്തം നവകേരളം ക്യാമ്പയിന്റെ ലക്ഷ്യങ്ങളെ കുറിച്ച് സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ് അംഗമായ നഗരസഭാ വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ ആമുഖം അവതരിപ്പിച്ചു. നഗരസഭാ വൈസ് ചെയർപേഴ്സൺ ഷീലാ മോഹൻ അധ്യക്ഷത വഹിച്ച യോഗം അഗരസഭ ചെയർമാൻ പി എൻ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ക്യാമ്പയിനുമായി ബന്ധപ്പെട്ടു ജൂലൈ പത്താം തീയതിക്കുള്ളിൽ നഗരസഭാ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെ കൂടെ സാന്നിധ്യത്തിൽ എല്ലാ വിദ്യാലയങ്ങളിലും പ്രത്യേക സ്റ്റാഫ് മീറ്റിംഗ് വിളിച്ചുചേരുന്നതിന് ചെയർമാൻ നിർദ്ദേശം നൽകി.
ബോട്ടിൽ ബൂത്തുകൾ വിദ്യാലയങ്ങളിൽ കൂടി സ്ഥാപിച്ചതോടെ കുട്ടികൾക്ക് അതിനുള്ളിൽ ബോട്ടിലുകൾ നിക്ഷേപിക്കുന്നതിന് താല്പര്യം ആയി എന്ന നിരീക്ഷണത്തിന് മേൽ എല്ലാ വിദ്യാലയങ്ങളിലും ഉപയോഗശൂന്യമായ പേനകളും പേപ്പറുകളും നിക്ഷേപിക്കുന്നതിന് പെൻബോക്സും പേപ്പർ ബോക്സും സ്ഥാപിക്കുന്നതിന് തീരുമാനം ആയി. വിദ്യാലയങ്ങളുടെ ആവശ്യമനുസരിച്ച് മതിയായ എണ്ണം ടോയ്ലറ്റുകൾ തുമ്പൂർമുഴി മോഡൽ കമ്പോസ്റ്റ് ബിന്നുകൾ ഇലകമ്പോസ്റ്റ് ബൂത്തുകൾ എന്നിവ നൽകാൻ നഗരസഭ തീരുമാനിച്ചു.
എല്ലാ സ്കൂളുകളിലെയും ശൗചാലയങ്ങൾ വിദ്യാർത്ഥികളുടെ കൂടെ ഉത്തരവാദിത്വം ഉറപ്പുവരുത്തി ശുചിയായി സൂക്ഷിക്കുന്നതിന് അധ്യാപകർ പ്രത്യേകം ശ്രദ്ധ കാണിക്കണമെന്ന് നഗരസഭാ സെക്രട്ടറി കെ കെ മനോജ് അറിയിച്ചു. ഒരു മിഠായി കടലാസ് പോലും നിലത്തിടാതെ കൃത്യമായി വേസ്റ്റ് ബിന്നുകളിലോ അവരവരുടെ വീടുകളിൽ ഹരിത കർമ്മ സേനയ്ക്ക് പാഴ്വസ്തുക്കൾ നൽകുന്ന സഞ്ചിയിലോ നിക്ഷേപിക്കുന്ന രീതിയിൽ വിദ്യാർത്ഥികളിലെ ശുചിത്വബോധം വളർത്തണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ അനൂപ് കിഷോർ ജമീല ബി സ്വപ്ന ശശി എന്നിവർ സംസാരിച്ചു ക്ലീൻ സിറ്റി മാനേജർ സാജു മാർട്ടിൻ നന്ദി അറിയിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG





0 അഭിപ്രായങ്ങള്‍