മാലിന്യം എന്ന് കരുതി വഴിയിൽനിന്ന് കിട്ടിയ ചാക്ക് പൊട്ടിച്ചു നോക്കിയപ്പോൾ ഹോൾസെയിൽ ആയി വാങ്ങിയ പലചരക്ക് സാധനങ്ങൾ ആളെ കണ്ടെത്തി തിരിച്ചുകൊടുത്തു മാതൃകയായി ഹരിത കർമ്മ സേന.

മാലിന്യം എന്ന് കരുതി വഴിയിൽനിന്ന് കിട്ടിയ ചാക്ക് പൊട്ടിച്ചു നോക്കിയപ്പോൾ  ഹോൾസെയിൽ ആയി വാങ്ങിയ പലചരക്ക് സാധനങ്ങൾ  ആളെ കണ്ടെത്തി തിരിച്ചുകൊടുത്തു മാതൃകയായി ഹരിത കർമ്മ സേന.

 വഴിയിൽ കണ്ട ചാക്ക് കെട്ടുകൾ മാലിന്യമാണ് എന്ന് കരുതി  എംസിഎഫിലേക്ക് കൊണ്ടുപോയി  കെട്ടഴിച്ച്  പരിശോധിച്ചതാണ് വടക്കാഞ്ചേരിയിലെ ഹരിത കർമ്മ സേന അംഗങ്ങളായ ജിനിയും അജിതയും. എന്നാൽ തികച്ചും അപ്രതീക്ഷിതമായിരുന്നു കണ്ട കാഴ്ച.  ഏതോ കടയിലേക്ക് ഹോൾസെയിൽ ആയി വാങ്ങിയ പലചരക്ക് സാധനങ്ങൾ ആയിരുന്നു അത്. അഞ്ച് കിലോയോളം വറ്റൽമുളകും, ഏതാണ്ട് അത്രതന്നെ വരുന്ന മഞ്ഞപ്പൊടിയുടെ ലൂസ് പാക്കറ്റും, നാലഞ്ച് ബോക്സ്  വാഷിംഗ് സോപ്പുകളും കണ്ടപ്പോൾ ഊഹിച്ചു  ഏതോ ഷോപ്പ് ഉടമയുടെ കയ്യിൽ നിന്നും വീണു പോയതാണെന്ന്. ആരുടേതാണെന്ന്  അറിയാൻ ബില്ലോ മറ്റു രേഖകളൊന്നും തന്നെ  കെട്ടിലുണ്ടായിരുന്നില്ല . 

ഈ സാഹചര്യത്തിൽ ആരുടേതാണെന്ന് കണ്ടെത്താൻ മെനക്കെടാതെ  അവ വീതിച്ചെടുക്കുകയോ മറ്റു മാലിന്യങ്ങൾക്കൊപ്പം മാറ്റി ഇടുകയോ  ചെയ്യാമായിരുന്നു അവർക്ക്. എന്നാൽ അവർക്കത്തിന് മനസ്സ് വന്നില്ല. അവർ ഒന്നുകൂടി വിശദമായി ആ ചാക്ക് കെട്ടുകൾ പരിശോധിച്ചു. അപ്പോഴാണ് ചാക്കിന് മേലെ ഗംഗാധരൻ പുതുരുത്തി എന്ന പേര് കണ്ടത്. ഉടൻ തന്നെ അവർ ആ ഭാഗത്ത് ജോലിചെയ്യുന്ന   സഹപ്രവർത്തകരെ വിളിച്ച്  ഈ പേരിലുള്ള ഏതെങ്കിലും കടക്കാരൻ ഉണ്ടോ എന്ന് അന്വേഷിച്ചു.  അന്വേഷണത്തിന് ഒടുവിൽ ആളെ കണ്ടെത്തി. 

പുതുരുത്തി മെയ്യമ്പടിയിൽ ഗംഗാധരൻ സ്റ്റോഴ്സ്  എന്ന പേരിൽ പലചരക്ക് കട നടത്തുന്ന   ഗംഗാധരന്റെ കടയിലേക്ക് പട്ടാമ്പി ട്രേഡേഴ്സിൽ നിന്നും വിതരണത്തിനു കൊണ്ടു പോയ  പലചരക്ക് സാധനങ്ങൾ ആയിരുന്നു അവ.  അന്വേഷിച്ചപ്പോൾ ഓർഡർ ചെയ്ത സാധനങ്ങൾ കിട്ടാത്തതിനാൽ ഗംഗാധരൻ പരാതി നൽകിയിരിക്കുകയായിരുന്നു.  തങ്ങൾ പാക്ക് ചെയ്ത് വിട്ട സാധനങ്ങൾ ഡെലിവറി ആകാത്തതിനാൽ ആശയക്കുഴപ്പത്തിൽ ആയിരുന്നു പട്ടാമ്പി ട്രേഡേഴ്സിലെ ജീവനക്കാരും.

 ഹരിത കർമ്മ സേനയുടെ തക്കതായ ഇടപെടൽ മൂലം ദീർഘനാൾ നീണ്ടുനിന്ന വാണിജ്യ ബന്ധത്തിൽ ഉണ്ടായേക്കാവുന്ന  വിള്ളൽ ഒഴിവായതിന്റെ ആശ്വാസത്തിലാണ് ഇരു കൂട്ടരും.  അധികം താമസിക്കാതെ തന്നെ ജിനിയും കൂട്ടരും നഗരസഭ അധികാരികൾക്ക് ഒപ്പം എത്തി  പലചരക്ക് സാധനങ്ങൾ കൈമാറി. ഹരിതകർമ്മ സേനയുടെ മുണ്ടത്തിക്കോട് വിഭാഗം ക്ലസ്റ്ററിൽ പ്രവർത്തിക്കുന്ന ഹരിത കർമ്മ സേന അംഗങ്ങളാണ് ജിനിയും അജിതയും. ജിനി ഹരിത കർമ്മ സേനയുടെ ഇലക്ട്രിക് ഓട്ടോ ഓടിക്കുകയാണ്. ഹരിത കർമ്മ സേനയുടെ സത്യസന്ധതയെയും നിസ്വാർത്ഥ സേവനത്തെയും ചെയർമാൻ പ്രത്യേകം അഭിനന്ദിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍