ഗുരുവായൂര്‍ ആനയോട്ടത്തില്‍ മുന്‍നിരയില്‍ ഓടാനുള്ള ആനകളുടെ എണ്ണം അഞ്ചില്‍ നിന്ന് മൂന്നായി കുറച്ചു. ദേവസ്വം വിളിച്ചു ചേര്‍ത്ത വിവിധ സര്‍ക്കാര്‍ വകുപ്പ് തല ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. ഭക്തരുടെ സുരക്ഷ കണക്കിലെടുത്താണ് ആനകളുടെ എണ്ണം കുറച്ചതെന്ന് ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. വിജയന്‍ പറഞ്ഞു. ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് തുടക്കം കുറിച്ച് ഫെബ്രുവരി 21നാണ് ആനയോട്ടം നടക്കുന്നത്. ആചാരങ്ങള്‍ തെറ്റിക്കാതെ സുരക്ഷയ്ക്ക് മുന്‍തൂക്കം നല്‍കിയുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും ചെയര്‍മാന്‍ പറഞ്ഞു.
‘ആനയോട്ട ചടങ്ങില്‍ പങ്കെടുക്കുന്ന 15 ആനകളെ ഉച്ചയ്ക്ക് മഞ്ജുളാല്‍ പരിസരത്ത് അണിനിരത്തും. ആന ചികിത്സ വിദഗ്ദ കമ്മിറ്റി നിശ്ചയിക്കുന്ന അഞ്ചാനകളില്‍ നിന്ന് മൂന്നാനകളെ നറുക്കെടുത്ത് മുന്നില്‍ നിര്‍ത്തും. ക്ഷേത്ര നാഴിക മണി മൂന്നടിച്ചാല്‍ മാരാര്‍ ശംഖ് മുഴക്കുകയും മൂന്ന് ആനകള്‍ ക്ഷേത്ര പരിസരത്തേക്ക് ഓടുകയും ചെയ്യും. ബാക്കിയുള്ള ആനകള്‍ ക്ഷേത്രത്തിനു മുന്നിലെത്തി തൊഴുതു മടങ്ങും. ആദ്യം ഓടിയെത്തുന്ന ആനയെ ക്ഷേത്രത്തില്‍ പ്രവേശിപ്പിച്ച് വിജയിയായി പ്രഖ്യാപിക്കും. ആന അകത്തു കയറിയതിനു ശേഷം മാത്രമാണ് ഭക്തരെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കുക. ക്ഷേത്രത്തിനകത്ത് ആനയെ ഓടാന്‍ അനുവദിക്കില്ല.
ആചാരപ്രകാരമുള്ള പ്രദക്ഷിണം നടത്തും. ക്ഷേത്രത്തിനകത്തും ബാരിക്കേഡ് ഒരുക്കും. മഞ്ജുളാല്‍ മുതല്‍ സത്രം ഗേറ്റുവരെ റോഡില്‍ ഇരുവശത്തും ബാരിക്കേഡ് ഒരുക്കും. ഭക്തരെ ബാരിക്കേഡിനകത്തേക്ക് പ്രവേശിപ്പിക്കില്ല. ആനയോട്ട ചടങ്ങില്‍ പങ്കെടുക്കുന്ന പാപ്പാന്മാര്‍ക്ക് 19ന് വനം വകുപ്പിന്റെ ക്ലാസ് സംഘടിപ്പിക്കാനും തീരുമാനിച്ചു. ആനയോട്ടത്തിന്റെ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായി അടുത്ത ദിവസം സബ് കമ്മിറ്റി യോഗം ചേരും.
ദേവസ്വം കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ചെയര്‍മാന്‍ ഡോ. വി.കെ. വിജയന്‍ അധ്യക്ഷത വഹിച്ചു. ഭരണസമിതിയംഗങ്ങളായ സി.മനോജ്, കെ.ആര്‍ ഗോപിനാഥ്, സബ് കളക്ടര്‍ മുഹമ്മദ് ഷെഫീഖ്, ചാവക്കാട് തഹസില്‍ദാര്‍ ടി.കെ ഷാജി, ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി.വിനയന്‍, ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ എം.കെ.രഞ്ജിത്, ജീവധനം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ കെ.എസ് മായാദേവി, പൊലീസ്, അഗ്നിരക്ഷാസേന വകുപ്പുദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
0 അഭിപ്രായങ്ങള്‍