വടക്കാഞ്ചേരി മണ്ഡലത്തിലെ റെയിൽവേ പ്രശ്നങ്ങൾ നിയമസഭയിൽ ഉന്നയിച്ച് സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ; പുല്ലാനിക്കാട് അടിപ്പാത നിർമ്മാണം, ബൈപാസ് പദ്ധതിയുടെ തടസ്സം നീക്കൽ എന്നിവയിൽ നടപടികൾ ആവശ്യപ്പെട്ടു

റെയിൽവേയുമായി ബന്ധപ്പെട്ട വടക്കാഞ്ചേരി മണ്ഡലത്തിലെ പ്രധാന പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെടുത്തി, പരിഹാരം ആവശ്യപ്പെട്ടുകൊണ്ട് സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ നിയമസഭയിൽ സബ്മിഷൻ അവതരിപ്പിച്ചു.

വടക്കാഞ്ചേരി മണ്ഡലത്തിലെ കിഫ്‌ബി പദ്ധതിയായ വടക്കാഞ്ചേരി ബൈപാസ് പദ്ധതിയുടെ അലൈൻമെന്റ് പൂർണ്ണമാകാത്തത് അകമലയിൽ വരേണ്ട റെയിൽവേ മേൽപ്പാലത്തിന് സ്ഥലം നിശ്ചയിച്ചു നൽകുന്നതിന് റെയിൽവേ വരുത്തുന്ന കാലതാമസമാണ്. റെയിൽവേയുടെ ഭാഗത്തുനിന്നും ഉണ്ടാവുന്ന മെല്ലെപ്പോക്കും, അവഗണനാപരമായ സമീപനവും റെയിൽവേ വികസനത്തെ മാത്രമല്ല, വടക്കാഞ്ചേരി മണ്ഡലത്തിന്റെ പൊതുവികസനത്തെ തന്നെ ബാധിക്കുന്നുണ്ടെന്ന് എം എൽ എ സബ്മിഷൻ അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു.  

യാത്രക്കാർ ദീർഘകാലമായി ആവശ്യപ്പെടുന്ന ട്രെയിനുകൾക്ക് വടക്കാഞ്ചേരിയിൽ സ്റ്റോപ്പ് അനുവദിക്കുകയും കോവിഡ് കാലത്ത് നിർത്തലാക്കിയ ട്രെയിനുകളുടെ സ്റ്റോപ്പുകൾ പുനഃ:സ്ഥാപിക്കുകയും വേണം. ഷൊർണൂർ തൊടാതെ പോകുന്ന എല്ലാ ട്രെയിനുകൾക്കും വടക്കാഞ്ചേരിയിൽ സ്റ്റോപ്പ് അനുവദിക്കണം.

ആയിരക്കണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന തലപ്പിള്ളി താലൂക്ക് ആസ്ഥാനത്ത് നഗരഹൃദയ ഭാഗത്ത് സ്ഥിതിചെയ്യുന്ന വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷന്റെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കണം. പ്ലാറ്റ്ഫോമുകൾ സ്റ്റാൻഡേർഡ് നീളത്തിലും ഉയരത്തിലും നവീകരിക്കണം. ഒന്നും രണ്ടും പ്ലാറ്റ്ഫോമുകളിൽ പൂർണ്ണമായും മേൽക്കൂര നിർമ്മിക്കണം. ട്രെയിനുകൾ പെട്ടെന്ന് നിറുത്തുവാൻ കഴിയുന്ന മെയിൻ ലെയ്ൻ പ്ലാറ്റ്ഫോമുകളാക്കണം. സ്റ്റേഷൻ കെട്ടിടവും കാത്തിരിപ്പ് കേന്ദ്രവും നവീകരിക്കണം. ഭിന്നശേഷി സഹൃദമാക്കി പോർട്ടിക്കോ നവീകരിക്കുകയും, ടോയ് ലറ്റ് കോംപ്ലക്സ് നിർമ്മിക്കുകയും റെസ്റ്റോറെന്റ് സൗകര്യമൊരുക്കുകയും വേണം. ഈ ആവശ്യങ്ങൾ ഉൾപ്പെടുന്ന വടക്കാഞ്ചേരി റെയിൽ സ്റ്റേഷന്റെ അടിസ്ഥാന സൗകര്യ വികസനം നടപ്പിലാക്കണമെന്ന് എം എൽ എ ആവശ്യപ്പെട്ടു. 

റെയിൽവേ കോളനി ഭാഗത്തേയ്ക്ക് സ്റ്റേഷൻ മുറിച്ച് കടക്കാൻ ഫുട്ട് ഓവർ ബ്രിഡ്ജ് നിർമ്മിക്കുന്നത് ഏറെ പ്രയോജനകരമാകും. സ്റ്റേഷനിൽ ലിഫ്റ്റ്/ എസ്‌കലേറ്റർ സൗകര്യം ഏർപ്പെടുന്നത് പരിഗണിക്കുക, പുല്ലാനിക്കാട്‌ പഴയ റെയിൽവേ ഗേറ്റിന്റെ സ്ഥാനത്ത് അടിപ്പാത നിർമ്മിക്കുക തുടങ്ങിയ ആവശ്യങ്ങൾ വടക്കാഞ്ചേരിയെ സംബന്ധിച്ച് വളരെ പ്രധാനപെട്ടതാണെന്നും എം എൽ എ പറഞ്ഞു.ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായി റെയിൽവേ അധികൃതരുമായും, കേന്ദ്ര റെയിൽവേ മന്ത്രാലയവുമായി ബന്ധപ്പെട്ട് സംസ്ഥാന ഗവണ്മെന്റ് കൂടുതൽ ഇടപെടലുകൾ നടത്തണമെന്ന് സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ സബ്മിഷനിലൂടെ ആവശ്യപ്പെട്ടു.

റെയിൽവേ ചുമതല വഹിക്കുന്ന കായിക- ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി അബ്ദു റഹ്മാൻ സബ്മിഷന് മറുപടി പറഞ്ഞു. അമൃത് ഭാരത് സ്റ്റേഷൻ സ്കീമിൽ ഉൾപ്പെടുത്തി വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷൻ നവീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. പുല്ലാനിക്കാട് അടിപ്പാത, റെയിൽവേ കോളനി ഫുട്ട് ഓവർ ബ്രിഡ്ജ് എന്നിവ ഡെപ്പോസിറ്റ് സ്കീമിൽ പരിഗണിക്കാവുന്നതാണെന്ന് റെയിൽവേ അറിയിച്ചതായി മന്ത്രി പറഞ്ഞു. വടക്കാഞ്ചേരി ബൈപാസ് പദ്ധതിയിൽ അകമല റെയിൽവേ മേൽപ്പാലത്തിന്റെ സ്ഥാനം നിർണ്ണയിച്ചു കിട്ടുന്നതിനായി കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന് കത്തയച്ചിട്ടുണ്ടെന്നും സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ യുടെ സബ്മിഷന് മറുപടിയായി മന്ത്രി വി അബ്ദു റഹ്മാൻ നിയമസഭയെ അറിയിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍