ഭൂമിക്കടിയിലെ മുഴക്കം: ഭൗമാന്തർഭാഗത്തെ ചലനങ്ങളുടെ പരിണിതഫലം; ആശങ്കപ്പെടേണ്ടതില്ലെന്ന് ദുരന്തനിവാരണ അതോറിറ്റി


തൃശൂർ ഉൾപ്പെടെ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ അടുത്തിടെ ഭൂമിക്കടയിൽ നിന്നുണ്ടായ മുഴക്കം ഭൗമാന്തർ ഭാഗത്തുണ്ടാകുന്ന ചലനങ്ങളുടെ പരിണിത ഫലമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

കഴിഞ്ഞ മൂന്നാഴ്ചകൾക്കുള്ളിൽ കാസർകോഡ്, കോട്ടയം, തൃശൂർ ജില്ലകളിൽ ചില പ്രദേശങ്ങളിൽ വിവിധ സമയങ്ങളിൽ ഭൂമിക്കടിയിൽ നിന്ന് മുഴക്കം കേൾക്കുന്നതായി റിപ്പോർട്ട് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ടായിരുന്നു ദുരന്തനിവാരണ അതോറിറ്റിയുടെ വിശദീകരണം.

ഭൗമാന്തർ ഭാഗത്തുണ്ടാകുന്ന ചെറിയ ചലനങ്ങളുടെ പരിണിത ഫലമായാണ് കേരളത്തിലെ പല സ്ഥലങ്ങളിലും ചെറിയ അളവിലുള്ള വിറയലും ഭൂമിക്കടിയിൽ നിന്നുള്ള ശബ്ദവും കേൾക്കുന്നത്. ചെറിയ അളവിൽ ഉണ്ടാകുന്ന മർദം പുറംതള്ളുന്നതുകൊണ്ട് മറ്റു പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെ വിരളമാണ്.

ചെറിയ തോതിലുള്ള ചലനങ്ങൾ ആയതിനാൽ നാഷണൽ സെന്റർ ഫോർ സിസ്‌മോളജിയുടെ നിരീക്ഷണ കേന്ദ്രങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, ഡൽഹി ആസ്ഥാനമായിട്ടുള്ള നാഷണൽ സെന്റർ ഫോർ സിസ്‌മോളജിയുമായി ചേർന്ന് സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും അറിയിപ്പിൽ പറയുന്നു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍