ജനവാസ മേഖലയിലിറങ്ങിയ അരിക്കൊമ്പനെ തമിഴ്‌നാട് മയക്കുവെടിവച്ചു.

ജനവാസ മേഖലയിലിറങ്ങിയ അരിക്കൊമ്പനെ തമിഴ്‌നാട് വനംവകുപ്പ് അധികൃതര്‍ മയക്കുവെടിവച്ചു. തിങ്കളാഴ്ച രാത്രി 12.30നാണ് പൂശാനംപെട്ടിക്ക് സമീപത്തുവച്ച് അരിക്കൊമ്പനെ മയക്കുവെടിവച്ചത്. സ്ഥലത്തുനിന്ന് മാറ്റുന്നതിനായി പിന്നീട് എലിഫന്റ് ആംബുലന്‍സിലേക്ക് മാറ്റി. എവിടേക്കാണ് മാറ്റുന്നത് എന്നകാര്യം പുറത്തുവിട്ടിട്ടില്ല. 



രണ്ടുഡോസ് മയക്കുവെടിവെച്ചു എന്നാണ് പുറത്തുവരുന്ന വിവരം. ആരോഗ്യനിലയടക്കം പരിശോധിച്ചശേഷമാവും അരിക്കൊമ്പനെ എവിടേക്ക് മാറ്റണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. അരിക്കൊമ്പനെ മാറ്റുന്നതിനായി മൂന്ന് കുങ്കിയാനകളെ തമിഴ്‌നാട് വനംവകുപ്പ് സ്ഥലത്തെത്തിച്ചിട്ടുണ്ട്.



മൂന്നാറിലെ ചിന്നക്കനാലില്‍ ഏറെക്കാലം ഭീതി പരത്തിയ അരിക്കൊമ്പനെ കേരള വനംവകുപ്പിന്റെ നേതൃത്വത്തിലുള്ള ദൗത്യസംഘം മയക്കുവെടിവച്ച് സ്ഥലത്തുനിന്ന് മാറ്റിയിരുന്നു. കഴിഞ്ഞ ഏപ്രില്‍ 29-നാണ് മയക്കുവെടിവച്ചത്. പെരിയാര്‍ കടുവ സങ്കേതത്തിലേക്ക് മാറ്റിയ അരിക്കൊമ്പന്‍ വീണ്ടും ജനവാസ മേഖലയിലിറങ്ങി. ദിവസങ്ങള്‍ക്കുമുമ്പ് കമ്പം ടൗണിലിറങ്ങിയ അരിക്കൊമ്പന്‍ നിരവധി വാഹനങ്ങള്‍ തകര്‍ത്തിരുന്നു. ആനയെക്കണ്ട് വാഹനത്തിനിന്ന് ഇറങ്ങിയോടുന്നതിനിടെ വീണ് പരിക്കേറ്റ ഒരാള്‍ പിന്നീട് മരിക്കുകയും ചെയ്തിരുന്നു. 



അതിനിടെ, അരിക്കൊമ്പന്‍ ജനവാസ മേഖലയിലേക്ക് ഇറങ്ങാതിരിക്കാന്‍ അരിയും ചക്കയും വാഴക്കുലയും അടക്കമുള്ളവ തമിഴ്‌നാട് വനംവകുപ്പ് അധികൃതര്‍ കാട്ടിലെത്തിച്ചെങ്കിലും ഫലമുണ്ടായില്ല. അരിക്കൊമ്പന്റെ നീക്കങ്ങള്‍ നിരീക്ഷിച്ച വനംവകുപ്പ് അധികൃതര്‍ ആന വീണ്ടും ജനവാസ മേഖലയില്‍ ഇറങ്ങിയാല്‍ മയക്കുവെടി വെക്കുമെന്ന് വ്യക്തമാക്കി. പിന്നാലെയാണ് മാസങ്ങള്‍ക്കിടെ രണ്ടാം തവണയും മയക്കുവെടി വച്ചത്.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍